ന്യൂഡൽഹി: രാജ്യത്തെ ഓക്സിജൻ ക്ഷാമത്തിൽ കേന്ദ്രസർക്കാറിനെതിരെ രൂക്ഷവിമർശനവുമായി ഡൽഹി ഹൈകോടതി. വിഷയത്തിൽ കേന്ദ്രം ഇനിയും യാഥർഥ്യത്തിലേക്ക് ഉണർന്നില്ലേയെന്ന് കോടതി ചോദിച്ചു. ഓക്സിജൻ ഇല്ലാതെ ജനങ്ങൾ മരിക്കുന്നത് കാണാത്തത് എന്തുകൊണ്ടാണെന്നും മാക്സ് ഗ്രൂപ്പിന്‍റെ ഹരജി പരിഗണിക്കുന്നവേളയിൽ കോടതി ചോദിച്ചു.
വ്യവസായങ്ങൾക്ക് ഇപ്പോഴും ഓക്സിജൻ നൽകുന്ന കേന്ദ്രസർക്കാർ നടപടിയേയും കോടതി രൂക്ഷമായ ഭാഷയിൽ വിമർശിച്ചു. ജനങ്ങൾ മരിക്കുേമ്പാൾ വ്യവസായങ്ങളെ കുറിച്ചാണോ നിങ്ങൾ ചിന്തിക്കുന്നത്. ജനങ്ങളുടെ ജീവന് ഒരു വിലയുമില്ലെന്നാണോയെന്നും കോടതി ചോദിച്ചു. ചൊവ്വാഴ്ച വ്യവസായങ്ങൾക്ക് ഓക്സിജൻ നൽകുന്നത് നിർത്തിവെക്കാൻ കോടതി നിർദേശിച്ചിരുന്നു. സ്റ്റീൽ, പെട്രോളിയം വ്യവസായങ്ങൾക്കാണ് പ്രധാനമായും ഓക്സജൻ ആവശ്യമായി വരുന്നത്. എന്നാൽ, ഈ ഉത്തരവ് നടപ്പാക്കാതിരുന്നതാണ് കോടതിയെ ചൊടിപ്പിച്ചത്.
ഇത്തരമൊരു ഹരജി കോടതിക്ക് മുമ്പാകെ എത്തുമെന്ന് അറിയാമായിരുന്നു. നിങ്ങൾക്ക് സാഹചര്യമെന്തെന്ന് അറിയാം. ഇന്നലെ അതിനെ കുറിച്ച് കോടതിയും ഓർമപ്പെടുത്തിയതാണ്. അക്കാര്യത്തിൽ എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന് അറിയാൻ താൽപര്യമുണ്ടെന്ന പറഞ്ഞ കോടതി ഇക്കാര്യത്തിൽ ഫയലുകൾ മാത്രം സമർപ്പിച്ചാൽ മതിയാകില്ലെന്നും ഓർമപ്പെടുത്തി.
പൊതുമേഖല എണ്ണകമ്പനികളിൽ നിന്ന് ഓക്സിജൻ ആശുപത്രികൾക്ക് നൽകാനുള്ള ക്രമീകരണം ഒരുക്കണം. ഓക്സിജൻ വിതരണം ഉറപ്പാക്കേണ്ടത് കേന്ദ്രസർക്കാറിന്‍റെ ബാധ്യതയാണെന്നും കോടതി ഓർമിപ്പിച്ചു. ഡൽഹിയെ കുറിച്ച് മാത്രമല്ല ഞങ്ങളുടെ ആശങ്ക. ഇന്ത്യയിൽ ഓക്സിജൻ വിതരണം നടത്താൻ കേന്ദ്രസർക്കാർ സ്വീകരിച്ച നടപടികൾ അറിയാൻ താൽപര്യമുണ്ടെന്നും കോടതി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.