കൊൽക്കത്ത: റിമാൽ ചുഴലിക്കാറ്റിനെ തുടർന്ന് താത്കാലികമായി നിർത്തിവെച്ച വിമാന സർവീസുകൾ പുനരാരംഭിച്ചു. 21 മണിക്കൂറിന് ശേഷമാണ് സർവീസുകൾ പുനരാരംഭിച്ചത്. തിങ്കളാഴ്ച ആദ്യം പുറപ്പടേണ്ട ഇൻഡിഗോയുടെ കൊൽക്കത്ത-പോർട്ട് ബ്ലെയർ വിമാനം രാവിലെ 8.59 ന് പുറപ്പെട്ടു. കൊൽക്കത്തയിൽ ആദ്യം ഇറങ്ങിയത് സ്‌പൈസ് ജെറ്റിൻ്റെ ഗുവാഹത്തിയിൽ നിന്നുള്ള വിമാനമായിരുന്നു. രാവിലെ 09.50നാണ് വിമാനം ലാൻഡ് ചെയ്തതെന്ന് എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ അറിയിച്ചു. മറ്റ് ചില വിമാനങ്ങൾക്കായി ചെക്ക്-ഇൻ ഓണായിരുന്നുവെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
കൊൽക്കത്ത വിമാനത്താവളത്തിൽ നിന്ന് ഞായറാഴ്ച ഉച്ചയ്ക്ക് 12.16നായിരുന്നു അവസാന വിമാനം. വിമാന സർവീസുകൾ പുനരാരംഭിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചെങ്കിലും സ്ഥിതിഗതികൾ സാധാരണ നിലയിലാകാൻ ഇനിയും സമയമെടുക്കുമെന്ന് ഉദ്യോഗസ്‌ഥർ അറിയിച്ചു.
റിമാൽ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ ഞായറാഴ്ച ഉച്ച മുതൽ 21 മണിക്കൂർ വിമാന സർവീസുകൾ നിർത്തിവയ്ക്കാൻ കൊൽക്കത്ത വിമാനത്താവള അധികൃതർ നേരത്തെ തീരുമാനിച്ചിരുന്നു. ശനിയാഴ്ച നടന്ന വിമാനത്താവള ഓഹരി ഉടമകളുടെ യോഗത്തിന് ശേഷമാണ് മുൻകരുതൽ എന്ന രീതിയിൽ സർവീസുകൾ നിർത്തിവെക്കാൻ തീരുമാനിച്ചത്.
അതേസമയം ഞായറാഴ്ച അർധരാത്രിയോടെ കരതൊട്ട റിമാൽ ചുഴലിക്കാറ്റ് കൊൽക്കത്ത ഉൾപ്പെടെ പശ്ചിമ ബംഗാളിൻ്റെ തെക്കൻ മേഖലയിൽ കനത്ത നാശനഷ്ടമാണ് ഉണ്ടാക്കിയത്. തീരമേഖലയിൽ താമസിക്കുന്ന ഒരു ലക്ഷത്തോളം ആളുകളെ മാറ്റി പാർപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.