അസം പൊലീസിെൻറയും അര്‍ധസൈനികരുടെയും കാവലിലായ ഗുവാഹതി മെഡിക്കല്‍ കോളജ് ആശുപ്ത്രിയിലെ ഒന്നാം നമ്പര്‍ സര്‍ജിക്കല്‍ വാര്‍ഡിലെ കിടക്കക്കരികില്‍ ചെന്ന് കരം കവര്ന്നതേയുള്ളൂ. എല്ലാ നിയന്ത്രണവും വിട്ട് ശൗക്കത്ത് അലി വിങ്ങിക്കരഞ്ഞു. ‘‘ആ പന്നിമാംസം തീറ്റിക്കും മുമ്പ് അവരെന്നെ തല്ലിക്കൊന്നാല്‍ മതിയായിരുന്നു...’’ തോര്‍ത്ത് മുണ്ടെടുത്ത് കണ്ണീര് തുടച്ചു. വടി കൊണ്ടടിയേറ്റ് വീങ്ങിയ കവിളിന് മുകളില്‍ മൃഗങ്ങളെപ്പോലെ മാന്തി മുറിവേല്പിച്ച പാടുകളുണ്ട്. കൈ കൊണ്ടിടിച്ച് കലങ്ങിയ കണ്ണുകളില്‍ മുളകുപൊടിയിട്ടതിെൻറ നീറ്റലടങ്ങിയിട്ടില്ല. കൈയിലിരുന്ന തോര്‍ത്ത് വാങ്ങിയ മകൻ, ശൗക്കത്തിെൻറ വീര്‍ത്തുകെട്ടിയ മുഖത്ത് വീണ കണ്ണുനീര് ഒപ്പിക്കൊണ്ടിരുന്നു.
ഉറക്കെ സംസാരിക്കാന്‍ കഴിയാത്തതിനാല്‍ കുറെകൂടി അടുത്തുവരാനാവശ്യപ്പെട്ട ശൗക്കത്ത് സങ്കടമടക്കി സംസാരിക്കാന്‍ ഏറെ പാടുപ്പെട്ടു. രണ്ടു മണിക്കൂര്‍ നേരം വടികൊണ്ടുള്ള അടിയേറ്റതിനാൽ എല്ല് മുറിയുന്ന വേദനയുണ്ടെങ്കിലും അതൊന്നും സഹിക്കാന്‍ പ്രയാസമില്ലെന്ന് പറഞ്ഞ് ശൗക്കത്തലി കരച്ചിലടക്കി. ഭക്ഷണം കഴിച്ച് തുടങ്ങാന്‍ ഡോക്ടര്‍ പറയുന്നുണ്ടെങ്കിലും ഒന്നും കഴിക്കാൻ തോന്നുന്നില്ല. വായിലേക്ക് എന്ത് വെക്കുമ്പോഴും ആ പന്നിമാംസമാണ് ഓര്‍മയിലെത്തുന്നത്.
ഒന്നാം ഘട്ട വോട്ടെടുപ്പിന് മുമ്പായി അസമില്‍ വര്‍ഗീയ ധ്രുവീകരണത്തിന് കൊണ്ടുപിടിച്ച ശ്രമങ്ങള്‍ നടക്കുന്നതിനിടയിലാണ് രാജ്യത്തെ ഞെട്ടിച്ച ബീഫിെൻറ പേരിലുള്ള ആക്രമണം തേസ്പൂര് ലോക്സഭ മണ്ഡലത്തിലെ ബിശ്വനാഥില്‍ നടന്നത്.
40 വര്‍ഷമായി ബിശ്വനാഥ് ചരിയാലിയില്‍ ഭക്ഷണശാല നടത്തുന്ന ശൗക്കത്ത് അലിയുടെ അഞ്ച് സഹോദരങ്ങളില്‍ ഒരാള്‍ സ്കൂള്‍ അധ്യാപകനാണ്. പിതാവില്‍നിന്ന് താവഴിയായി കിട്ടിയതാണ് കച്ചവടം. ബീഫിന് നിരോധനമില്ലാത്ത അസമില്‍ അന്ന് മുതല്ക്കേ ബീഫും വിറ്റുവരുകയാണെന്ന് ശൗക്കത്ത് പറഞ്ഞു. എല്ലാ കച്ചവടങ്ങളുമുള്ള മാര്‍ക്കറ്റില്‍ വെച്ച് ഇതും വില്‍ക്കും. അതില്‍ നിന്നുള്ള വരുമാനം കൊണ്ടാണ് എട്ടംഗ കുടുംബത്തെ പോറ്റുന്നത്. ചോറും ബീഫും വേവിച്ചുകൊണ്ടുവന്ന് ചരിയാലി ബസാറില്‍ വില്‍ക്കും. വെള്ളിയാഴ്ചയും ഞായറാഴ്ചയും ചന്തയുണ്ടാകുന്ന ദിവസമായതിനാല്‍ നല്ല കച്ചവടം കിട്ടും. ചന്ത നടത്തുന്നയാള്‍ക്കും വരുന്നവര്‍ക്കും എല്ലാം ഇത്രയും വര്‍ഷമായി അറിയുന്നതാണ് ശൗക്കത്ത് അലിയുടെ ബീഫും ചോറും. എല്ലാ വിഭാഗം ജനങ്ങള്‍ക്കുമറിയാം. ഹിന്ദുത്വ ഗുണ്ടകള്‍ നേരേത്ത കണ്ടുവെച്ച് ആസൂത്രണത്തോടെ നടത്തിയ ആക്രമണമാണിത്.
കഴിഞ്ഞ ഞായറാഴ്ച ഈ സംഘം തെൻറയടുത്ത് വന്ന് പണം ചോദിച്ചിരുന്നുവെന്ന് ശൗക്കത്ത് പറഞ്ഞു. കുറച്ച് കാശ് കൊടുത്തപ്പോള്‍ കൂടുതല്‍ ആവശ്യപ്പെട്ടു. അത് നല്കാന് തയാറായില്ല. തുടര്‍ന്ന് കഴിഞ്ഞ ഞായറാഴ്ച കച്ചവടത്തിനെത്തിയപ്പോള്‍ അവരുടെ ആക്രമണമുണ്ടാകുമെന്ന് പറഞ്ഞ് ചന്ത നടത്തിപ്പുകാരന് ബീഫ് എടുത്തുകൊണ്ടുപോയി മറച്ചുവെക്കാന്‍ ആവശ്യപ്പെട്ടിരുന്നു. പാകം ചെയ്തു കൊണ്ടുവന്ന ബീഫ് മാറ്റിവെച്ച ശൗക്കത്ത് രണ്ടാമത് ചിക്കന്‍ വാങ്ങി പാകം ചെയ്ത് കൊണ്ടുവന്ന് കച്ചവടം തുടങ്ങി. രണ്ട് മണിക്ക് മാര്‍ക്കറ്റില്‍നിന്ന് അതും എടുത്തുകൊണ്ടുപോകാന്‍ ഉടമ ആവശ്യപ്പെട്ടപ്പോള്‍ ശൗക്കത്ത് അതും അനുസരിച്ചു മറ്റൊരു ഭാഗത്തേക്ക് മാറി. അവിടെനിന്ന് ശൗക്കത്തിനെ പിടിച്ചുകൊണ്ടുവന്ന ഹിന്ദുത്വ ഗുണ്ടാസംഘം രണ്ടു മണിക്കൂര്‍ നേരം ബന്ദിയാക്കി.
മാര്‍ക്കറ്റില്‍ കച്ചവടം നേരേത്ത നിര്‍ത്തി ആളുകള്‍ പോയി തുടങ്ങിയ നേരം നോക്കി ദണ്ഡുകളുമായി അടിക്കാന്‍ തുടങ്ങി. ആക്രമണം കണ്ട് ഓടിക്കൂടിയ, തന്നെ അറിയുന്നവര്‍പോലും രക്ഷിക്കാന്‍ തയാറായില്ല. തന്നെപ്പോലെ നിരവധി മുസ്ലിംകള് കച്ചവടം ചെയ്യാറുള്ള മാര്‍ക്കറ്റില്‍ മഴ കാരണം അവരൊന്നുമില്ലായിരുന്നു. മര്‍ദനത്തിനിടയില്‍ മാര്‍ക്കറ്റില്‍ വില്പനക്കു വെച്ച പച്ച പന്നിമാംസം വാങ്ങി കൊണ്ടുവന്ന് വായില്‍ തിരുകി ചവച്ചു തിന്നാന്‍ ആവശ്യപ്പെട്ടു. അതിന് തയാറാകാതിരുന്നപ്പോള്‍ ദണ്ഡുകൊണ്ട് അടിച്ചു. കൈമടക്കിപ്പിടിച്ച് കണ്ണുകളില്‍ ഇടിച്ചു. ശേഷം കണ്ണ് തുറന്ന് പിടിച്ച് മുളകുപൊടിയും തേച്ചു.
മര്ദനമുറക്കിടയില് തിന്നാതെ വിടില്ലെന്ന് പറഞ്ഞ് തന്നെക്കൊണ്ട് അവര്‍ ചവച്ചിറക്കിച്ചുവെന്ന് ശൗക്കത്ത് പറഞ്ഞു. രണ്ട് മണിക്കൂര്‍ നേരം നീണ്ട ആക്രമണം അറിഞ്ഞ് പൊലീസ് വന്നിട്ടും അവര്‍ പിരിഞ്ഞുപോയില്ല. ഒടുവില്‍ പൊലീസ് സി.ആര്.പി.എഫുമാെയത്തി ശൗക്കത്തിനെ കസ്റ്റഡിയിലെടുത്ത് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ആക്രമണം നടത്തിയവരെ ഒരാളെപ്പോലും പിടിക്കാന്‍ തയാറായില്ല.
സിറ്റി ആശുപത്രിയിലേക്ക് കൊണ്ടുപോയ പൊലീസ് രാത്രി വീണ്ടും അവിടെനിന്ന് മടക്കി കൊണ്ടുവന്ന് ലോക്കപ്പിലാക്കി. വിഡിയോ വൈറലാകുകയും വാര്‍ത്ത പുറത്താകുകയും ചെയ്തതോടെ തിങ്കളാഴ്ച ഉച്ചക്ക് 12നാണ് ലോക്കപ്പില്‍നിന്ന് വീണ്ടും ആശുപത്രിയിലേക്ക് മാറ്റിയത്.
ഗുവാഹതിയില്‍നിന്ന് 250 കിലോമീറ്റര്‍ അകലെ ബിശ്വനാഥ് നഗരത്തില്‍ ബീഫിെൻറ പേരില്‍ ക്രൂരമായ ആക്രമണത്തിനിരയായ ശൗക്കത്ത് അലിയെ തിങ്കളാഴ്ച അര്‍ധരാത്രിയാണ് വിദഗ്ധ ചികിത്സക്കായി ഗുവാഹതി മെഡിക്കല്‍ കോളജിലെത്തിച്ചത്. ബിശ്വനാഥ് സിറ്റി ആശുപത്രിയില്‍ മതിയായ ചികിത്സ നല്‍കാത്തതില്‍ തേസ്പൂരിലെ ബി.ജെ.പി എം.പിയെ നാട്ടുകാര്‍ പ്രതിഷേധമറിയിച്ചപ്പോഴാണ് ഗുവാഹതിയിലേക്ക് മാറ്റിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.