ന്യൂഡൽഹി: ഏറെ നിർണായകമായ രണ്ട് നിരീക്ഷണങ്ങളിലൂടെ ജമ്മു-കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനെതിരെ സമർപ്പിച്ച ഹരജികളിൽ സുപ്രീംകോടതി നിലപാട് വ്യക്തമാക്കി. അഞ്ചംഗ ഭരണഘടന ബെഞ്ചിന് നേതൃത്വം നൽകുന്ന ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിൽനിന്ന് തന്നെയാണ് ജമ്മു-കശ്മീർ കേസിലെ വാദം കേൾക്കൽ വഴിത്തിരിവിലെത്തിച്ച നിരീക്ഷണങ്ങളുമുണ്ടായത്.
ഭരണഘടനയുടെ 370ാം അനുച്ഛേദത്തിനൊപ്പം മോദി സർക്കാർ റദ്ദാക്കിയ ജമ്മു-കശ്മീരിന് പ്രത്യേക അവകാശങ്ങൾ വകവെച്ചുകൊടുത്ത 35-എ അനുച്ഛേദം ഇന്ത്യക്കാരുടെ മൗലികാവകാശങ്ങൾ ഹനിച്ചിരുന്നുവെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
മറ്റു സംസ്ഥാനങ്ങളിലുള്ളവരുടെ ജമ്മു-കശ്മീരിൽ സ്ഥിര താമസമാക്കാനുള്ള അവകാശം, സംസ്ഥാന സർക്കാർ ജോലിയിൽ തുല്യ അവസരം, സ്വത്ത് സമ്പാദനത്തിനുള്ള അവകാശം എന്നിവ ഇത്തരത്തിൽ എടുത്തുകളഞ്ഞവയിൽപെടുമെന്നും ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. കേന്ദ്ര സർക്കാറിനുവേണ്ടി വാദിച്ച സോളിസിറ്റർ ജനറൽ (എസ്.ജി) തുഷാർ മേത്ത ചീഫ് ജസ്റ്റിസിന്റെ നിലപാടിനെ പിന്തുണച്ചു.
അതേസമയം, ജമ്മു-കശ്മീരിൽനിന്ന് എടുത്തുകളഞ്ഞ സംസ്ഥാന പദവി നിർണിത സമയപരിധിക്കകം തിരിച്ചുനൽകണമെന്നും എന്നെന്നേക്കുമായി ജമ്മു-കശ്മീരിനെ കേന്ദ്ര ഭരണപ്രദേശമായി നിലനിർത്താൻ പറ്റില്ലെന്നും ചീഫ് ജസ്റ്റിസ് കൂട്ടിച്ചേർത്തു.
നിയമസഭയുടെ അഭിപ്രായമാരായാതെ ജമ്മു-കശ്മീർ എന്ന സംസ്ഥാനം ഇല്ലാതാക്കി കേന്ദ്രഭരണ പ്രദേശമാക്കിയപ്പോൾ ഫെഡറലിസം എന്ന ഭരണഘടന തത്ത്വം പാലിച്ചോയെന്ന് ചീഫ് ജസ്റ്റിസ് കേന്ദ്ര സർക്കാറിനോട് ചോദിച്ചു. എടുത്തുകളഞ്ഞ സംസ്ഥാനപദവി എന്ന് തിരികെ കൊടുക്കുമെന്ന് അറിയിക്കാൻ കേന്ദ്രസർക്കാറിനോട് ചീഫ് ജസ്റ്റിസ് ആവശ്യപ്പെട്ടു.
ജമ്മു-കശ്മീരിനെ കേന്ദ്ര ഭരണപ്രദേശമാക്കിയത് സ്ഥിരമായല്ലെന്നും സുപ്രീംകോടതിക്ക് അനുകൂലമായ ഒരുത്തരം വ്യാഴാഴ്ച നൽകുമെന്നും മേത്ത ഇതിന് മറുപടി നൽകി. എന്നാൽ, ലഡാക് കേന്ദ്ര ഭരണപ്രദേശമായിത്തന്നെ അവശേഷിക്കുമെന്നും ലഡാക്കിലെ പ്രാദേശിക ഭരണ സമിതി തെരഞ്ഞെടുപ്പ് സെപ്റ്റംബറിൽ തീർക്കുമെന്നും മേത്ത പറഞ്ഞു.
ചീഫ് ജസ്റ്റിസ് നടത്തിയ ഈ സുപ്രധാന നിരീക്ഷണങ്ങൾ പോലെയാണ് വിധി വരുന്നതെങ്കിൽ ജമ്മു-കശ്മീരിന് സംസ്ഥാന പദവി തിരിച്ചുകിട്ടിയാലും 2019 ആഗസ്റ്റിലെ വിവാദ ഭരണഘടന ഭേദഗതിക്ക് മുമ്പുണ്ടായിരുന്ന പ്രത്യേക അവകാശങ്ങളോ അധികാരങ്ങളോ തിരിച്ചുകിട്ടാനിടയില്ല. അങ്ങനെവന്നാൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങൾക്കുള്ള പ്രത്യേക അവകാശങ്ങൾ പോലുമില്ലാത്ത സാധാരണ സംസ്ഥാനമായി ജമ്മു-കശ്മീർ മാറാനാണ് സാധ്യത.
ജമ്മു-കശ്മീരിന്റെ കാര്യത്തിൽ ദേശസുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങളുണ്ടെന്ന് സമ്മതിക്കുന്നുവെന്ന് പറഞ്ഞ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, അതേസമയം ജനാധിപത്യം വീണ്ടെടുക്കുകയെന്നത് രാഷ്ട്രത്തിന്റെ സുപ്രധാന ഘടകമാണെന്നും ഓർമിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.