ന്യൂഡൽഹി: ‘ഫാഷിസ്റ്റ് ബി.ജെ.പി തുലയട്ടെ’ എന്ന മുദ്രാവാക്യം വിളിക്കുന്നത് കുറ്റകരമല്ലെന്ന് മദ്രാസ് ഹൈകോടതി. തമിഴ്നാട് ബി.ജെ.പി മുൻ അധ്യക്ഷനും തെലങ്കാന ഗവർണറുമായ തമിഴിസൈ സൗന്ദരരാജൻ സഞ്ചരിച്ച വിമാനത്തിലും വിമാനത്താവളത്തിലും ബി.ജെ.പി സർക്കാറിനെതിരെ മുദ്രാവാക്യം വിളിച്ച ലോയിസ് സോഫിയ എന്ന സ്ത്രീക്കെതിരായ എഫ്.ഐ.ആർ റദ്ദാക്കിയാണ് കോടതിയുടെ പരാമർശം.
‘ഫാഷിസ്റ്റ് ബി.ജെ.പി ഡൗൺ’ എന്ന മുദ്രാവാക്യം കുറ്റകരമല്ലെന്നും അത് നിസ്സാര കാര്യമാണെന്നും കോടതി പറഞ്ഞു. ഗവേഷകയായ ലോയിസ് സോഫിയ തൂത്തുക്കുടി വിമാനത്താവളത്തിലും വിമാനത്തിലുമാണ് മുദ്രാവാക്യം മുഴക്കിയത്. തുടർന്ന് അറസ്റ്റ് ചെയ്ത ഇവർക്ക് അടുത്ത ദിവസം തന്നെ ജാമ്യം ലഭിച്ചിരുന്നു. മദ്രാസ് സിറ്റി പൊലീസ് നിയമത്തിലെ പൊതു ശല്യം, പൊതുസ്ഥലങ്ങളിലെ അസഭ്യമായ പെരുമാറ്റം എന്നീ വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയത്. വ്യോമയാന സുരക്ഷ നിയമം 1982ലെ നിയമവിരുദ്ധ നിയമങ്ങൾ അടിച്ചമർത്തൽ പ്രകാരം കേസ് രജിസ്റ്റർ ചെയ്യുന്നതിൽ പൊലീസ് പരാജയപ്പെട്ടുവെന്ന് ബി.ജെ.പി തമിഴ്നാട് അധ്യക്ഷനും കേസിലെ കക്ഷിയുമായ കെ. അണ്ണാമലൈ വാദിച്ചു. എന്നാൽ ഒരു വാക്ക് ഉച്ചരിക്കുന്നത് വിമാനത്തിന്റെ സുരക്ഷയെ അപകടപ്പെടുത്തില്ലെന്ന് ചൂണ്ടിക്കാട്ടി കോടതി അത് തള്ളി.
പൊതു ശല്യം ഉണ്ടാക്കൽ എന്ന വകുപ്പ് ചുമത്താനുള്ളതൊന്നും സോഫിയയുടെ നടപടിയിലില്ലെന്ന് മധുര ബെഞ്ചിലെ ജസ്റ്റിസ് പി. ധനബാൽ പറഞ്ഞു. കേസിൽ പൊലീസ് നടപടിക്രമം പാലിച്ചില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.