ഗുജറാത്തിലെ ഒരു സ്വകാര്യ സ്ഥാപനത്തിലെ ഏതാനും ഒഴിവുകളിലേക്ക് അഭിമുഖം നടത്തിയപ്പോൾ ജോലി തേടിയെത്തിയത് നൂറുകണക്കിന് ഉദ്യോഗാർഥികൾ. ഹോട്ടലിനകത്തും പുറത്തുമായി കൂടിനിൽക്കുന്ന ഉദ്യോഗാർഥികളുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി. ഗുജറാത്തിലെ തൊഴിലില്ലായ്മയുടെ യഥാർഥ മുഖം വെളിപ്പെടുത്തുന്നതാണ് ഈ ദൃശ്യങ്ങളെന്ന് പലരും ചൂണ്ടിക്കാട്ടുന്നു.
അങ്ക്ലേശ്വറിലെ ലോർഡ്സ് പ്ലാസാ ഹോട്ടലിൽ തെർമാക്സ് എന്ന കമ്പനിയാണ് ഇന്‍റർവ്യൂ നടത്തിയത്. കമ്പനിയിലെ 10 ഒഴിവുകളിലേക്കായിരുന്നു അഭിമുഖം. എന്നാൽ, ജോലി തേടിയെത്തിയ യുവാക്കളെ കൊണ്ട് ഹോട്ടൽ നിറഞ്ഞു. ഹോട്ടലിനുള്ളിലെ തിരക്ക് പുറത്തേക്കും നീണ്ടു. തിരക്ക് മൂലം ഹോട്ടലിന്‍റെ കൈവരി തകരുന്ന അവസ്ഥയുമുണ്ടായി.
'ഇത് ബിഹാറോ യു.പിയോ രാജസ്ഥാനോ അല്ല' എന്ന അടിക്കുറിപ്പോടെയാണ് മാധ്യമപ്രവർത്തകൻ മുഹമ്മദ് സുബൈർ വിഡിയോ പങ്കുവെച്ചത്.
അതേസമയം, ഗുജറാത്തിൽ തൊഴിലില്ലായ്മ ഇല്ല എന്ന വാദവുമായി ചിലർ സമൂഹമാധ്യമങ്ങളിൽ രംഗത്തെത്തി. തെർമാക്സ് എന്ന കമ്പനി പുതിയ ആളുകളെയല്ല അഭിമുഖത്തിന് വിളിച്ചതെന്നും നാല് വർഷത്തിൽ കൂടുതൽ മുൻപരിചയം ഉള്ളവരെയാണെന്നുമായിരുന്നു ഇവരുടെ വാദം. അഭിമുഖത്തിന്‍റെ നോട്ടിഫിക്കേഷനും ഇവർ പോസ്റ്റ് ചെയ്തു. ഇതോടെ, വൻ ട്രോളുകൾ വീണ്ടുമെത്തി. ഇത്രയേറെ പേർ നല്ലനിലയിൽ ജോലി ചെയ്യുന്നവരാണെങ്കിൽ പിന്നെ എന്തിനാണ് ഈ വെയിലത്ത് ഇവർ തിക്കിത്തിരക്കി അഭിമുഖത്തിന് കാത്തുനിൽക്കുന്നത് എന്നായിരുന്നു ചിലരുടെ ചോദ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.