രാജ്യദ്രോഹ നിയമത്തിന്‍റെ സാധുത ചോദ്യം ചെയ്തുള്ള ഹരജികൾ സുപ്രീം കോടതി നാളെ പരിഗണിക്കും

ന്യൂഡൽഹി: ഇന്ത്യൻ ശിക്ഷാ നിയമത്തിൽ രാജ്യദ്രോഹത്തെ പ്രതിപാദിക്കുന്ന 124 എയുടെ ഭരണഘടനാ സാധുതയെ ചോദ്യം ചെയ്തുള്ള ഹരജികൾ സുപ്രീം കോടതി ബുധനാഴ്ച പരിഗണിക്കും. ചീഫ് ജസ്റ്റിസ് എൻ.വി രമണ, ജസ്റ്റിസ് സൂര്യ കാന്ത്, ജസ്റ്റിസ് ഹിമ കോഹ്ലി എന്നിവരടങ്ങിയ ബെഞ്ചായിരിക്കും ഹരജികൾ പരിഗണിക്കുക.

സൈനികനായ എസ്.ജി വോമ്പട്ട്കരെയും, എഡിറ്റേഴ്സ് ഗിൽഡ് ഓഫ് ഇന്ത്യയും നൽകിയ റിട്ട് ഹരജികളാണ് ബെഞ്ചിന്‍റെ പരിഗണനയിലുള്ളത്.

ഹരജികളുമായി ബന്ധപ്പെട്ട് നോട്ടീസിറക്കിയ അവസരത്തിൽ വ്യവസ്ഥയെ ചീഫ് ജസ്റ്റിസ് വാക്കാൽ വിമർശിച്ചിരുന്നു. ഗാന്ധിയെയും ബാല ഗംഗാധര തിലകിനേയും അടിച്ചമർത്താൻ ബ്രിട്ടീഷുകാർ കൊണ്ടുവന്ന നിയമം സ്വാതന്ത്രം ലഭിച്ച് 75 വർഷം പിന്നിടുമ്പോഴും പാലിക്കേണ്ടതുണ്ടോ എന്നായിരുന്നു ചീഫ് ജസ്റ്റിസിന്‍റെ പരാമർശം.

ചരിത്രം പരിശോധിക്കുമ്പോൾ മരപ്പണിക്കാരൻ കോടാലി കൈയിലെടുത്ത ശേഷം മരം മുറിക്കുന്നതിന് പകരം കാട് മുഴുവൻ മുറിച്ചെടുക്കുന്നത് പോലെയാണ് രാജ്യദ്രോഹ നിയമമെന്ന് അദ്ദേഹം കൂട്ടച്ചേർത്തു. രാജ്യദ്രോഹ നിയമത്തിനെതിരെ 2021 ഏപ്രിലിൽ മാധ്യമപ്രവർത്തകരായ പട്രീഷ്യ മുഖിം, അനുരാധ ഭാസിൻ എന്നിവർ നൽകിയ ഹരജികൾക്ക് ജസ്റ്റിസ് യു.യു ലളിത് അധ്യക്ഷനായ ബെഞ്ച് നേരത്തെ നോട്ടീസ് അയച്ചിരുന്നു.

Tags:    
News Summary - The Supreme Court will hear petitions tomorrow questioning the validity of the sedition law

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.