ബംഗളൂരു: കോവിഡ് കേസുകൾ കുറഞ്ഞതോടെ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകളുമായി കർണാടക. തിയറ്റർ, ജിംനേഷ്യം, യോഗ സെന്റർ, നീന്തൽക്കുളങ്ങൾ എന്നിവക്ക് പൂർണ ശേഷിയിൽ പ്രവർത്തിക്കാൻ അനുമതി നൽകി. മുഖ്യമന്ത്രി ബസവരാജ ബൊമ്മയുടെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിലാണ് തീരുമാനം.
ആരോഗ്യമന്ത്രി, മുതിർന്ന ഉദ്യോഗസ്ഥർ, സാങ്കേതിക ഉപദേശക സമിതി പ്രതിനിധികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു. രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവർക്ക് മാത്രമാകും പ്രവേശനാനുമതി. 50 ശതമാനം ശേഷിയോടെ പ്രവർത്തിക്കാനുള്ള അനുമതി സർക്കാർ നേരത്തെ നൽകിയിരുന്നു. ഇവിടങ്ങളിൽ മുൻകരുതലുകൾ കർശനമായി പാലിക്കണമെന്ന് ആരോഗ്യമന്ത്രി കെ. സുധാകർ പറഞ്ഞു. കോവിഡ് രോഗബാധയും ജനുവരിയിൽ 5-6 ശതമാനമായിരുന്ന ആശുപത്രിവാസ നിരക്ക് രണ്ടു ശതമാനമായി കുറഞ്ഞതും പരിഗണിച്ചാണ് ഇളവുകൾ നൽകിയത്.
പാലിക്കേണ്ട മാർഗനിർദേശങ്ങൾ സംബന്ധിച്ച വിവരങ്ങൾ ഉടൻ പുറത്തിറക്കുമെന്നും മന്ത്രി വ്യക്തമാക്കി. തിയറ്ററുകളിൽ പോകുന്നവർ നിർബന്ധമായും മാസ്ക് ധരിക്കണം. ഹാളിനുള്ളിൽ ഭക്ഷണ സാധനങ്ങൾ അനുവദിക്കില്ല. മൂന്നാം തരംഗം കുറയുന്നതോടെ രാത്രി കർഫ്യൂ, പബ്ബുകൾ, റസ്റ്റാറന്‍റുകൾ, ഹോട്ടലുകൾ, ഭക്ഷണശാലകൾ എന്നിവയിലെ 50 ശതമാനം സീറ്റിങ് പരിമിതി എന്നിവ പിൻവലിക്കുന്നതോടൊപ്പം സ്കൂളുകളും തുറക്കാൻ യോഗം തീരുമാനിച്ചു.
വാരാന്ത്യ കർഫ്യൂ സർക്കാർ നേരത്തെ പിൻവലിച്ചിരുന്നു. നിരവധി പുതിയ സിനിമകൾ റിലീസിങ്ങിന് തയാറെടുക്കുന്ന സാഹചര്യത്തിൽ തിയറ്ററുകളിൽ പൂർണ തോതിൽ പ്രവേശനം നൽകണമെന്ന് കർണാടക ഫിലിം ചേംബർ ഓഫ് കോമേഴ്‌സ് (കെ.എഫ്.സി.സി) സർക്കാറിനോട് ആവശ്യപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.