ആരെന്നോ, എത്രമാത്രം പ്രിയപ്പെട്ടവരെന്നോ നോക്കാതെ കോവിഡ് കവർന്നെടുത്ത പതിനായിരക്കണക്കിന് ജീവിതങ്ങളിലൊന്നായി ഇന്ത്യൻ പരിസ്ഥിതി മുന്നേറ്റങ്ങളുടെ നിർമലമുഖം സുന്ദർലാൽ ബഹുഗുണയും യാത്രയായി. ഉത്തരഖണ്ഡിലെ തെഹ്രി ഗഡ്വാളിൽ 1927ൽ ജനിച്ച സുന്ദർലാൽ ഗാന്ധിയൻ തത്ത്വങ്ങളിൽ ആകൃഷ്ടനായി 13ാം വയസ്സിൽ സ്വാതന്ത്ര്യ മുന്നേറ്റത്തിൽ പങ്കുചേർന്നു. 17ാം വയസ്സിൽ അറസ്റ്റു വരിച്ചു.
സ്വാതന്ത്ര്യം നേടിയെങ്കിലും രാജ്യത്തെ വരിഞ്ഞു മുറുക്കിയിരുന്ന ജാതിയുടെ ചങ്ങലക്കെതിരെയായിരുന്നു ആദ്യപോരാട്ടം. ശുചീകരണ തൊഴിലാളികളുടെ മക്കൾക്കായി തുടങ്ങിയ പാഠശാല ജനങ്ങൾക്കിടയിൽ വിപ്ലവവും മേൽജാതിക്കാർക്കിടയിൽ വലിയ വിവാദവുമായി.
സാമൂഹികപ്രവർത്തകരായ മിരാ ബെഹൻ, തക്കർ ബപ എന്നിവരുമായുള്ള ചങ്ങാത്തവും വിമല ബഹുഗുണയുമായുള്ള വിവാഹവും ആക്ടിവിസത്തിന് കരുത്ത് പകർന്നു. വിനോബ ഭാവെയുടെ ആഹ്വാനപ്രകാരം മലയോര ഗ്രാമങ്ങളിലേക്ക് നടത്തിയ പദയാത്രയിലാണ് രാജ്യത്തിെൻറ സുരക്ഷക്കും പരിസ്ഥിതിക്കും കാവൽ നിൽക്കുന്ന ഹിമാലയം നേരിടുന്ന ഭീഷണികളെക്കുറിച്ച് തിരിച്ചറിയുന്നത്. അതായിരുന്നു വനനശീകരണത്തിനെതിരായ പോരാട്ടങ്ങളിൽ തലമുറകളെ പ്രചോദിപ്പിച്ച ചിപ്കോ പ്രസ്ഥാനത്തിെൻറ തുടക്കം.
പരിസ്ഥിതിപ്രവർത്തനങ്ങളെ പുരസ്കരിച്ച് 1981ൽ രാഷ്ട്രം പത്മശ്രീ ബഹുമതി നൽകിയെങ്കിലും സ്വീകരിച്ചില്ല, വനനശീകരണത്തിെൻറ ഫലമായി ഭാരതാംബയുടെ രക്തവും മാംസവും ഹിമാലയത്തിലെ മേൽമണ്ണിെൻറ രൂപത്തിൽ ഒലിച്ചൊഴുകി പോകുന്ന കാലത്ത് ഇത്തരമൊരു പുരസ്കാരം സ്വീകരിക്കാൻ അയോഗ്യനാണ് എന്നായിരുന്നു അതേക്കുറിച്ച് പ്രതികരിച്ചത്. വനങ്ങളെ കൊള്ളയടിച്ചുള്ള 'വികസനം' ഇല്ലാതാക്കാനായില്ലെങ്കിലും ഏറെക്കാലം തടഞ്ഞു നിർത്താൻ ഈ വൃദ്ധതാപസെൻറ നേതൃത്വത്തിലെ സമരങ്ങൾക്ക് സാധിച്ചുവെന്നു തന്നെ പറയാം.
1987ൽ ബദൽ നൊേബൽ സമ്മാനം എന്നറിയപ്പെടുന്ന റൈറ്റ് ടു ലൈവ്ലിഹുഡ് പുരസ്കാരം തേടിയെത്തി. 2009ൽ പത്മവിഭൂഷൺ നൽകി ആദരിച്ചു. ഒരു തത്ത്വദീക്ഷയുമില്ലാതെ തെഹ്രിയിൽ അണക്കെട്ടുകൾ നിർമിച്ചു കൂട്ടുന്നതിനും ടൂറിസം വികസനത്തിനെന്ന പേരിൽ ഹിമാലയത്തിെൻറ നെഞ്ചിൻകൂട് തകർക്കുന്നതിനുമെതിരെ ഏറെ മുന്നറിയിപ്പുകൾ നൽകി ബഹുഗുണ. മുന്നറിയിപ്പുകളെയും മുറവിളികളെയും കേട്ടില്ലെന്ന് നടിച്ചതിെൻറ ഫലമായി ഉത്തരഖണ്ഡിനെയും സമീപമേഖലകളെയും പാരിസ്ഥിതിക ദുരന്തങ്ങൾ കശക്കിയെറിയുന്നത് നിസ്സഹായരായി നോക്കി നിൽക്കേണ്ടി വന്നു നമ്മൾ.
ജീവിതം മുഴുവൻ പ്രകൃതിയുടെ പാട്ടുകൾ പാടിയും ദുരന്തങ്ങളെക്കുറിച്ച് മുന്നറിയിപ്പുകൾ മുഴക്കിയും ഭൂമിയാകെ പറന്നു നടന്ന ഒരു പക്ഷിയെപ്പോലെ ഒടുവിലദ്ദേഹം അതിർത്തികൾക്കപ്പുറത്തേക്ക് പറന്നുപോകുന്നു. ഇനി ആ പാട്ടുകളും മുഴക്കങ്ങളും ബാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.