ലഖ്നോ: ''ദലിതരായതാണ് ഞങ്ങൾ ചെയ്ത പാപം....''-ഹഥ്റാസിൽ ബലാത്സംഗത്തിനിരയായി ക്രൂരമായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ അമ്മയുടെ വിലാപം ഇങ്ങനെ. അവസാനമായി ഒരുനോക്ക് കാണാൻ പോലും അനുവദിക്കാതെ പൊലീസുകാർ കത്തിച്ചുകളഞ്ഞ മകളുടെ ദൈന്യതയിൽ കരച്ചിൽ നിർത്താത്ത ആ അമ്മയെയും ബന്ധുക്കളെയും ആശ്വസിപ്പിക്കാൻ അയൽവാസികളാരും എത്തിനോക്കുകപോലുമുണ്ടായില്ല. ഠാക്കൂറുകളും ബ്രാഹ്മണരുമാണ് കുടുംബത്തിെൻറ അയൽവാസികൾ. ''അവരുടെ കൃഷിയിടങ്ങളിലാണ് ഞങ്ങളുടെ അന്നം. ഒരേ ഒരു തവണയെങ്കിലും ആശ്വാസവാക്കുകളുമായി ആരെങ്കിലും വരുമെന്ന് പ്രതീക്ഷിച്ചിരുന്നു. പക്ഷേ....'' വാക്കുകൾ മുഴുമിപ്പിക്കാനാകാതെ അമ്മയുടെ കണ്ണുകൾ നിറഞ്ഞു.
ഹഥ്റാസിൽ ദലിതർ ന്യൂനപക്ഷമാണ്. ഭൂരിഭാഗവും ഠാക്കൂർ, ബ്രാഹ്മണ ജാതിക്കാരാണ്. ക്ഷേത്രത്തിലേക്ക് ദലിതർക്ക് പ്രവേശനമില്ല. അവർക്ക് പ്രത്യേകം ശ്മശാനമാണ്. കടയിൽ പോകുന്ന ദലിതർ ഒരു മീറ്റർ അകലം പാലിച്ചുനിൽക്കണം. ദലിതർ മരിച്ചാൽ മൃതദേഹം പുറത്തുവെക്കാൻ പാടില്ല. നിവർന്നുനിൽക്കാൻ പോലും ഉയരമില്ലാത്ത കുടിലിൽ തന്നെ കിടത്തണം. മുഖ്യ റോഡിലൂടെ വിവാഹ ആഘോഷം പാടില്ല. സ്കൂളിൽ ദലിത് കുട്ടികളോട് ഉയർന്ന ജാതിക്കാരായ കുട്ടികൾ മിണ്ടാറില്ല... ഇതൊക്കെയാണ് ഹഥ്റാസ് കൊലപാതകത്തിെൻറ പശ്ചാത്തലത്തിൽ സ്ഥലം സന്ദർശിച്ച മാധ്യമപ്രവർത്തകർക്ക് അനുഭവിച്ചറിയാനായത്. പ്രാദേശിക പഞ്ചായത്ത് യോഗങ്ങളിൽ പ്രവേശനമില്ലാത്തതിനാൽ തങ്ങളുടെ പ്രശ്നങ്ങൾ ആരുടെ മുന്നിലും അവതരിപ്പിക്കാനും ദലിതർക്ക് അവസരമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.