ഗുജറാത്ത് വംശഹത്യാ കാലത്ത് ബിൽക്കീസ് ബാനു എന്ന യുവതിയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയ പ്രതികളെ ഗുജറാത്തിലെ ബി.ജെ.പി സർക്കാർ വെറുതെ വിട്ട നടപടിയിൽ പ്രതിഷേധിച്ച് തൃണമൂൽ കോൺഗ്രസ് വനിതാ വിഭാഗം കൽക്കത്തയിൽ 48 മണിക്കൂർ ധർണ സംഘടിപ്പിച്ചു. സംസ്ഥാന സർക്കാരിലെ മുതിർന്ന മന്ത്രിമാരുടെ നേതൃത്വത്തിൽ തൃണമൂൽ കോൺഗ്രസിന്റെ വനിതാ വിഭാഗമാണ് ചൊവ്വാഴ്ച 48 മണിക്കൂർ ധർണ സംഘടിപ്പിച്ചത്. ബലാത്സംഗക്കേസിലെ പ്രതികളുടെ ശിക്ഷാ ഇളവ് അംഗീകരിക്കാനാകില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായോട് തൃണമൂൽ നേതാക്കൾ പറഞ്ഞു.
ബംഗാളിലെ ബി.ജെ.പി ഇതിനെക്കുറിച്ച് ഒരു വാക്കുപോലും പറഞ്ഞിട്ടില്ലെന്ന് ഞങ്ങൾക്കറിയാം. ബി.ജെ.പി അധ്യക്ഷൻ ഒന്നും പറഞ്ഞിട്ടില്ലെന്നും ഞങ്ങൾക്കറിയാം. ഈ വിഷയത്തിൽ പ്രധാനമന്ത്രിയുടെയും ആഭ്യന്തരമന്ത്രിയുടെയും മൗനത്തെ ഞങ്ങൾ ചോദ്യം ചെയ്യുന്നു. ഇത് വളരെ ദൗർഭാഗ്യകരമാണ് -വനിതാ ശിശു വികസന സാമൂഹ്യക്ഷേമ മന്ത്രി ശശി പഞ്ജ മാധ്യമങ്ങളോട് പറഞ്ഞു.
കൽക്കത്തയിലെ മയോ റോഡിലെ ഗാന്ധി പ്രതിമക്ക് സമീപമാണ് ധർണ നടക്കുന്നത്. "ബി.ജെ.പി നേതാക്കൾ പോയി പ്രതികളായ ക്രിമിനലുകളെ മാലയിടുന്നതും അവർ വളരെ സാംസ്കാരിക സമ്പന്നൻമാരാണെന്ന് പറയുന്നതും ഞങ്ങൾ കണ്ടിട്ടുണ്ട്. അവർക്ക് മൂല്യങ്ങളുണ്ട്. അപ്പോൾ എന്താണ് മൂല്യങ്ങൾ? എന്ത് മാനുഷിക മൂല്യങ്ങളാണ് നിങ്ങൾ വളർത്താൻ ശ്രമിക്കുന്നത്. അല്ലെങ്കിൽ പിന്തുണച്ചുകൊണ്ട് സംസാരിക്കുന്നത്. ബലാത്സംഗം ചെയ്യുന്നവരോ? നിങ്ങൾ സ്ത്രീകളെ അനാദരിക്കുക മാത്രമല്ല, അവരെ പൂർണ്ണമായും അപമാനിക്കുകയുമാണ് ചെയ്യുന്നത്. ഈ മൃഗീയ ഭൂരിപക്ഷം രാജ്യത്തിന്റെ ഭരണഘടനയെയും നിയമങ്ങളെയും മറികടക്കുകയാണ്. തൃണമൂൽ കോൺഗ്രസിന്റെ വനിതാ വിഭാഗം അവരുടെ മനസ്സാക്ഷിയെ ഇളക്കും" -പഞ്ജ കൂട്ടിച്ചേർത്തു. പ്രതികളെ വെറുതെവിട്ടതിനെതിരെ തൃണമൂൽ എം.പി മഹുവ മൊയ്ത്ര സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.