ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വ്യാപനം തടയുന്നതിൽ ബി.ജെ.പി സർക്കാറുകളുടെ ദയനീയ പരാജയത്തെ പരിഹസിച്ച് മുൻ കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ യശ്വന്ത് സിൻഹ. കേന്ദ്ര നയങ്ങൾക്കെതിരെ കടുത്ത വിമർശനവുമായി ഇടവിട്ട് സമൂഹ മാധ്യമങ്ങളിൽ എത്തുന്ന സിൻഹ മണിക്കൂറുകളുടെ ഇടവേളയിൽ ചെയ്ത രണ്ടു ട്വീറ്റുകളും കോവിഡ് വിഷയം ഇത്രമേൽ രൂക്ഷമായ പ്രതിസന്ധി വന്നിട്ടും ഒന്നും ചെയ്യാനാകാതെ കൈയുംകെട്ടിനിൽക്കുന്ന ബി.ജെ.പി സർക്കാറുകളെ കണക്കിന് വിമർശിക്കുന്നവയാണ്.
'ഭരണം പിടിക്കാൻ ഏറ്റവും മികച്ച വോട്ടിങ് മെഷീൻ അവർക്കുണ്ടാകാം. പക്ഷേ, ഭരണം അത്ര എളുപ്പമല്ലാത്ത മറ്റൊരു വിഷയമാണ്. നിലവിലെ പ്രതിസന്ധിക്കിടയിൽ രണ്ടും തമ്മിലെ അന്തരം ഗുജറാത്ത് നന്നായി കാണിച്ചുതരുന്നു. പക്ഷേ, എണ്ണമറ്റ മനുഷ്യരുടെ ചെലവിലാണ് ഇതെല്ലാം. ഇത് നമുക്ക് മറക്കാതിരിക്കാം, പൊറുക്കാതിരിക്കാം'- എന്നാണ് ആദ്യത്തെ ട്വീറ്റ്.
മണിക്കൂറുകൾ കഴിഞ്ഞ് ഓക്സിജൻ ക്ഷാമമാണ് അടുത്ത വിഷയമായി സിൻഹ ഉന്നയിക്കുന്നത്. ''അന്തരീക്ഷത്തിൽ വേണ്ടുവോളം ഉള്ളതാണ് ഓക്സിജൻ. എവിടെനിന്നും അത് പ്രയോജനപ്പെടുത്താവുന്നതേയുള്ളൂ. പക്ഷേ, മോദി ഭരണത്തിൽ അതും ആവശ്യത്തിനില്ല. അതുവഴി വിലപ്പെട്ട മനുഷ്യ ജീവനുകൾ പൊലിയുന്നു. ഈ മരണങ്ങൾക്ക് ആരാണ് ഉത്തരവാദികൾ, നിങ്ങളോ ഞാനോ അതോ...?''എന്നും സിൻഹ ചോദിക്കുന്നു.
രണ്ടു ട്വീറ്റുകളെയും അനുകൂലിച്ച് പ്രതികരിക്കുന്നവർക്കൊപ്പം പതിവുപോലെ കടുത്ത വിമർശകരും സജീവമായുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.