ഭീകരസംഘങ്ങളുടെ ഭീഷണി; കശ്മീരിൽ അഞ്ച് മാധ്യമപ്രവർത്തകർ രാജിവെച്ചു

ശ്രീനഗർ: ഭീകര ഗ്രൂപ്പുകളുടെ ഭീഷണിക്കുപിന്നാലെ കശ്മീരിൽ അഞ്ച് മാധ്യമ പ്രവർത്തകർ ജോലി രാജിവെച്ചു. രണ്ട് പ്രാദേശിക പത്രങ്ങളുടെ എഡിറ്റർമാർ ഉൾപ്പെടെ ഡസനിലധികം മാധ്യമപ്രവർത്തകർ സുരക്ഷ ഏജൻസിക്കായി പണിയെടുക്കുകയാണെന്ന് ലശ്കറെ ത്വയ്യിബയുമായി ബന്ധമുണ്ടെന്ന് പറയപ്പെടുന്ന 'ദ റെസിസ്റ്റൻസ് ഫ്രണ്ട്' ആരോപിച്ചിരുന്നു.

ഇൗ മാധ്യമപ്രവർത്തകർക്കുനേരെ ഭീഷണിയും ഉയർന്നു. തുടർന്ന് മൂന്ന് റിപ്പോർട്ടർമാർ തങ്ങളുടെ രാജിക്കത്ത് സമൂഹമാധ്യമം വഴി പുറത്തുവിട്ടു. 'റെയ്സിങ് കശ്മീർ' ഇംഗ്ലീഷ് പത്രത്തിന്റെ എഡിറ്റർ-ഇൻ ചീഫിന് നൽകിയ രാജിക്കത്ത് യുവ പത്രപ്രവർത്തകൻ ജഹാംഗീർ സോഫി ട്വിറ്ററിൽ പങ്കുവെച്ചു. ഈ പത്രത്തിന്റെ എഡിറ്റർക്കും തീവ്രവാദികളുടെ ഭീഷണിയുണ്ടായിരുന്നു.

ഭീകരസംഘടനകളുടെ ഭീഷണിയിൽ യു.എ.പി.എ പ്രകാരം പൊലീസ് കേസുണ്ട്. ചൊവ്വാഴ്ച നാല് തീവ്രവാദികൾ ശ്രീനഗറിൽ പിടിയിലായിരുന്നു. ഇവർക്ക് മാധ്യമപ്രവർത്തകർക്കുനേരെ ഭീഷണി ഉയർത്തിയ സംഭവത്തിൽ ബന്ധമില്ലെന്നാണ് പൊലീസ് പറയുന്നത്. കശ്മീരിലെ മാധ്യമപ്രവർത്തകർ അധികൃതരിൽനിന്നും ഭീകരരിൽ നിന്നുമുള്ള സമ്മർദങ്ങൾക്കിടയിലാണ് തൊഴിലെടുക്കുന്നത്.

ജമ്മു-കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനു പിന്നാലെ നിരവധി മാധ്യമപ്രവർത്തകരെ ജയിലിലടച്ചിരുന്നു. കശ്മീർ പ്രസ് ക്ലബ് അടച്ചുപൂട്ടി. പുലിറ്റ്സർ ജേതാവായ മാധ്യമപ്രവർത്തകയെ തടഞ്ഞുവെച്ച സംഭവമുണ്ടായി. അതിനിടെ, ഈ മാസം ആദ്യം അനന്ത്നാഗിൽ തീവ്രവാദി ആക്രമണത്തിൽ പരിക്കേറ്റ നേപ്പാളിൽനിന്നുള്ള തൊഴിലാളി ശ്രീനഗറിലെ ആശുപത്രിയിൽ മരിച്ചു.

Tags:    
News Summary - the threat of terrorist groups-Five journalists resigned in Kashmir

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.