ന്യൂഡൽഹി: ഗുസ്തി ഫെഡറേഷൻ അധ്യക്ഷനെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് ഗുസ്തി താരങ്ങൾ മെഡലുകൾ ഗംഗയിൽ ഒഴുക്കാൻ ഒരുങ്ങിയതിൽ പ്രതികരിച്ച് ബ്രിജ് ഭൂഷൻ സിങ്. ഇന്ത്യ ടുഡേക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഗുസ്തിതാരങ്ങൾക്ക് മെഡലുകൾ ഗംഗയിൽ ഒഴുക്കണമെങ്കിൽ പിന്നെ ഞങ്ങൾക്ക് എന്ത് ചെയ്യാനാകുമെന്ന് ബ്രിജ് ഭൂഷൺ ചോദിച്ചു.
മെഡലുകൾ ഗംഗയിൽ ഒഴുക്കാനായിരുന്നു ഗുസ്തിതാരങ്ങൾ പോയത്. എന്നാൽ, അവർ മെഡലുകൾ രാകേഷ് ടികായത്തിന് നൽകി. ഇതാണ് ഇവരുടെ നിലപാട്. ഞങ്ങൾക്ക് എന്തു ചെയ്യാനാകുമെന്ന് ബ്രിജ് ഭൂഷൺ ചോദിച്ചു.ഇപ്പോൾ രാജിശയ കുറിച്ച് ചിന്തിക്കുന്നില്ല. നിലവിൽ എന്റെ കാലാവധി കഴിഞ്ഞു. വൈകാതെ ഗുസ്തി ഫെഡറേഷൻ അധ്യക്ഷ സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് നടത്തുമെന്നും ബ്രിജ് ഭൂഷൺ പറഞ്ഞു.
പൊലീസ് അന്വേഷണം നടക്കട്ടെ. എന്ത് സംഭവിക്കുമെന്ന് നോക്കാം. ഇപ്പോൾ ഒന്നും ഞങ്ങളുടെ കൈയിലില്ല. ഡൽഹി പൊലീസിന്റെ കൈയിലാണ് കേസ് ഇപ്പോൾ ഉള്ളതെന്നും ബ്രിജ് ഭൂഷൺ പറഞ്ഞു. ഞാൻ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ എന്നെ അറസ്റ്റ് ചെയ്യും. അതിൽ എനിക്കൊരു പ്രശ്നവുമില്ലെന്നും ബ്രിജ് ഭൂഷൻ പറഞ്ഞു.
സർക്കാറിൽനിന്ന് നീതി ലഭിക്കാത്തതിനാൽ, വിയര്‍പ്പൊഴുക്കി നേടിയ മെഡലുകള്‍ക്ക് വിലയില്ലാതായെന്നും അവ ഗംഗയിൽ ഒഴുക്കിക്കളയുകയാണെന്നും പ്രഖ്യാപിച്ചായിരുന്നു ഒളിമ്പിക് താരങ്ങളടക്കമുള്ള പ്രക്ഷോഭകർ ചൊവ്വാഴ്ച വൈകീട്ട് ഹരിദ്വാറിൽ ഗംഗാതീരത്ത് എത്തിയത്. ബന്ധുക്കളും താരങ്ങളെ പിന്തുണക്കുന്ന നൂറുകണക്കിന് ആളുകളും ദേശീയ പതാകയുമേന്തി അവർക്കൊപ്പം ചേർന്നു. മെഡലുകൾ കെട്ടിപ്പിടിച്ച് ഏറെ നേരം കരഞ്ഞതിന് ശേഷം ഗംഗയിൽ ഒഴുക്കാൻ ഒരുങ്ങവെ ഭാരതീയ കിസാൻ യൂനിയൻ നേതാവ് നരേഷ് ടികായത്തിന്‍റെ നേതൃത്വത്തിൽ കർഷക നേതാക്കൾ എത്തി മെഡലുകൾ ഒഴുക്കുന്നതിൽ നിന്ന് തടയുകയായിരുന്നു.
പ്രശ്നപരിഹാരത്തിന് അഞ്ചു ദിവസത്തെ സമയം നൽകണമെന്ന് കർഷക നേതാക്കളുടെ അഭ്യർഥന താരങ്ങൾ അംഗീകരിച്ചതോടെയാണ് രണ്ടു മണിക്കൂർ നീണ്ട വൈകാരിക രംഗങ്ങൾക്ക് താൽക്കാലിക ശമനം ഉണ്ടായത്. താരങ്ങളുമായി സംസാരിച്ച നരേഷ് ടികായത്ത് മെഡലുകൾ ഏറ്റുവാങ്ങി. അഞ്ചു ദിവസത്തിനകം നടപടിയുണ്ടായില്ലെങ്കിൽ തിരികെ എത്തുമെന്ന് പ്രഖ്യാപിച്ചാണ് ഗുസ്തി താരങ്ങൾ മടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.