തൂത്തുകുടി കസ്റ്റഡിമരണം: സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത്​; പൊലീസി​െൻറ വാദങ്ങൾ പൊളിയുന്നു

ചെന്നൈ: തൂത്തുകുടി കസ്റ്റഡിമരണത്തില്‍ പൊലീസ് വാദം തെറ്റെന്ന് തെളിയിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്. പൊലീസിനെ ബെനിക്‌സ് മര്‍ദ്ദിച്ചെന്നും അറസ്​റ്റിനെ എതിർത്തെന്നുമായിരുന്നു എഫ്.ഐ.ആര്‍. എന്നാല്‍, പൊലീസിനോട് സംസാരിച്ച് ബെനിക്‌സ് മടങ്ങിവരുന്ന ദൃശ്യങ്ങളാണ്​ ഇപ്പോൾ പുറത്തുവന്നത്​. കടയുടെ മുന്നിൽ വലിയ ആൾക്കൂട്ടം ഉണ്ടായിരുന്നെന്നും ബലം പ്രയോഗിച്ച്​ അറസ്​റ്റ്​ ചെയ്യേണ്ടി വന്നെന്നുമായിരുന്നു പൊലീസ്​ പറഞ്ഞിരുന്നത്​. 

കടയുടെ മുന്നില്‍ സംഘര്‍ഷമോ ജനക്കൂട്ടമോ ഉണ്ടായിരുന്നില്ലെന്ന്​ പുറത്തു വന്ന സി.സി.ടി.വി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്.

ബെനിക്‌സി​െൻറ മൊബൈല്‍ കടയില്‍ രാത്രി ഒമ്പതിന്​ ശേഷവും വന്‍ ജനകൂട്ടം ആയിരുന്നുവെന്നും ഇത് ചോദ്യം ചെയ്ത പൊലീസിനെ ആക്രമിച്ചുവെന്നുമാണ് എഫ്‌ഐആര്‍. കസ്റ്റഡിയിലെടുക്കാന്‍ ശ്രമിച്ചപ്പോള്‍ ബലം പ്രയോഗിച്ചുവെന്നും പരിക്കേറ്റെന്നുമാണ് വാദം.

എന്നാല്‍, ഇത്തരത്തിൽ ബലം പ്രയോഗം നടന്നതി​െൻറ ഒരു സൂചനയും സി.സി.ടി.വി ദൃശ്യങ്ങളില്‍ വ്യക്തമല്ല. കടയ്ക്ക് മുന്നിലോ സമീപത്തോ അക്രമമോ ബഹളമോ നടന്നിട്ടില്ലെന്ന് സമീപവാസികളും പറഞ്ഞിരുന്നു. പൊലീസിനോട്​ സംസാരിച്ച ശേഷം കടയടക്കാന്‍ ബെനിക്‌സ് തിരിച്ചെത്തുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്.

അതേസമയം, ആരോപണ വി​േധയമായ സാത്താന്‍കുളം പൊലീസ് സ്റ്റേഷ​െൻറ നിയന്ത്രണം റവന്യു ഉദ്യോഗസ്ഥര്‍ ഏറ്റെടുക്കും. മദ്രാസ് ഹൈക്കോടതിയുടേതാണ് തീരുമാനം. കോവില്‍പ്പെട്ടി ജുഡീഷ്യല്‍ മജിസ്ട്രേറ്റുമായി പൊലീസുദ്യോഗസ്ഥര്‍ സഹകരിക്കാത്ത സാഹചര്യത്തിലാണ് പൊലീസ് സ്റ്റേഷന്റെ നിയന്ത്രണം റവന്യൂ വകുപ്പിനോട് ഏറ്റെടുക്കാന്‍ ആവശ്യപ്പെട്ടത്. കേസ് സി.ബി.ഐക്ക് വിടു​കയാണെന്ന്​ മുഖ്യമന്ത്രി എടപ്പാടി കെ. പളനി സ്വാമി അറിയിച്ചിരുന്നു. 

സാത്താന്‍ കുളം പൊലീസ് സ്റ്റേഷനില്‍ രണ്ടാഴ്ച മുമ്പും പൊലീസ് മര്‍ദ്ദനത്തില്‍ പരിക്കേറ്റ് ഒരാളുടെ മരണം സംഭവിച്ചതായി ജുഡീഷ്യല്‍ കമ്മീഷന്‍ കണ്ടെത്തിയിരുന്നു. തൂത്തുക്കുടി സ്വദേശിയായ മഹേന്ദ്രനെയാണ് കൊലപ്പെടുത്തിയത്.

മഹേന്ദ്രന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്യാതെയാണ് സംസ്‌കരിച്ചത്. ഓട്ടോ മോഷണക്കേസില്‍ പിടിയിലായ മഹേന്ദ്രനെ സ്റ്റേഷനില്‍ വെച്ച് കടുത്ത മര്‍ദ്ദനത്തിനിരയാക്കിയെന്നുമാണ് പുറത്തു വരുന്ന വിവരങ്ങള്‍.

തൂത്തുകുടി ജില്ലയിലെ സാത്താന്‍കുളത്തെ ജയരാജനെയും, മകന്‍ ബെനിക്സിനെയും ലോക്ഡൗണ്‍ ലംഘിച്ചു കട തുറന്നതിനു വെള്ളിയാഴ്ചയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. രണ്ടു ദിവസം കസ്റ്റഡിയില്‍ വച്ചതിനുശേഷം തിങ്കളാഴ്ചയാണ് അറസ്റ്റ് രേഖപെടുത്തിയത്.

തുടര്‍ന്ന് ഇവരെ കോവില്‍പെട്ടി സബ് ജയിലിലേക്ക് അയക്കുകയായിരുന്നു. ഉച്ചയോടെ ബെനിക്സിന് നെഞ്ചുവേദന ഉണ്ടാവുകയും തൊട്ടടുത്തുള്ള കോവില്‍പെട്ടി ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയുമായിരുന്നു. പിന്നീട് ജയരാജന്റെ ആരോഗ്യ നിലയും വഷളാവുകയും മരിക്കുകയും ചെയ്തു.​

നേരിട്ട്​ കാണാതെയാണ്​ ഇരുവരെയും റിമാന്‍ഡ് ചെയ്യുന്നതിന് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് അനുമതി നൽകിയതെന്ന്​ ആരോപണം ഉണ്ട്​. റിമാൻഡിന്​ അയക്കു​േമ്പാഴുള്ള ആരോഗ്യ സ്​ഥിതി മജിസ്​ട്രേറ്റിന്​ ബോധ്യപ്പെട്ടിരുന്നെങ്കിൽ ഇരുവരെയും രക്ഷിക്കാമായിരുന്നെന്നാണ്​ പറയുന്നത്​. 

സംഭവത്തില്‍ സത്താന്‍കുളം പൊലീസ് സ്റ്റേഷനിലെ എസ്.ഐയെ സസ്പെന്റ് ചെയ്തു. സ്റ്റേഷനിലെ മുഴുവന്‍ പൊലീസുകാരെയും സ്ഥലം മാറ്റുകയും ചെയ്തിട്ടുണ്ട്. സംഭവത്തില്‍ വലിയ പ്രതിഷേധമാണ് വിവിധ മേഖലകളിൽ ഉണ്ടായത്​. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.