മുംബൈ: ബി.ജെ.പിക്ക് എതിരെയുള്ള പ്രതിപക്ഷ കൂട്ടായ്മയായ ‘ഇൻഡ്യ’യുടെ മൂന്നാം യോഗത്തിന് വ്യാഴാഴ്ച വൈകീട്ടോടെ മുംബൈയിൽ തുടക്കമായി. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ സീറ്റു വിഭജന ചർച്ച സെപ്റ്റംബർ 30ഓടെ പൂർത്തിയാക്കാൻ ധാരണയായി.
ദ്വിദിന യോഗത്തിൽ സഖ്യത്തിന്റെ ലോഗോ പ്രകാശനം ചെയ്യുന്നതിനൊപ്പം സഖ്യത്തെ നയിക്കാൻ കൺവീനറെ കണ്ടെത്തും. വിവിധ പാർട്ടികളെ ഏകോപിപ്പിക്കാൻ പൊതു മിനിമം പരിപാടിക്ക് രൂപമാകും. തെരഞ്ഞെടുപ്പുകളിലെ അടവുനയം, നിലപാട് എന്നിവയും പ്രധാന ചർച്ചയാകും. രാജ്യത്തെയും ഭരണഘടനയെയും രക്ഷിക്കുക എന്ന ഏക ലക്ഷ്യമാണ് ‘ഇൻഡ്യ’യിൽ അണിനിരക്കുന്നതിന് പിന്നിലെന്ന് യോഗത്തിന് എത്തിയ നേതാക്കൾ വ്യക്തമാക്കി.
സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, മല്ലികാർജുൻ ഖാർഗെ, കെ.സി. വേണുഗോപാൽ, ശരദ് പവാർ, ഉദ്ധവ് താക്കറെ, മുഖ്യമന്ത്രിമാരായ നിതീഷ് കുമാർ, എം.കെ സ്റ്റാലിൻ, ഹേമന്ത് സോറൻ, അരവിന്ദ് കെജ്രിവാൾ, ഭഗവന്ത് മൻ എന്നിവരും സീതാറാം യെച്ചൂരി (സി.പി.എം), അഖിലേഷ് യാദവ് (സമാജ് വാദി), ഡി. രാജ, ബിനോയ് വിശ്വം (സി.പി.ഐ), സാദിഖലി ശിഹാബ് തങ്ങൾ, പി.കെ. കുഞ്ഞാലിക്കുട്ടി (മുസ്ലിം ലീഗ്), ജോസ് കെ. മാണി (കേരള കോൺഗ്രസ് എം)എന്നിവരാണ് വ്യാഴാഴ്ച വൈകീട്ടോടെ മുംബൈയിലെത്തിയത്.
ലാലുപ്രസാദ് യാദവ് (ആർ.ജെ.ഡി), ഫാറൂഖ് അബ്ദുള്ള (നാഷനൽ കോൺഫറൻസ്), പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി എന്നിവർ ബുധനാഴ്ചതന്നെ എത്തിയിരുന്നു. 28 പാർട്ടികളിൽനിന്നായി 63 പേരാണ് പങ്കെടുക്കുന്നത്. വ്യാഴാഴ്ച രാത്രി ഔപചാരിക ചർച്ചകളാണ് നേതാക്കൾ തമ്മിൽ നടന്നത്. തുടർന്ന് ഇവർക്കായി ഉദ്ധവ് താക്കറെ അത്താഴവിരുന്ന് ഒരുക്കി.
വെള്ളിയാഴ്ച രാവിലെ 11നാണ് പ്രധാന യോഗം. ഈ യോഗത്തിലാണ് പ്രധാന തീരുമാനങ്ങളുണ്ടാകുക. യോഗത്തിനു മുമ്പ് ലോഗോ പ്രകാശനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.