മുംബൈ: മഹാരാഷ്ട്രയിൽ പൊതു സമ്മേളനത്തിനിടെ ബി.ജെ.പിക്കെതിരെ രൂക്ഷ വിമർശനവുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. തെരഞ്ഞെടുത്ത ഏതാനും ‘ചിലർക്ക്’ മാത്രം എല്ലാ ആനുകൂല്യങ്ങളും ലഭിക്കുക എന്നതാണ് ബി.ജെ.പിയുടെ ആവശ്യമെന്ന് രാഹുൽ ആരോപിച്ചു.
“നേരത്തെ ഇന്ത്യയിലുണ്ടായിരുന്നത് രാഷ്ട്രീയ പോരാട്ടമായിരുന്നു. എന്നാലിന്ന് ആശയപരമായ പോരാട്ടമാണ്. നമുക്ക് വേണ്ടത് സാമൂഹിക പുരോഗതിയാണ്, എന്നാൽ ബി.ജെ.പിക്ക് ഏതാനും ‘ചിലർക്ക്’ മാത്രം എല്ലാ ആനുകൂല്യങ്ങളും ലഭിക്കുക എന്നതാണ് ആവശ്യം. രാജ്യത്തിന്‍റെ ഓരോ കോണിലും ബി.ജെ.പി വിദ്വേഷം പരത്തുന്നത് പുതിയ കാര്യമല്ല. അവർ പതിറ്റാണ്ടുകളായി ഇക്കാര്യം ചെയ്യുന്നുണ്ട്. ശിവാജിയുടെയും ഫുലെയുടെയും അംബേദ്കറുടെയും ആശയമാണ് കോൺഗ്രസ് പിന്തുടരുന്നത്. ശിവാജി മഹാരാജിന്‍റെ പ്രതിമ തകർന്നുവീണത് അദ്ദേഹത്തോടുള്ള അനാദരവാണ്. ഇക്കാര്യത്തിൽ മഹാരാഷ്ട്രയിലെ ഓരോ വ്യക്തിയോടും പ്രധാനമന്ത്രി ക്ഷമ ചോദിക്കണം.” -രാഹുൽ പറഞ്ഞു.
രാഹുൽ ഗാന്ധിയും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും ചേർന്ന് കോൺഗ്രസ് മുൻ നേതാവ് പതംഗ്റാവു കദമിന്‍റെ പ്രതിമ സങ്ഗ്ലിയിൽ അനാഛാദനം ചെയ്തു. ഇതിനു പിന്നാലെ നടന്ന റാലിക്കു ശേഷമാണ് രാഹുൽ ബി.ജെ.പിയെ കടന്നാക്രമിച്ചത്. കഴിഞ്ഞ ഡിസംബറിൽ സിന്ധുദുർഗിൽ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത ശിവാജി പ്രതിമ, ആഗസ്റ്റ് 26നാണ് തകർന്നു വീണത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.