ന്യൂഡൽഹി: ലഹരിമരുന്നു കേസിൽ പിടിയിലായ ആസ്ട്രേലിയൻ പൗരനെ ശിക്ഷയിൽനിന്ന് രക്ഷപ്പെടുത്താൻ തൊണ്ടിമുതലായ അടിവസ്ത്രത്തിൽ കൃത്രിമം കാട്ടിയതിന് മുൻ മന്ത്രി ആന്റണി രാജുവിനെതിരെയുള്ള കേസ് ഏറെ ഗൗരവമേറിയതാണെന്നും അന്വേഷണം സി.ബി.ഐക്ക് കൈമാറാൻ തങ്ങൾക്ക് അധികാരമുണ്ടെന്നും സുപ്രീംകോടതി.
കേസിൽ തെറ്റ് ചെയ്തവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും സത്യം കണ്ടെത്താൻ ഏതറ്റം വരെയും പോകുമെന്നും ജസ്റ്റിസുമാരായ സി.ടി. രവികുമാർ, സഞ്ജയ് കരോൾ എന്നിവരടങ്ങുന്ന ബെഞ്ച് ഓർമിപ്പിച്ചു. ഇത്തരം സംഭവങ്ങളിൽ കോടതി ഇടപെട്ടില്ലെങ്കിൽ അത് പലർക്കും പ്രോത്സാഹനമാകുമെന്നും അത് അരുതെന്നും വ്യക്തമാക്കി ഹൈകോടതി വിധിക്കെതിരെ ആന്റണി രാജു സമർപ്പിച്ച ഹരജി വിധി പറയാനായി മാറ്റി.
സുപ്രീംകോടതിയിൽ ഫയൽ ചെയ്ത ഹരജിയിൽ ആന്റണി രാജുവിനെതിരെ സ്വീകരിച്ച ശക്തമായ നിലപാടിൽനിന്ന് വ്യത്യസ്തമായി സംസ്ഥാന സർക്കാറിനുവേണ്ടി ഹാജരായ അഡ്വ. പി.വി. ദിനേശ് വാദിച്ചത് ജസ്റ്റിസ് സി.ടി. രവികുമാർ ചോദ്യംചെയ്തു.
തൊണ്ടിമുതൽ മാറ്റി തെളിവിൽ കൃത്രിമം കാണിച്ചപ്പോൾ ആ കേസിൽ അഭിഭാഷകനായിരുന്നു ആന്റണി രാജു. ആരോപണം ഗുരുതരമാണെന്നും ഹൈകോടതി വിധി പ്രകാരമുള്ള പുനരന്വേഷണത്തെ പിന്തുണക്കുന്നുവെന്നും സത്യവാങ്മൂലത്തിൽ കേരള സർക്കാർ വ്യക്തമാക്കിയിരുന്നു. എന്നാൽ, ചൊവ്വാഴ്ച സംസ്ഥാന സർക്കാർ അഭിഭാഷകനായ പി.വി. ദിനേശ് നിയമവശമെടുത്താൽ ആന്റണി രാജുവിനൊപ്പമാണെന്ന് ബോധിപ്പിച്ചു. അതേസമയം, കേസിലെ വസ്തുതകളിൽ ആന്റണി രാജുവിന്റെ വാദത്തോട് യോജിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ നിലപാട് മാറ്റം കോടതി ചോദ്യംചെയ്തപ്പോൾ നിയമം സംരക്ഷിക്കുകയെന്നതാണ്, ആരെങ്കിലും ശിക്ഷിക്കപ്പെടുകയെന്നതല്ല തങ്ങളുടെ നിലപാടെന്ന് ദിനേശ് വാദിച്ചു. സത്യവാങ്മൂലത്തിലെ നിലപാടിൽനിന്ന് മാറാനാകില്ലെന്ന് ബെഞ്ച് ദിനേശിനെ ഓർമിപ്പിച്ചു.
അതേസമയം, കൃത്രിമം നടത്തിയതാരെന്ന കാര്യത്തിൽ സർക്കാറിന്റെയും ആന്റണി രാജുവിന്റെയും അഭിഭാഷകർ രണ്ടു തട്ടിലായി. തൊണ്ടിയിൽ കൃത്രിമം കാട്ടിയത് ആന്റണി രാജുവിന്റെ സീനിയർ അഭിഭാഷക ആയിരിക്കാമെന്ന് ദിനേശ് വാദിച്ചപ്പോൾ കൃത്രിമം കാണിച്ചത് മൂന്ന് പൊലീസ് ഉദ്യോഗസ്ഥരും പറഞ്ഞിട്ടില്ലെന്നും അതിനാൽ ഉത്തരവാദി പൊലീസ് ഉദ്യോഗസ്ഥർ ആയിരിക്കാമെന്നും ആന്റണി രാജുവിന്റെ അഭിഭാഷകൻ ആർ. ബസന്ത് വാദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.