പ്രാണപ്രതിഷ്ഠക്ക് പ്രതിപക്ഷമില്ല; തിങ്കളാഴ്ച അയോധ്യയിലേക്ക് ഇല്ലെന്ന് പ്രഖ്യാപിച്ച് കൂടുതൽ നേതാക്കൾ

ന്യൂഡൽഹി: ബാബരി മസ്ജിദ് തകർത്ത ഭൂമിയിൽ നിർമിച്ച രാമക്ഷേത്രത്തിൽ തിങ്കളാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ പ്രാണപ്രതിഷ്ഠ ചടങ്ങുകൾ നടക്കുന്നത് പ്രതിപക്ഷ പാർട്ടി നേതാക്കളുടെ കൂട്ട അസാന്നിധ്യത്തിൽ. ബി.ജെ.പിയുടെ രാഷ്ട്രീയ പരിപാടിയാക്കി മാറ്റിയതിനാൽ പ്രാണപ്രതിഷ്ഠക്ക് പോകില്ലെന്ന് കൂടുതൽ നേതാക്കൾ പ്രഖ്യാപിച്ചു.

28 പാർട്ടികളുടെ കൂട്ടായ്മയായ ഇൻഡ്യ മുന്നണിയിലെ ഒരു പാർട്ടിയുടെയും നായക നേതാക്കൾ തിങ്കളാഴ്ച അയോധ്യയിൽ എത്താനിടയില്ല. കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ്, ജനതദൾ-യു, ആം ആദ്മി പാർട്ടി, സമാജ്വാദി പാർട്ടി, ഡി.എം.കെ, എൻ.സി.പി, ശിവസേന-ഉദ്ധവ് താക്കറെ വിഭാഗം, രാഷ്ട്രീയ ജനതാദൾ, സി.പി.എം, സി.പി.ഐ, ആർ.എസ്.പി, ഝാർഖണ്ഡ് മുക്തിമോർച്ച തുടങ്ങിയവ പ്രാണപ്രതിഷ്ഠ ചടങ്ങിനില്ലെന്ന് പ്രഖ്യാപിച്ച പാർട്ടികളിൽ ഉൾപ്പെടും. ഈ മുന്നണിയിൽ പെടാത്ത ബി.എസ്.പിയുടെ നേതാവ് മായാവതി തീരുമാനം പ്രഖ്യാപിച്ചിട്ടില്ലെങ്കിലും പോകാൻ സാധ്യത വിരളം. ബി.ജെ.പിയോട് ചേർന്നുനിൽക്കുമ്പോൾ തന്നെ പ്രാണപ്രതിഷ്ഠക്ക് ബി.ജെ.ഡി, വൈ.എസ്.ആർ കോൺഗ്രസ് നേതാക്കളും പോകാൻ ഇടയില്ല. ഒഡിഷയിൽ ജഗന്നാഥ് പൈതൃക ഇടനാഴി പദ്ധതി പ്രവർത്തനങ്ങളിലാണ് മുഖ്യമന്ത്രി നവീൻ പട്നായിക്. ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ജഗൻമോഹൻ റെഡ്ഡിയും മൗനത്തിൽ.

സുപ്രീംകോടതി വിധിക്കോ രാമക്ഷേത്രത്തിനോ ഹൈന്ദവ വികാരത്തിനോ എതിരല്ലെങ്കിലും ലോക്സഭ തെരഞ്ഞെടുപ്പിൽ അയോധ്യ പ്രധാന പ്രമേയമാക്കാൻ പ്രാണപ്രതിഷ്ഠ ചടങ്ങിനെ ബി.ജെ.പിയും സംഘ്പരിവാറും ദുരുപയോഗിക്കുകയാണെന്നും സഹകരിക്കില്ലെന്നുമാണ് പ്രതിപക്ഷ പാർട്ടികളുടെ നിലപാട്. തിങ്കളാഴ്ച കൊൽക്കത്തയിലെ കാളിഘട്ടിൽ സർവമത സൗഹാർദ റാലി നടത്തുമെന്നാണ് തൃണമൂൽ കോൺഗ്രസ് നേതാവും പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജിയുടെ പ്രഖ്യാപനം. പിന്നീടൊരിക്കൽ അയോധ്യയിൽ പോകുമെന്ന് അഖിലേഷ് യാദവ്, അരവിന്ദ് കെജ്രിവാൾ തുടങ്ങിയവർ വ്യക്തമാക്കിയിട്ടുണ്ട്. പണി പൂർത്തിയായ ശേഷം ക്ഷേത്രം സന്ദർശിക്കുമെന്ന് ശരദ് പവാർ പറഞ്ഞു.

ആചാരലംഘനത്തിനൊപ്പം ‘യജമാന’ പ്രശ്നവും

ന്യൂഡൽഹി: 2,000 കോടി രൂപ ചെലവ് കണക്കാക്കുന്ന രാമക്ഷേത്രം പണി പൂർത്തിയാക്കാതെ ലോക്സഭ തെരഞ്ഞെടുപ്പിനുമുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ തുറക്കുന്നതിലെ ആചാരലംഘനം ചൂണ്ടിക്കാട്ടി രാജ്യത്തെ നാലു ശങ്കരാചാര്യന്മാർ പ്രാണപ്രതിഷ്ഠ ചടങ്ങിൽനിന്ന് വിട്ടുനിൽക്കുകയാണ്. ചടങ്ങിന്‍റെ മുഖ്യയജമാന റോളിൽ മോദിയാണെന്നതും പ്രശ്നത്തിൽ കലാശിച്ചു. ഗൃഹസ്ഥനായ മുഖ്യയജമാനൻ ഭാര്യാസമേതം ഒമ്പതു ദിവസത്തെ ചടങ്ങുകളിൽ പങ്കെടുക്കുന്നതാണ് ആചാരം. ശങ്കരാചാര്യന്മാർ ചൂണ്ടിക്കാട്ടുന്ന ആചാരലംഘനങ്ങളിൽ ഒന്ന് ഇതാണെന്ന് ബി.ജെ.പി പാളയത്തിലുള്ള മുൻകേന്ദ്രമന്ത്രി സുബ്രഹ്മണ്യൻ സ്വാമി തുറന്നടിച്ചു.

രാമജന്മഭൂമി തീർഥക്ഷേത്ര ട്രസ്റ്റ് അംഗമായ ഡോ. അനിൽ മിശ്രയാണ് ഭാര്യാസമേതം മുഖ്യയജമാന സ്ഥാനം വഹിക്കുന്നതെന്ന വിശദീകരണം തൊട്ടുപിന്നാലെ പുറത്തുവന്നിട്ടുണ്ട്. ആചാരലംഘന പ്രശ്നം ഉയർന്നതോടെ നടത്തിയ മാറ്റമാണോ ഇതെന്ന് വ്യക്തമല്ല. അതേസമയം, നായകസ്ഥാനം കൈവിടാതെ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രാണപ്രതിഷ്ഠ ചടങ്ങിൽ ശ്രീകോവിലിൽ തന്നെയുണ്ടാവും. 

Tags:    
News Summary - There is no opposition to Pran Pratishtha; More leaders announced that they will not go to Ayodhya

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.