ന്യൂഡൽഹി: പ്രതികളുടെ വീടുകളും വാണിജ്യസ്ഥാപനങ്ങളും കെട്ടിടങ്ങളും ഇടിച്ചുനിരത്തുന്ന ബുൾഡോസർ രാജിനെതിരെ സുപ്രീംകോടതി. ജസ്റ്റിസുമാരായ ബി.ആർ. ഗവായ്, കെ.വി. വിശ്വനാഥൻ എന്നിവരടങ്ങുന്ന ബെഞ്ചിന്റെതാണ് ഇടപെടൽ. ഒരാൾ കുറ്റവാളിയാണെന്ന് കണ്ടെത്തിയാൽപോലും വീട് ഇടിച്ചുനിരത്താനാവില്ലെന്ന് ഓർമിപ്പിച്ച ജസ്റ്റിസ് ബി.ആർ. ഗവായ് കേവലം പ്രതിയാക്കിയത് കൊണ്ടുമാത്രം എങ്ങനെ വീട് ഇടിച്ചുപൊളിക്കുമെന്ന് ചോദിച്ചു. കോടതികൾ കുറ്റവാളികളെന്ന് തീരുമാനിക്കും മുമ്പ് സർക്കാറും പൊലീസും ചേർന്ന് രാജ്യവ്യാപകമായി ‘ബുൾഡോസർ നീതി’ നടപ്പാക്കുന്നത് തടയാൻ മാർഗനിർദേശങ്ങൾ കൊണ്ടുവരുമെന്ന് കോടതി വ്യക്തമാക്കി. ബുൾഡോസർ രാജ് ചോദ്യം ചെയ്ത് സുപ്രീംകോടതിയെ സമീപിച്ച ഹരജിക്കാരോട് ഇതിനാവശ്യമായ നിർദേശങ്ങൾ സമർപ്പിക്കാൻ ബെഞ്ച് ആവശ്യപ്പെട്ടു. ഹരജികൾ രണ്ടാഴ്ച കഴിഞ്ഞ് വീണ്ടും പരിഗണിക്കും.
2022ൽ ഡൽഹി ജഹാംഗീർ പുരിയിലും 2023ൽ ഹരിയാനയിലെ നുഹിലും മുസ്ലിം വീടുകളും കെട്ടിടങ്ങളും ഇടിച്ചുനിരത്തിയതിനെതിരെ ജംഇയ്യതുൽ ഉലമായെ ഹിന്ദും ഏറ്റവുമൊടുവിൽ രാജസ്ഥാനിലെ ഉദയ്പുരിൽ ഓട്ടോറിക്ഷാ ഡ്രൈവറായ റാശിദ് ഖാനും മധ്യപ്രദേശിലെ മുഹമ്മദ് ഹുസൈനും സമർപ്പിച്ച ഹരജികൾ ഒരുമിച്ച് പരിഗണിച്ചാണ് സുപ്രീംകോടതിയുടെ നിർണായക ഇടപെടൽ. ഉദയ്പൂരിൽ വർഗീയ സംഘർഷമുണ്ടായതിന് ശേഷമാണ് ജില്ല ഭരണകൂടം ആഗസ്റ്റ് 17ന് റാശിദ് ഖാന്റെ വീട് ഇടിച്ചുനിരത്തിയതെന്ന് അദ്ദേഹത്തിനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ സി.യു. സിങ് ബോധിപ്പിച്ചു. സ്കൂൾ വിദ്യാർഥിയായ ഖാന്റെ മകൻ ഹിന്ദു സമുദായക്കാരായ കുട്ടികളെ കത്തികൊണ്ട് കുത്തിയതിനെ തുടർന്നായിരുന്നു സംഘർഷം.
ഒരു പിതാവിന് വഴങ്ങാത്ത മകനുണ്ടാകാമെന്ന് കരുതി അതിന്റെ പേരിൽ ആ വീട് ഇടിച്ചുനിരത്തുന്നത് അംഗീകരിക്കാനാവില്ലെന്ന് ജസ്റ്റിസ് കെ.വി. വിശ്വനാഥൻ പറഞ്ഞു. ബുൾഡോസർ രാജിനെ രൂക്ഷമായി വിമർശിച്ച ജസ്റ്റിസ് ഗവായ് അനധികൃത നിർമാണങ്ങളെ സംരക്ഷിക്കില്ലെന്നും കൂട്ടിച്ചേർത്തു. എന്നാൽ, അവ പൊളിച്ചുനീക്കുന്നതിന് മാർഗനിർദേശങ്ങൾ വേണമെന്നും എല്ലാ സംസ്ഥാനങ്ങളിലും വ്യവസ്ഥാപിതമായ ഒരു രീതി ആവശ്യമായിരിക്കുന്നുവെന്നും ജസ്റ്റിസ് വിശ്വനാഥൻ പറഞ്ഞു. നിർമാണം അനധികൃതമാണെങ്കിലും നിയമപ്രകാരമുള്ള നടപടികൾ അനുസരിച്ചേ ഇടിച്ചുനിരത്തൽ ആകാവൂ എന്ന് ജസ്റ്റിസ് ഗവായ് വ്യക്തമാക്കി. ഹരജിക്കാരുടെ നിർദേശങ്ങൾ ശേഖരിച്ച് ക്രോഡീകരിക്കാൻ മുതിർന്ന അഭിഭാഷക നിചികേത ജോഷിയെ സുപ്രീംകോടതി നിയോഗിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.