ബംഗളൂരു: ട്രാൻസ്ജെൻഡർ കമ്യൂണിറ്റിയിൽ ചേരാൻ നിർബന്ധപൂർവം തന്നെ ഷണ്ഡീകരിച്ചെന്ന യുവാവിന്റെ പരാതിയിൽ ഭിന്നലിംഗക്കാരായ അഞ്ചുപേർക്കെതിരെ പൊലീസ് കേസെടുത്തു.
ഡി.ജെ ഹള്ളി സ്വദേശിയായ 18കാരന്റെ പരാതിയിലാണ് കേസ്. അംബേദ്കർ കോളജിന് സമീപം ചായക്കട നടത്തുന്ന യുവാവിനെ ചിത്ര, കാജൽ, പ്രീതി, അശ്വിനി, മുകില എന്നിവർ ചേർന്ന് തങ്ങളുടെ കൂട്ടത്തിൽ ചേർന്നാൽ കൂടുതൽ സാമ്പത്തിക വരുമാനമുണ്ടാക്കാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ചു. ക്ഷണം നിരസിച്ചതോടെ ഭീഷണിപ്പെടുത്തി ടാണറി റോഡിലെ വീട്ടിലേക്ക് സംഘം തന്നെ കൂട്ടിക്കൊണ്ടു പോവുകയായിരുന്നെന്നും ദിവസങ്ങളോളം തടവിൽ പാർപ്പിച്ചതായും പരാതിയിൽ പറയുന്നു. തങ്ങൾക്കൊപ്പം യാചനക്കിറങ്ങിയില്ലെങ്കിൽ കുടുംബത്തെ അപകടപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി. കഴിഞ്ഞ മൂന്നു വർഷമായി പ്രതിദിനം 2000ത്തോളം രൂപ യാചനയിലൂടെ കണ്ടെത്തി സംഘത്തിന് നൽകിവരുകയായിരുന്നു.
പിന്നീട് പെണ്ണായി യാചനക്കിറങ്ങിയാൽ കൂടുതൽ പണം സമ്പാദിക്കാനാവുമെന്ന് പറഞ്ഞ് ലിംഗമാറ്റ ശസ്ത്രക്രിയ നടത്താൻ നിർബന്ധിച്ചു. ഇതിന് വിസമ്മതിച്ചപ്പോൾ മർദിക്കുകയും മയക്കുമരുന്ന് കുത്തിവെക്കുകയും ചെയ്തു. ബോധം വന്നപ്പോൾ തന്റെ ലൈംഗികാവയവം നീക്കിയതായി കണ്ടു. തുടർന്ന് ലൈംഗിക തൊഴിലിന് നിർബന്ധിച്ചതായും പരാതിയിൽ പറയുന്നു. സംഘത്തിൽനിന്ന് രക്ഷപ്പെട്ട് പുറത്തുവന്ന ശേഷം യുവാവ് പൊലീസിൽ പരാതി നൽകുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.