ന്യൂഡൽഹി: മാനനഷ്ടക്കേസിൽ രാഹുൽ ഗാന്ധിയെ രണ്ടു വർഷം തടവിന് ശിക്ഷിച്ച സൂറത്ത് കോടതി ജഡ്ജി ഹരീഷ് ഹസ്മുഖ്ഭായ് വർമ അടക്കം 68 പേർക്ക് അസാധാരണമായും അടിയന്തര സ്വഭാവത്തിലും സ്ഥാനക്കയറ്റം നൽകിയത് സ്റ്റേ ചെയ്തതിനെതിരായ ഹരജി ജൂലൈയിൽ പരിഗണിക്കുമെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്.
സ്ഥാനക്കയറ്റത്തിനായി ഗുജറാത്ത് ഹൈകോടതി നൽകിയ ശിപാർശയും അത് അംഗീകരിച്ച് ഗുജറാത്ത് സർക്കാർ പുറത്തിറക്കിയ വിജ്ഞാപനവുമാണ് സുപ്രീംകോടതി വെള്ളിയാഴ്ച സ്റ്റേ ചെയ്തത്. തരം താഴ്ത്തൽ ജഡ്ജിമാർക്ക് അപമാനം ഉണ്ടാക്കിയെന്നും രാജ്യത്തെ ആറ് സംസ്ഥാനങ്ങൾ സ്ഥാനക്കയറ്റത്തിന് സീനിയോറിറ്റി കം മെറിറ്റ് തത്ത്വമാണ് പിന്തുടരുന്നതെന്നും ജഡ്ജിമാരുടെ അഭിഭാഷകൻ ചൂണ്ടിക്കാട്ടിയപ്പോഴാണ് വേനൽക്കാല അവധി കഴിഞ്ഞ് പരിഗണിക്കാമെന്ന് അറിയിച്ചത്.
പരീക്ഷയിലെ മാർക്കും സീനിയോറിറ്റിയും പരിഗണിക്കാതെ തിരക്കിട്ട് നടത്തിയ സ്ഥാനക്കയറ്റത്തിനെതിരെ ഗുജറാത്തിൽ മുതിർന്ന സിവിൽ ജഡ്ജിമാരുടെ കേഡറിലുള്ള രവികുമാർ മേത്തയും സചിൻ പ്രതാപ് റായ് മേത്തയുമാണ് സുപ്രീംകോടതിയെ സമീപിച്ചത്.
അതേസമയം, തന്റെ ബെഞ്ച് സ്റ്റേ ചെയ്ത ജഡ്ജിമാരുടെ സ്ഥാനക്കയറ്റത്തിൽ രാഹുൽ ഗാന്ധിയെ മാനനഷ്ടക്കേസിൽ ശിക്ഷിച്ച ജഡ്ജി ഹരീഷ് ഹസ്മുഖ്ഭായ് വർമയുടെ സ്ഥാനക്കയറ്റം ഉൾപ്പെടില്ലെന്ന വിശദീകരണവുമായി ജസ്റ്റിസ് എം.ആർ. ഷാ രംഗത്തുവന്നു.
68 ജഡ്ജിമാരുടെ സ്ഥാനക്കയറ്റം താൻ റദ്ദാക്കിയിട്ടില്ലെന്നും അവരിൽ സീനിയോറിറ്റിയുടെ അടിസ്ഥാനത്തിലുള്ള സ്ഥാനക്കയറ്റങ്ങൾ മാത്രമാണ് റദ്ദാക്കിയതെന്നും നിയമ പോർട്ടലായ ‘ബാർ ആൻഡ് ബെഞ്ചി’ന് നൽകിയ അഭിമുഖത്തിൽ ജസ്റ്റിസ് ഷാ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.