ന്യൂഡൽഹി: ഒന്നിന് പിറകെയൊന്നായി കോടതി വിധികൾവന്നിട്ടും ഉത്തർപ്രദേശ് സർക്കാറും പൊലീസും കനിയാത്തതുമൂലം മാധ്യമപ്രവർത്തകനായ സിദ്ദീഖ് കാപ്പന്റെയും കൂടെ അറസ്റ്റിലായ ഡ്രൈവർ മുഹമ്മദ് ആലമിന്റെയും മോചനം നീളുന്നു.കോടതി വിധി പ്രകാരമുള്ള ആൾജാമ്യമായി ആളുകൾ ‘സ്വയം ഹാജരായിട്ടും അവർ സമർപ്പിച്ച രേഖകളുടെ പരിശോധന പൂർത്തിയായില്ലെന്ന് പറഞ്ഞാണ് യു.പി ഭരണകൂടം മോചനം നീട്ടിക്കൊണ്ടുപോകുന്നത്.
യു.പി പൊലീസും റവന്യൂവകുപ്പും ചേർന്ന് സൃഷ്ടിച്ച നടപടിക്രമത്തിലെ വീഴ്ചയാണ് ഇരുവരുടെയും മോചനത്തിനുള്ള തടസ്സമെന്ന് അഭിഭാഷകർ ചൂണ്ടിക്കാട്ടി. കാപ്പനും ആലമും മോചനമില്ലാതെ ജയിലിൽ തുടരുന്നത് ജാമ്യം ലഭിച്ചിട്ടും നിരവധി മനുഷ്യർ ജയിലുകളിൽ കഴിയുന്ന വലിയൊരു പ്രശ്നത്തിലേക്കുകൂടി രാജ്യത്തിന്റെ ശ്രദ്ധയിലേക്ക് കൊണ്ടുവന്നിരിക്കുകയാണെന്ന് അഭിഭാഷകർ പറഞ്ഞു.
ജാമ്യം ലഭിച്ചിട്ടും ജയിൽ മോചിതരാകാത്തവരുടെ പട്ടിക സമർപ്പിക്കാൻ കഴിഞ്ഞ നവംബർ 30ന് സുപ്രീംകോടതി മുഴുവൻ സംസ്ഥാനങ്ങൾക്കും നിർദേശം നൽകിയിരുന്നു. ദലിത് യുവതിയുടെ കൂട്ടമാനഭംഗക്കൊല നടന്ന ഹഥറസിലേക്കുള്ള വഴിമധ്യേ 2020 ഒക്ടോബർ അഞ്ചിനാണ് കാമ്പസ് ഫ്രണ്ട് ഭാരവാഹികളും വിദ്യാർഥി നേതാക്കളുമായ അതീഖുർറഹ്മാന്റെയും മസൂദ് അഹ്മദിന്റെയും കൂടെ ഇരുവരും അറസ്റ്റിലായത്.
യു.എ.പി.എയും അനധികൃത പണമിടപാടിനുള്ള പി.എം.എൽ നിയമവും ചുമത്തി ജയിലിലടച്ച ഇവരിൽ ഡ്രൈവറായ മുഹമ്മദ് ആലമിനാണ് കഴിഞ്ഞ ആഗസ്റ്റ് 23ന് ആദ്യമായി ജാമ്യം അനുവദിച്ചത്. ഒക്ടോബർ 31ന് പി.എം.എൽ.എ കേസിൽ പ്രത്യേക ലഖ്നോ കോടതിയും ആലമിന് ജാമ്യം അനുവദിച്ചു. ഈ വിധി വന്ന് രണ്ടുമാസമായിട്ട് ആലമിനെ വിട്ടയക്കാൻ യു.പി ഭരണകൂടം തയാറായിട്ടില്ല.
അഞ്ച് മാസം മുമ്പ് ആലമിന് ജാമ്യം അനുവദിച്ച യു.എ.പി.എ കേസിൽ സമർപ്പിച്ച ജാമ്യരേഖകളുടെ പരിശോധന കഴിഞ്ഞയാഴ്ച മാത്രമാണ് പൂർത്തിയായത്. പി.എം.എൽ.എ കേസിലെ പരിശോധന റിപ്പോർട്ട് ഇനിയും ലഖ്നോയിലെത്തിയിട്ടില്ല. തങ്ങൾക്ക് തൃപ്തികരമായ തരത്തിൽ അന്വേഷണം പൂർത്തിയാക്കണമെന്നും കോടതി അതിന് സമയം നിഷ്കർഷിച്ചിട്ടില്ലെന്നുമാണ് ആലമിന്റെ കാര്യത്തിൽ പൊലീസ് പറഞ്ഞത് എന്ന് ‘സ്ക്രോൾ’ റിപ്പോർട്ട് ചെയ്തു.
സിദ്ദീഖ് കാപ്പന് സെപ്റ്റംബർ ഒമ്പതിന് സുപ്രീംകോടതി യു.എ.പി.എ കേസിൽ ജാമ്യം അനുവദിച്ചതിനെത്തുടർന്ന് ആൾജാമ്യത്തിന് തയാറായ ലഖ്നോ സർവകലാശാല മുൻ വൈസ് ചാൻസലർ രൂപ് രേഖ വർമ തന്റെ കാറാണ് ബോണ്ടായി സമർപ്പിച്ചത്.
രണ്ടാമത്തെ ആൾജാമ്യത്തിന് ബാങ്ക് അക്കൗണ്ടും ബോണ്ടായി സമർപ്പിച്ചു. മൂന്ന് മാസമായി പൂർത്തിയാകാത്ത ഇതിന്റെ പരിശോധന പ്രക്രിയ കഴിഞ്ഞ് കാപ്പന്റെ പാസ്പോർട്ട് കോടതിയിൽ സമർപ്പിച്ച ശേഷമാണ് നടപടികൾ പൂർത്തിയാകുക. മലയാളിയായതിനാൽ യു.എ.പി.എ കേസിൽ യു.പിയിൽ ജാമ്യത്തിന് ആളെക്കിട്ടാൻ പ്രയാസപ്പെട്ട കാപ്പന് ഇനി പി.എം.എൽ.എ കേസിലും ജാമ്യക്കാരെ കണ്ടെത്തുകയും അവരുടെ പരിശോധന പൂർത്തിയാക്കുകയും ചെയ്യേണ്ടതുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.