ബംഗളൂരു: ചന്ദ്രയാൻ-3 ദൗത്യത്തിലെ പര്യവേക്ഷണ ഘട്ടത്തിൽ പ്രഗ്യാൻ റോവറിന്റെ പരീക്ഷണ ഉപകരണങ്ങൾ (പേലോഡുകൾ) പ്രവർത്തിച്ചുതുടങ്ങി. 26 കിലോ ഭാരമുള്ള റോബോട്ടിക് വാഹനമായ റോവർ ചന്ദ്രോപരിതലത്തിൽ എട്ടുമീറ്റർ സഞ്ചരിച്ചതായി ഐ.എസ്ആർ.ഒ അറിയിച്ചു. ചന്ദ്രോപരിതലത്തിലെ രാസ പദാർഥങ്ങളുടെയും ഖനിജദ്രവ്യങ്ങളുടെയും സങ്കലനം സംബന്ധിച്ച പരീക്ഷണത്തിനുപയോഗിക്കുന്ന എ.പി.എക്സ്.എസ് (ആൽഫ പാർട്ടിക്ൾ എക്സ്-റേ സ്പെക്ട്രോമീറ്റർ), ചന്ദ്രനിലെ മണ്ണിന്റെയും പാറകളുടെയും ഘടകങ്ങളെ കുറിച്ച് വിവരം നൽകുന്ന ലിബ്സ് (ലേസർ ഇൻഡ്യുസ്ഡ് ബ്രേക്ക്ഡൗൺ സ്പെക്ട്രോസ്കോപ്) എന്നിവയാണ് റോവറിലെ ഉപകരണങ്ങൾ. ചന്ദ്രനിലെ മണ്ണിലടങ്ങിയിരിക്കുന്ന മഗ്നീഷ്യം, അലുമിനിയം, സിലിക്കൺ, പൊട്ടാസ്യം, കാൽസ്യം, അയൺ, ടൈറ്റാനിയം എന്നീ മൂലകങ്ങളുടെ ഘടനയെ കുറിച്ചാണ് ‘ലിബ്സ്’ പേലോഡ് പരീക്ഷണത്തിലേർപ്പെടുക. ചന്ദ്രനിലെ 99 ശതമാനം മണ്ണും പാറകളും ഈ ഏഴു മൂലകങ്ങൾ അടങ്ങിയതാണെന്നാണ് ശാസ്ത്ര കണ്ടെത്തൽ.
പ്രൊപൽഷൻ മൊഡ്യൂളിലെ പരീക്ഷണ ഉപകരണമായ ‘ഷെയ്പ്’ ഞായറാഴ്ചയും ലാൻഡറിലെ പരീക്ഷണ ഉപകരണങ്ങളായ ഇൽസ, രംഭ, ചാസ്തെ എന്നിവ വ്യാഴാഴ്ചയും പ്രവർത്തനം ആരംഭിച്ചിരുന്നു. ഇതോടെ ദൗത്യത്തിലെ മുഴുവൻ പേലോഡുകളും പരീക്ഷണ സജ്ജമായി. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലെ ആദ്യ പര്യവേക്ഷണമാണ് ചന്ദ്രയാൻ-3 നടത്തുന്നത് എന്നതിനാൽ, ഈ മേഖലയിൽ കോടിക്കണക്കിന് വർഷങ്ങളായി സൂര്യവെളിച്ചമേൽക്കാതെ ഇരുണ്ടുകിടക്കുന്ന അഗാധ ഗർത്തങ്ങളും അവക്കുള്ളിലെ തണുത്തുറഞ്ഞു കിടക്കുന്ന ജലകണങ്ങളും സംബന്ധിച്ച വിവരങ്ങളിലേക്ക് സൂചന നൽകാൻ ദൗത്യത്തിനായേക്കുമെന്നാണ് പ്രതീക്ഷ.
ലാൻഡറിൽനിന്ന് റോവർ പുറത്തിറങ്ങുന്ന സമയത്തെ വിഡിയോ ദൃശ്യങ്ങൾ ലാൻഡറിലെ കാമറ പകർത്തിയത് ഐ.എസ്.ആർ.ഒ വെള്ളിയാഴ്ച പുറത്തുവിട്ടു. റോവറിന് പുറത്തിറങ്ങാനുള്ള റാംപായി മാറിയത് ലാൻഡറിന്റെ സൈഡ് പാനലായിരുന്നു. ഈ റാംപിലൂടെ റോവർ സാവധാനം ചന്ദ്രോപരിതലത്തിലേക്കിറങ്ങുന്നതാണ് ദൃശ്യങ്ങളിലുള്ളത്. റോവറിന്റെ നിശ്ചയിച്ച സഞ്ചാരഗതി പരിശോധിച്ച് ഉറപ്പുവരുത്തിയതായി ഐ.എസ്.ആർ.ഒ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.