ദിസ്പൂർ: സനാതനധർമത്തെ കുറിച്ചല്ല മുസ്ലിങ്ങളെ കുറിച്ചായിരുന്നു പരാമർശമെങ്കിൽ പ്രതിപക്ഷ സഖ്യമായ ഇൻഡ്യയുടെ പ്രതികരണം വ്യത്യസ്തമാകുമായിരുന്നേനെയെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. രാഹുൽ ഗാന്ധി തെരഞ്ഞെടുപ്പ് ആവശ്യങ്ങൾക്ക് മാത്രമുള്ള ഹിന്ദുവാകുന്നയാളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നരസിംഗപൂര ജില്ലയിൽ വെച്ച് നടന്ന ബി.ജെ.പിയുടെ ജൻ ആഷിർവാദ് യാത്രയെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്‍റെ പരാമർശം. കോടിക്കണക്കിന് ജനങ്ങളുടെ തപസ്സ് കൊണ്ടാണ് സനാതനധർമം അയ്യായിരം വർഷത്തോളമായി നിലനിൽക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. "സനാതനധർമം സൂര്യനും ചന്ദ്രനും നിലനിൽക്കുന്നത്രയും കാലം ഉണ്ടാകും. ഇൻഡ്യ സഖ്യം സനാതനധർമത്തിനെതിരായ പരാമർശങ്ങളെയെല്ലാം അഭിപ്രായ സ്വാതന്ത്ര്യം എന്നാണ് മുദ്രകുത്തുന്നത്. ഈ സ്ഥാനത്ത് ഒരാൾ മുസ്ലിങ്ങളെ കുറിച്ചാണ് പറഞ്ഞിരുന്നതെങ്കിൽ അവനെ ആ രാത്രി തന്നെ കോൺഗ്രസ് പുറത്താക്കിയേനെ. ബി.ജെ.പിക്ക് മുസ്ലിങ്ങൾക്കെതിരെ സംസാരിക്കണമെന്നില്ല. പ്രതിപക്ഷ പാർട്ടികളും ഹിന്ദുക്കളെ കുറിച്ചോ സനാതനത്തെ കുറിച്ചോ ഒന്നും സംസാരിക്കരുത്. ഞങ്ങൾ എല്ലാ മതങ്ങളേയും ഒരുപോലെ വിശ്വസിക്കുന്നവരാണ്" - ശർമ പറഞ്ഞു.
തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ജയിച്ച ശേഷം രാഹുൽ ഗാന്ധി ക്ഷേത്രത്തിൽ പോയിട്ടില്ലെന്നും അദ്ദേഹത്തിന്‍റേത് കപട ഹിന്ദുത്വ വിശ്വാസമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ജനങ്ങളുടെ ക്ഷേമത്തിനായി നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന ഏകീകൃത സിവിൽ കോഡിനെതിരെ സംസാരിക്കാൻ കോണ്ഗ്രസിന് എങ്ങനെ സാധിക്കുന്നുവെന്നതിൽ അത്ഭുതമുണ്ട്. ബി.ജെ.പിയാണോ രാജ്യമാണോ വലുത് എന്ന് ചോദിച്ചാൽ രാജ്യമാണ് എന്നായിരിക്കും ബി.ജെ.പിയുടെ മറുപടി. പക്ഷേ ഒരു കോൺഗ്രസുകാരനോട് രാജ്യമാണോ ഗാന്ധി കുടുംബമാണോ വലുത് എന്ന് ചോദിച്ചാൽ അവൻ ഇടറും. മഹാത്മാഗാന്ധിയുടേയോ സുബാഷ് ചന്ദ്ര ബോസിന്‍റെയോ ഒക്കെ പേര് കൂടെ ച്ചേർത്തതുകൊണ്ട് ആർക്കും അവരെ പോലെയാകാൻ സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.