പണം തട്ടിയെടുത്തയാളെ കൊലപ്പെടുത്തി യുവാവ് കീഴടങ്ങി

ബംഗളൂരു: പലിശരഹിത വായ്പ തരപ്പെടുത്തി നല്കാമെന്നുപറഞ്ഞ് പണം തട്ടിയയാളെ കൊലപ്പെടുത്തി യുവാവ് പൊലീസില്‍ കീഴടങ്ങി. മൃതദേഹം കാറിൽ പൊലീസ് സ്റ്റേഷനിലെത്തിച്ചശേഷമായിരുന്നു കീഴടങ്ങൽ. രാമമൂര്‍ത്തി നഗര്‍ പൊലീസ് സ്റ്റേഷനില്‍ കഴിഞ്ഞദിവസമാണ് സംഭവം. ജയന്ത്രിനഗര്‍ സ്വദേശിയായ രാജശേഖര്‍ (32) മൈസൂരു ജ്ഞാനഗുഡ് സ്വദേശി മഹേഷപ്പ (45)യെയാണ് കൊലപ്പെടുത്തിയത്.

സഹകരണ സൊസൈറ്റികളില്‍ നിന്നും മറ്റും സ്ത്രീകള്‍ക്ക് ബിസിനസ് തുടങ്ങാന്‍ വലിയ തുക പലിശരഹിത വായ്പ ലഭിക്കുമെന്നും രാജശേഖറിന്റെ അമ്മക്ക് ഇതു തരപ്പെടുത്തിനൽകാമെന്നുംപറഞ്ഞ് മഹേഷപ്പ 2.5 കോടി രൂപ വാങ്ങിയിരുന്നു. വീടു വിറ്റും മറ്റു ചിലരില്‍നിന്ന് വായ്പ വാങ്ങിയുമാണ് രാജശേഖര്‍ ഈ തുക നൽകിയത്. എന്നാല്‍, മഹേഷപ്പ മുങ്ങി. ഇയാളെ കണ്ടെത്തി പലതവണ പണം തിരികെ ചോദിച്ചെങ്കിലും ലഭിച്ചില്ല.

കഴിഞ്ഞദിവസം ജ്ഞാനഗുഡിലെ വീട്ടിലെത്തി മഹേഷപ്പയെ രാജശേഖര്‍ ബംഗളൂരുവിലേക്ക് കൂട്ടിക്കൊണ്ടുവന്നു. തുടര്‍ന്ന് ഇരുവരും തമ്മില്‍ വഴക്കുണ്ടാവുകയും രാജശേഖര്‍ കൈയില്‍ കരുതിയിരുന്ന ഇരുമ്പുവടി ഉപയോഗിച്ച് മഹേഷപ്പയെ മര്‍ദിക്കുകയായിരുന്നു. പുറത്തുപോയി ഭക്ഷണം വാങ്ങി വന്നപ്പോൾ മഹേഷപ്പ മരിച്ചെന്നു മനസ്സിലായതോടെ മൃതദേഹം കാറിലാക്കി പൊലീസ് സ്റ്റേഷനില്‍ എത്തുകയായിരുന്നു.

പലിശരഹിത ലോണ്‍ നല്കാമെന്നു വാഗ്ദാനം ചെയ്ത് മുന്നൂറോളം പേരില്‍നിന്ന് മഹേഷപ്പ പണം തട്ടിയെടുത്തിട്ടുണ്ടെന്ന് രാജശേഖര്‍ പൊലീസിനോട് പറഞ്ഞു. കൊലപാതകത്തിനുപിന്നില്‍ സാമ്പത്തിക പ്രശ്‌നങ്ങളാണെന്നും അന്വേഷണത്തിനുശേഷം മാത്രമേ കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ സാധിക്കുകയുള്ളൂവെന്നും രാമമൂര്‍ത്തി നഗര്‍ പൊലീസ് അറിയിച്ചു.

Tags:    
News Summary - The youth surrendered after killing the extortionist

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.