‘ഈ രാജ്യം ആരുടെയും പിതാവിന്റെ വകയല്ല’; പാകിസ്താനിലേക്ക് പോകാൻ പറഞ്ഞ ബി.ജെ.പി വക്താവിന് മറുപടിയുമായി ആർ​.ജെ.ഡി നേതാവ്

തന്നോട് കുടുംബത്തോടൊപ്പം പാകിസ്താനിലേക്ക് പോകാൻ നിർദേശിച്ച ബി.ജെ.പി വക്താവ് നിഖില്‍ ആനന്ദിന് ചുട്ട മറുപടിയുമായി ആർ.ജെ.ഡി നേതാവും മുൻ മന്ത്രിയുമായ അബ്ദുൽ ബാരി സിദ്ദീഖി. ഈ രാജ്യം ആരുടെയും പിതാവിന്റെ വക​യല്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. രാജ്യത്തെ സ്ഥിതി വളരെ മോശമാണെന്നും അതുകൊണ്ട് വിദേശത്ത് പഠിക്കുന്ന തന്റെ മക്കളോട് അവിടെ പൗരത്വം നേടാന്‍ കഴിയുമെങ്കില്‍ അവിടെത്തന്നെ തുടരാനാണ് നിർദേശിച്ചതെന്നുമുള്ള സിദ്ദീഖിയുടെ പ്രസ്താവനക്ക് പിന്നാലെയാണ് അദ്ദേഹത്തോട് കുടുംബത്തോടൊപ്പം പാകിസ്താനിലേക്ക് പോകാൻ ബി.ജെ.പി വക്താവ് ആവശ്യപ്പെട്ടത്.

‘‘എന്റെ മകന്‍ ഹാര്‍വാര്‍ഡ് സര്‍വകലാശാലയിലാണ് പഠിക്കുന്നത്. മകള്‍ ലണ്ടൻ സ്കൂൾ ഓഫ് ഇകണോമിക്സിൽനിന്ന് കോഴ്സ് പൂർത്തിയാക്കി. രാജ്യത്തെ സ്ഥിതി വളരെ മോശമാവുകയാണെന്നും അതുകൊണ്ട് അവിടെ തന്നെ ജോലി നോക്കുന്നതാണ് നല്ലതെന്നും കഴിയുമെങ്കില്‍ പൗരത്വം സംഘടിപ്പിച്ച് അവിടുത്തെ പൗരന്മാരായി ജീവിക്കണമെന്നുമാണ് ഞാന്‍ അവരോട് നിർദേശിച്ചത്. ഒരാളെ സംബന്ധിച്ച് തന്റെ മക്കളോട് ജന്മനാട്ടിലേക്ക് മടങ്ങിവരേണ്ടെന്ന് പറയുന്നത് എത്രത്തോളം സങ്കടകരമാണ്’’, എന്നിങ്ങനെയായിരുന്നു കഴിഞ്ഞയാഴ്ച നടന്ന ​ഒരു ചടങ്ങിൽ അബ്ദുൽ ബാരി സിദ്ദീഖി പറഞ്ഞിരുന്നത്. ഇതിന്റെ വിഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു.

ഇതിന് പിന്നാലെയാണ് മുന്‍ മന്ത്രി രാജ്യവിരുദ്ധ പ്രസ്താവന നടത്തിയെന്നും മക്കളോട് രാജ്യത്തേക്ക് വരേണ്ടെന്ന് പറഞ്ഞ സിദ്ദീഖി കുടുംബത്തോടെ പാകിസ്താനിലേക്ക് പോകണമെന്നും ആവശ്യപ്പെട്ട് നിഖില്‍ ആനന്ദ് രംഗത്തുവന്നത്. ട്വിറ്ററില്‍ പങ്കുവെച്ച വിഡിയോയില്‍ സിദ്ദീഖിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് അദ്ദേഹം ഉന്നയിക്കുന്നത്. ‘‘അബ്ദുൽ ബാരി സിദ്ദീഖി ഒരു മതേതര നേതാവാണെന്ന് സ്വയം അവകാശപ്പെട്ട ശേഷം രാജ്യത്തിനും രാജ്യത്തെ ഹിന്ദുക്കള്‍ക്കും എതിരെയാണ് സംസാരിക്കുന്നത്. ഇന്ത്യയില്‍ ജീവിക്കുകയും ഇവിടുത്തെ സംവിധാനങ്ങള്‍ ഉപയോഗിക്കുകയും ചെയ്യുന്നത് വീര്‍പ്പുമുട്ടിക്കുന്നുവെങ്കില്‍ മക്കളോട് വിദേശത്ത് ജീവിക്കാന്‍ പറയുന്നതിന് പകരം കുടുംബത്തോടൊപ്പം പാകിസ്താനിലേക്ക് പോകുകയാണ് വേണ്ടത്. മദ്‌റസ സംസ്‌കാരത്തിൽനിന്ന് പുറത്തുവരാൻ ഇക്കൂട്ടർക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. ഇത്തരക്കാർ മതേതരത്വത്തിന്റെയും ലിബറലിസത്തിന്റെയും മറവിൽ ദേശവിരുദ്ധവും മതപരവുമായ അജണ്ടകൾ നടത്തുന്നു’’, നിഖില്‍ ആനന്ദ് പറഞ്ഞു.

Tags:    
News Summary - 'This country belongs to no man's father'; RJD leader replied to BJP spokesperson who asked him to go to Pakistan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.