‘മീഡിയവൺ’ സംപ്രേഷണ വിലക്ക് സുപ്രീംകോടതി നീക്കി; നാലാഴ്ചക്കകം ലൈസൻസ് പുതുക്കി നൽകണം

ന്യൂഡൽഹി: ‘മീഡിയവൺ’ സംപ്രേഷണ വിലക്ക് സുപ്രീംകോടതി നീക്കി. ചാനലിനെതിരെ കേന്ദ്ര വാർത്ത വിതരണ മ​ന്ത്രാലയം ഏർപ്പെടുത്തിയ വിലക്കാണ് സുപ്രീംകോടതി നീക്കിയത്. നാലാഴ്ചക്കകം ലൈസൻസ് കേന്ദ്രം പുതുക്കി നൽകണമെന്നും കോടതി ഉത്തരവിട്ടു ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് ഹിമ കോഹ്‍ലി എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്.

ജനാധിപത്യത്തിൽ മാധ്യമ സ്വാതന്ത്ര്യത്തിന്‍റെ പങ്ക് വലുതാണ്. സർക്കാറിനെ വിമർശിക്കുന്നത് ഭരണഘടനാ വിരുദ്ധമല്ല. ദേശസുരക്ഷയുടെ പേരിൽ പൗരാവകാശം ലംഘിക്കുന്നത് നിയമവിരുദ്ധമാണ്. വിലക്കിന്‍റെ കാരണം പുറത്തുപറയാത്തത് നിതീകരിക്കാനില്ല. ദേശസുരക്ഷ പറഞ്ഞ് കാരണം വെളിപ്പെടുത്താത്തത് അംഗീകരിക്കാനാവില്ലെന്നും വിധി പ്രസ്താവിച്ച ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് നിരീക്ഷിച്ചു.

Full View

2022 ജനുവരി 31നാണ് മീഡിയവണിന്‍റെ പ്രവര്‍ത്തനം സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി കേന്ദ്ര വാർത്താ വിതരണ മ​ന്ത്രാലയം വിലക്ക് ഏർപ്പെടുത്തിയത്. ഹൈകോടതി കേന്ദ്ര സർക്കാർ നടപടി ശരിവെച്ചതോടെ മീഡിയവണ്‍ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. ചാനലിനെ വിലക്ക് ഏർപ്പെടുത്തിയ കേന്ദ്ര നടപടി ശരിവെച്ച ഹൈകോടതി വിധി മാര്‍ച്ച് 15നാണ് സുപ്രീംകോടതി സ്റ്റേ ചെയ്തു.

2022 നവംബർ മൂന്നിനാണ് വാദം പൂർത്തിയായ കേസ് വിധി പറയാനായി സുപ്രീംകോടതി രണ്ടംഗ ബെഞ്ച് മാറ്റിയത്. ചാനലിനെതിരെ കേന്ദ്ര സർക്കാറിന്റെ മുദ്രവെച്ച കവറിലെ ആരോപണങ്ങൾ അവ്യക്തമാണെന്നാണ് ബെഞ്ച് അന്ന് നിരീക്ഷിച്ചത്. സുരക്ഷ അനുമതി നിഷേധിക്കുന്നതിന് കാരണമായി കേ​ന്ദ്ര ആഭ്യന്തര മന്ത്രാലയം സമർപ്പിച്ച ഫയലിലെ ചില പേജുകൾ പരിശോധിച്ചായിരുന്നു കോടതിയുടെ നിരീക്ഷണം.

Full View

ഫയലിലെ 807-08 പേജും 839-840 പേജുകളിലെ മിനിറ്റ്സും പരിശോധിച്ച സുപ്രീംകോടതി ബെഞ്ച് ആരോപണങ്ങൾ തിരിച്ചറിയത്തക്കത​ല്ലെന്ന് കേരള ​ഹൈകോടതി ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചതും ഓർമിപ്പിച്ചു. സുരക്ഷ ഭീഷണിയുണ്ടെങ്കിൽ ഡൗൺലിങ്കിങ് ലൈസൻസ് പുതുക്കി നൽകിയത് എന്തുകൊണ്ടാണെന്ന് കോടതി ചോദിച്ചു.

ഹൈകോടതിയിൽ കേന്ദ്രസർക്കാർ എതിർസത്യവാങ്മൂലം സമർപ്പിക്കാത്തതിൽ ജസ്റ്റിസ് ഹിമ കോഹ്‍ലി അത്ഭുതം പ്രകടിപ്പിച്ചു. അഡീഷണൽ സോളിസിറ്റർ ജനറൽ എഴുതി നൽകുകയായിരുന്നു. ഇത് വിചിത്രമാണെന്നും അഡീഷണൽ സോളിസിറ്റർ ജനറൽ ഇങ്ങനെ നൽകുന്നത് മു​മ്പൊരിക്കലും കണ്ടിട്ടില്ലെന്നും ഹിമ കോഹ്‍ലി അഭിപ്രായപ്പെട്ടു.

അപ്‍ലിങ്കിങ് പുതുക്കാൻ സുരക്ഷ അനുമതി വേണ്ടെന്നാണ് ഹരജിക്കാരായ മാധ്യമം ബ്രോഡ്കാസ്റ്റിങ് കോർപറേഷന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ദുഷ്യന്ത് ദവെ വാദിച്ചത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ വിവരങ്ങൾ കൈമാറുന്ന പോസ്റ്റ്ഓഫീസായി വാർത്ത വിതരണ മ​ന്ത്രാലയം മാറിയെന്ന് കേരള പ​ത്രപ്രവർത്തക യുനിയന്റെ അഭിഭാഷകനായ മുകുൾ റോത്തഗിയും വാദിച്ചു.

പത്ത് വർഷം കൊണ്ട് വിപണിയിൽ സദ്പേരും വിശ്വാസ്യതയുമുണ്ടാക്കിയ മീഡിയാവൺ ചാനലിന് ​ലൈസൻസ് പുതുക്കൽ പ്രധാനമാണെന്ന് സുപ്രീംകോടതി വാദത്തിനിടെ അഭിപ്രായപ്പെട്ടിരുന്നു. ചാനൽ പത്ത് വർഷം കൊണ്ടുണ്ടാക്കിയ സദ്പേരുണ്ട്. വിപണിയിൽ നേടിയ വിശ്വാസ്യതയുണ്ട്. അവർ നിക്ഷേപമിറക്കിയിട്ടുണ്ട്. ആളുകൾക്ക് തൊഴിൽ നൽകിയിട്ടുണ്ടെന്നും ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞിരുന്നു. സുരക്ഷാ ക്ലിയറൻസ് നിഷേധിച്ചാൽ പോലും ഒരു പൗരന് മുമ്പിലുള്ള പരിഹാരമെന്താണെന്നും വ്യക്തമാക്കണമെന്നും ബെഞ്ച് ആവശ്യപ്പെട്ടിരുന്നു.

Tags:    
News Summary - The Supreme Court lifted the ban on 'MediaOne'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.