കൊൽക്കത്ത: എക്കാലത്തും രാജ്യത്തെ രാഷ്ട്രീയ സിരാകേന്ദ്രങ്ങളിലൊന്നായിരുന്നു ബംഗാൾ. എന്നാലീ സംസ്ഥാനം ഇതുപോലൊരു നിയമസഭ തെരഞ്ഞെടുപ്പ് സീസണിന് സാക്ഷ്യംവഹിച്ചിട്ടില്ല.
നാളിതുവരെയും ഇന്നാട്ടിൽ ഒരു രാഷ്ട്രീയശക്തിയായി വിലയിരുത്തപ്പെടാതിരുന്ന ബി.ജെ.പി ഭരണം പിടിച്ചെടുക്കാനുള്ള കഠിനയത്നത്തിലാണ്.
പശ്ചിമ ബംഗാളിൽ ബി.ജെ.പിയുടെ വരവും വളർച്ചയും തികച്ചും നാടകീയമായിരുന്നു. 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ 42ൽ 18 സീറ്റുകളും അവർ പിടിച്ചു. ഭരണത്തിലുള്ള തൃണമൂൽ കോൺഗ്രസ് 22ഉം കോൺഗ്രസ് രണ്ടും സീറ്റുകൾ നേടിയപ്പോൾ 34 വർഷം ബംഗാൾ ഭരിച്ച ഇടതുപാർട്ടികൾ വട്ടപ്പൂജ്യമായി.
2016ലെ നിയമസഭ തെരഞ്ഞെടുപ്പിൽ തൃണമൂൽ 210 സീറ്റുകളും കോൺഗ്രസ്-ഇടതു പാർട്ടികൾ 77 ഉം ബി.ജെ.പി മൂന്നും സീറ്റുകൾ നേടിയ സ്ഥാനത്താണിതെല്ലാം.
ബി.ജെ.പിയുടെ വരവ് സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് രസതന്ത്രംതന്നെ മാറ്റിമറിച്ചിട്ടുണ്ട്. സ്വാതന്ത്ര്യത്തിനു മുേമ്പ ഇടതുപാരമ്പര്യം രക്തത്തിൽ കലർന്ന ബംഗാളിൽ സാമ്പത്തിക നയങ്ങളും ജനാധിപത്യമൂല്യങ്ങളുമെല്ലാമാണ് തെരഞ്ഞെടുപ്പ് വിഷയങ്ങളായിരുന്നതെങ്കിൽ ഇക്കുറി കാര്യങ്ങളെല്ലാം ജാതിയിലും മതത്തിലുമധിഷ്ഠിതമാണ്.
രാഷ്ട്രീയമായി മാത്രം വേറിട്ടുനിന്നിരുന്ന ബംഗാളി വോട്ടർമാരെ വർഗീയമായി ധ്രുവീകരിക്കുന്നതിൽ ഒരുപരിധിവരെ ബി.ജെ.പി വിജയം കണ്ടിരിക്കുന്നു.
തൃണമൂൽ ഭരണത്തിനുകീഴിൽ സംസ്ഥാനത്തിന് വികസനമില്ലെന്നും രാഷ്ട്രീയാതിക്രമങ്ങൾ അരങ്ങേറുന്നുവെന്നുമെല്ലാം പറഞ്ഞ് പൊതുപ്രചാരണം നടത്തുന്നുണ്ടെങ്കിലും പൗരത്വഭേദഗതി നിയമത്തിനും മറ്റുമാണ് കൂടുതൽ ഊന്നൽ. പഴയ കിഴക്കൻ പാകിസ്താനിൽനിന്നെത്തിയവർക്ക് പൗരത്വം ഉറപ്പാക്കുമെന്ന് വാഗ്ദാനം നൽകുേമ്പാൾ തെക്കുവടക്കൻ ബംഗാളിലെ ജനസംഖ്യയിൽ നല്ല ശതമാനം വരുന്ന കുടിയേറ്റ സമൂഹത്തെ ഒപ്പം നിർത്താനാകുമെന്ന് ബി.ജെ.പി കണക്കുകൂട്ടുന്നു.
കിഴക്കൻ ബംഗാളിൽനിന്നുള്ള പട്ടികജാതി വിഭാഗമായ മതുവാ സമുദായമാണ് ബി.ജെ.പി വരുതിയിൽനിർത്താൻ ശ്രമിക്കുന്ന മറ്റൊരു സമൂഹം. നോർത്ത് 24 പർഗാന ജില്ലയിൽ അധിവസിച്ചുവരുന്ന ഇവർ സംസ്ഥാനത്തെ 20 സീറ്റുകളിലെങ്കിലും നിർണായക ശക്തിയാണ്.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പലവട്ടം ഇവിടെ സന്ദർശനം നടത്തുകയും പൗരത്വഭേദഗതി നിയമം വൈകാതെ നിലവിൽവരുമെന്നും ഉറപ്പുനൽകിക്കഴിഞ്ഞു. ഇത് വ്യാജവാഗ്ദാനമാണെന്ന് സി.പി.എം ആരോപിക്കുേമ്പാൾ ഈ സമൂഹത്തിന് പൗരത്വം ലഭിക്കാനുതകും വിധത്തിൽ ഭൂമി പട്ടയം അനുവദിച്ചതും മറ്റും താനാണെന്ന് സ്ഥാപിച്ചെടുക്കാൻ ശ്രമിക്കുന്നു മുഖ്യമന്ത്രി മമത.
തൃണമൂലിനൊപ്പം നിന്നിരുന്ന സംസ്ഥാനത്തെ വോട്ടർമാരുടെ 35 ശതമാനം വരുന്ന പട്ടികജാതി വിഭാഗങ്ങൾക്കിടയിൽ 2019ലെ പൊതുതെരഞ്ഞെടുപ്പിൽ ബി.ജെ.പി കാര്യമായ മുന്നേറ്റം കൈവരിച്ചിരുന്നു.
തെക്കൻ ബംഗാളിലെ പുരുലിയ, ബങ്കുര, മിഡ്നാപുർ ജില്ലകളുടെ ഉൾഗ്രാമങ്ങളിൽപോലും രാമക്ഷേത്രങ്ങൾ പണിത് അതിെൻറ മറവിൽ ഗോത്രവർഗ സമൂഹങ്ങൾക്കിടയിൽ സ്വാധീനമുറപ്പിക്കാൻ ബി.ജെ.പി ശ്രമിച്ചുവരുന്നു.
സി.പി.എം കുത്തകയാക്കിവെച്ചിരുന്ന ഗോത്രവോട്ടുകൾ ഇടതുഭരണത്തിെൻറ തകർച്ചക്കും മാവോവാദികളുടെ വരവിനും പിന്നാലെ കൈവിട്ടുപോവുകയായിരുന്നു. രണ്ടു രൂപക്ക് അരി ഉൾപ്പെടെയുള്ള പദ്ധതികളുമായി തൃണമൂൽകോൺഗ്രസ് അവസരം മുതലാക്കി.
ഗോത്രവർഗ സാഹിത്യ അക്കാദമി ഉൾപ്പെടെയുള്ള പദ്ധതികളുമായി മമത ബാനർജി ആ വോട്ടുബാങ്കിനു പിന്നാലെയുണ്ട്. എന്നാൽ, തൃണമൂൽ അതിക്രമങ്ങളെ പ്രതിരോധിക്കാൻ സി.പി.എം അനുഭാവികൾ കൂട്ടമായി ഒപ്പം ചേരുന്നതാണ് ബി.ജെ.പിയുടെ വോട്ട് വിഹിതം വർധിക്കാൻ വഴിയൊരുക്കുന്നതെന്ന് വിലയിരുത്തപ്പെടുന്നുണ്ട്.
ബംഗാളിലെ ന്യൂനപക്ഷവോട്ടർമാർ ആർക്കൊപ്പം നിൽക്കും എന്നത് അതി നിർണായകമായ ചോദ്യമാണ്.
30 ശതമാനം വരും ഇവിടെ മുസ്ലിം വോട്ടർമാർ. സമുദായം ഒന്നടങ്കം ഒരേ പാറ്റേണിലാണ് വോട്ടുചെയ്യുകയെന്നതിനാൽ തെരഞ്ഞെടുപ്പ് ഫലം തീരുമാനിക്കുന്നതിൽതന്നെ അവർ ഗണ്യമായ പങ്കുവഹിക്കും.
ആദ്യമവർ ഇടതുപക്ഷത്തെയാണ് തുണച്ചുപോന്നത്. എന്നാൽ വമ്പൻ വ്യവസായികൾക്കായി സാധാരണക്കാരുടെ ഭൂമി പിടിച്ചെടുക്കാനുള്ള ഇടതു സർക്കാർ തീരുമാനം അവരെ നിലപാട് മാറ്റാനും തൃണമൂലിനെ തുണക്കാനും നിർബന്ധിതരാക്കി. ആ പിന്തുണ നിലനിർത്താനാകുമോ എന്നത് തൃണമൂലിനെ സംബന്ധിച്ചിടത്തോളം നിലനിൽപ്പിെൻറ പ്രശ്നമാണ്.
മാൾഡയും മുർഷിദാബാദുമുൾപ്പെടെയുള്ള ന്യൂനപക്ഷ ശക്തികേന്ദ്രങ്ങളും അതുവഴി തങ്ങളുടെ പഴയ പ്രഭാവവും തിരിച്ചുപിടിക്കാൻ ഇടതുപക്ഷവും കോൺഗ്രസും കിണഞ്ഞുശ്രമിക്കുന്നുണ്ട്. മുസ്ലിം സമൂഹത്തിനിടയിൽ വലിയ സ്വാധീനമുള്ള ഫുർഫുറ ശരീഫ് പ്രസ്ഥാനങ്ങളുടെ തലവൻ അബ്ബാസ് സിദ്ദീഖി നേതൃത്വം നൽകുന്ന ഇന്ത്യൻ സെക്കുലർ ഫ്രണ്ടിെൻറ സാന്നിധ്യമാണ് ഈ തെരഞ്ഞെടുപ്പിലെ മറ്റൊരു ശ്രദ്ധേയ ഘടകം.
കോൺഗ്രസ്-ഇടതു സഖ്യത്തിനൊപ്പം ചേർന്ന് തെരഞ്ഞെടുപ്പിനെ നേരിടുന്ന അവർ 30 സീറ്റുകളിലെങ്കിലും മത്സരിക്കുന്നുണ്ട്. അസദുദ്ദീൻ ഉവൈസിയുടെ മജ്ലിസും കളത്തിലുണ്ട്.
ബി.ജെ.പി ഉൾപ്പെടെ എല്ലാ പ്രതിപക്ഷ പാർട്ടികളും ഒറ്റക്കെട്ടായി പറയുന്ന ഒരു കാര്യമുണ്ട്. മമത ബാനർജി സർക്കാർ സംസ്ഥാനത്തെ മുസ്ലിംകളുടെ വികസനത്തിനായി ഒന്നും ചെയ്തില്ല എന്ന്.
കുടിയേറ്റ ജനതക്കിടയിൽ പൗരത്വ ഭേദഗതി ഉയർത്തിക്കാട്ടി വോട്ടുചോദിക്കുന്നതിനിടെ പൊതുതെരഞ്ഞെടുപ്പിൽ തുണച്ച ആദിവാസികളായ രാജബങ്ശി സമൂഹത്തിെൻറ എതിർപ്പും ബി.ജെ.പി നേരിടേണ്ടിവരും. അതിർത്തി കടന്നെത്തിയവർ തങ്ങളുടെ ഭൂമി കൈയടക്കിയെന്നാണ് അവരുടെ ആവലാതി.
ഗൂർഖാലാൻഡ് വാഗ്ദാനം നടപ്പാക്കുന്നതിൽ വരുത്തിയ വീഴ്ച ഡാർജിലിങ് ഉൾപ്പെടെ സംസ്ഥാനത്തിെൻറ മലയോര മേഖലകളിൽ ബി.ജെ.പിക്ക് ക്ഷീണം വരുത്തും. മലയോര ജില്ലകളായ ഡാർജിലിങ്, കലിംപോങ്, കുർസിയോങ് എന്നിവിടങ്ങളിലും ടെറായ്, ഡൂറാസ് മേഖലയിലും മികച്ച സ്വാധീനമുള്ള ഗൂർഖ ജൻമുക്തിമോർച്ച മേധാവി ബിമൽ ഗുരങ് ബി.ജെ.പിയെ കൈയൊഴിഞ്ഞ് ഒപ്പം ചേർന്നത് മമതക്ക് ആശ്വാസവും പകരും.
ബംഗാളിൽ നടക്കുന്നത് തൃണമൂലും ബി.ജെ.പിയും തമ്മിലെ നേരിട്ട പോരാട്ടമാണെന്ന വിലയിരുത്തലാണ് അച്ചടി ദൃശ്യ മാധ്യമങ്ങൾക്കെല്ലാം. എന്നാൽ സി.പി.എം നടത്തുന്ന റാലികളിൽ പഴയ പ്രതാപം ഓർമപ്പെടുത്തും വിധം വൻതോതിലാണ് ജനങ്ങൾ ഒത്തുചേരുന്നത്.
വീടുവീടാന്തരം കയറിയുള്ള പ്രചാരണമാണ് കോൺഗ്രസ്-ഇടത് സഖ്യം ആവിഷ്കരിച്ചിരിക്കുന്നത്. വ്യവസായങ്ങൾ യാഥാർഥ്യമാക്കുവാനും തൊഴിലവസരങ്ങൾ സൃഷ്ടിക്കുവാനും പരാജയപ്പെട്ടുവെന്നതാണ് മമത സർക്കാറിനെതിരായ അവരുടെ മുഖ്യ പ്രചാരണായുധം. എടുത്തുപറയാൻ തക്ക നേതാക്കളൊന്നും തകർന്നുപോയ കോട്ടയിൽ ഇടതുപക്ഷത്തിന് അവശേഷിപ്പില്ല. കോൺഗ്രസാവട്ടെ വളരെ ചെറിയ മട്ടിലുള്ള പ്രചാരണങ്ങൾ മാത്രമാണ് നടത്തുന്നത്. രാഹുൽ ഗാന്ധി ഇൗ വഴിക്ക് വന്നിട്ടേയില്ല.
സുവേന്ദു അധികാരിയുൾപ്പെടെ ഒരുപറ്റം പഴയ വിശ്വസ്തർ ശത്രുപാളയത്തിലേക്ക് ചേക്കേറിയതാണ് മമത നേരിടുന്ന വലിയൊരു തിരിച്ചടി. പ്രധാനമന്ത്രി മോദിയും അമിത് ഷായും പാർട്ടി അധ്യക്ഷൻ ജെ.പി. നഡ്ഡയുമുൾപ്പെടെ മുൻനിര നേതാക്കൾ നേരിട്ടിറങ്ങിയാണ് ബംഗാളിനെ മുഷ്ടിയിലൊതുക്കാൻ ആവതു പണിപ്പെടുന്നത്.
മറുവശത്ത് ഇവരെ എല്ലാവരെയും എതിരിടുന്നത് ഒറ്റക്കൊരു മമതയാണ്. ബംഗാളിെൻറ പുത്രിയായ തന്നെ എല്ലാ മണ്ഡലങ്ങളിലെയും സ്ഥാനാർഥിയായി കണക്കാക്കൂ എന്നാണ് അവർ വോട്ടർമാരോട് അഭ്യർഥിക്കുന്നതുതന്നെ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.