ന്യൂഡൽഹി: ഇന്ത്യൻ വിമാന കമ്പനികൾക്കുനേരെ ആറു മാസത്തിനിടെ നടക്കുന്നത് രണ്ടാമത്തെ സൈബർ ആക്രമണം. ഇക്കഴിഞ്ഞ ഡിസംബറിൽ സ്വകാര്യ വിമാന സർവിസ് കമ്പനിയായ ഇൻഡിഗോക്ക് നേരെയും ഹാക്കർമാർ ആക്രമണം നടത്തിയിരുന്നു. കമ്പനിയുടെ ചില രഹസ്യ വിവരങ്ങൾ പൊതു വെബ്സൈറ്റുകളിൽ അപ്ലോഡ് ചെയ്യാൻ സാധ്യതയുണ്ടെന്ന് കമ്പനി അന്ന് മുന്നറിയിപ്പു നൽകുകയും ചെയ്തിരുന്നു. എന്നാൽ, കാര്യമായ ഡേറ്റ നഷ്ടം അന്നുണ്ടായിട്ടില്ല.
വെള്ളിയാഴ്ച എയർ ഇന്ത്യയുടെ 45 ലക്ഷം യാത്രക്കാരുടെ വിവരങ്ങൾ ചോർത്തിയ ഹാക്കർമാരുടെ പ്രവർത്തന മണ്ഡലം ഏതെന്ന് ഇനിയും വ്യക്തമായിട്ടില്ലെങ്കിലും ചൈന ഉൾപ്പെടെയുള്ള രാജ്യങ്ങൾ ഇതിനു പിന്നിലുണ്ടെന്ന് സംശയിക്കുന്നു.
ജനീവ ആസ്ഥാനമായി പ്രവർത്തിക്കുന്ന എസ്.ഐ.ടി.എ പി.എസ്.എസ് (സിത) എന്ന കമ്പനിയാണ് എയർ ഇന്ത്യ യാത്രക്കാരുടെ വ്യക്തിവിവരങ്ങൾ സൂക്ഷിക്കുന്നതും കൈകാര്യം ചെയ്യുന്നതും. ഫെബ്രുവരി 25ന് ഈ പ്രോസസറിൽനിന്ന് വിവരങ്ങൾ ചോരുന്നതായി എയർ ഇന്ത്യക്ക് ആദ്യ അറിയിപ്പ് ലഭിച്ചിട്ടുണ്ടെങ്കിലും മോഷ്ടിക്കപ്പെട്ട ഡേറ്റകളുടെ വിവരങ്ങൾ ലഭിച്ചത് മാർച്ച് മൂന്നിനും ഏപ്രിൽ അഞ്ചിനുമാണെന്നാണ് അധികൃതരുടെ വിശദീകരണം.
കഴിഞ്ഞ പത്തു വർഷത്തിനിടെ എയർ ഇന്ത്യ വഴി യാത്ര ചെയ്ത ലോകത്താകമാനമുള്ള യാത്രക്കാരുടെ വിവരങ്ങളാണ് ഹാക്കർമാരുടെ കൈകളിലെത്തിയിരിക്കുന്നത്. സംഭവത്തിൽ അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെങ്കിലും ഏത് രാജ്യത്തു നിന്നാണ് ആക്രമണമെന്നത് വ്യക്തമായിട്ടില്ല. പ്രോസസറുകളുടെ തകരാറുകൾ പരിഹരിച്ച് മുന്നോട്ടുപോകാനുള്ള നടപടി ആരംഭിച്ചിട്ടുണ്ടെങ്കിലും െക്രഡിറ്റ് കാർഡുകളുടെ പാസ്വേഡ് മാറ്റുന്നതടക്കമുള്ള മുൻകരുതൽ നടപടി സ്വീകരിക്കണമെന്നാണ് എയർ ഇന്ത്യ യാത്രക്കാരോട് അഭ്യർഥിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.