ആൾട്ട് ന്യൂസ് സുബൈറിന്റെ അറസ്റ്റിനെതിരെ കനത്ത പ്രതിഷേധം; 'വിദ്വേഷവും നുണകളും തുറന്നു കാട്ടുന്നവർ ബി.ജെപിക്ക് ഭീഷണി'

ന്യൂഡൽഹി: ആൾട്ട് ന്യൂസ് സഹ സ്ഥാപകൻ മുഹമ്മദ് സുബൈറിനെ അറസ്റ്റ് ചെയ്ത ഡൽഹി പൊലീസ് നടപടിക്കെതിരെ പ്രതിഷേധം കനക്കുന്നു. വാർത്തകളിലെയും സോഷ്യൽ മീഡിയയിലെ അവകാശ വാദങ്ങളിലെയും നുണകൾ കണ്ടെത്തി പൊളിക്കുന്ന ഇന്ത്യയിലെ പ്രശസ്ത ഫാക്ട് ഫൈൻഡിങ് വെബ്സൈറ്റാണ് സുബൈറും പ്രതീക് സിന്‍ഹയും ചേർന്ന് തുടങ്ങിയ ആൾട്ട് ന്യൂസ് ഡോട്ട് ഇൻ. സംഘ്പരിവാറിന്റെ നിരവധി നുണകൾ ഇവർ പൊളിച്ചടുക്കിയിരുന്നു. ബി.ജെ.പി നേതാവ് നുപൂർ ശർമയുടെ പ്രവാചക നിന്ദ വിഷയം വെളിച്ചത്ത് കൊണ്ടുവന്നതും സുബൈറിന്റെ നേതൃത്വത്തിൽ ആയിരുന്നു.

സത്യത്തിന്റെ ഒരു ശബ്ദം അടിച്ചമർത്തിയാൽ ആയിരം ശബ്ദം ഉയർന്നു വരുമെന്ന് സുബൈറിന്റെ അറസ്റ്റിനെ പരാമർശിച്ച് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു. 'വിദ്വേഷവും വെറുപ്പും നുണകളും തുറന്നു കാട്ടുന്നവർ ബി.ജെ.പിക്ക് ഭീഷണിയാണ്. സത്യത്തിന്റെ ഒരു ശബ്ദം അടിച്ചമർത്തിയാൽ ആയിരം ശബ്ദം ഉയർന്നു വരും. സത്യം സ്വേച്ഛാധിപത്യത്തിന് മേൽ വിജയിക്കും' അദ്ദേഹം പറ‍ഞ്ഞു.

വിദ്വേഷം വളർത്തുന്ന രീതിയിൽ ഇടപെടൽ നടത്തിയെന്ന് ആരോപിച്ചാണ് സുബൈറി​നെ ഇന്നലെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തത്. ബോളിവുഡ് സിനിമയിലെ രംഗം ട്രോൾ ചെയ്ത് 2018 ൽ പോസ്റ്റ് ചെയ്ത ഒരു ട്വീറ്റിന്‍റെ പേരിലായിരുന്നു നടപടി. അറസ്റ്റിനെതിരായ പരിരക്ഷ മുഹമ്മദ് സുബൈറിന് ഹൈക്കോടതി അനുവദിച്ചിരുന്നതാണെന്ന് ആള്‍ട്ട് ന്യൂസ് സഹസ്ഥാപകനായ പ്രതീക് സിന്‍ഹ ട്വീറ്റ് ചെയ്തു. സുബൈറിനെ അന്വേഷണ സംഘം വിളിച്ചുവരുത്തി അറസ്റ്റ് ചെയ്യുകയായിരുന്നെന്നും അദ്ദേഹം ട്വീറ്റില്‍ പറയുന്നു.

അറസ്റ്റ് ചെയ്ത പൊലീസ് ഉദ്യോഗസ്ഥർ നെയിം ടാഗ് ധരിച്ചിരുന്നില്ലെന്നും വൈദ്യപരിശോധനയ്ക്ക് ശേഷം പൊലീസ് അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റിയെന്നും പ്രതീക് സിൻഹ പറഞ്ഞു. അഭിഭാഷകനോടോ സുഹൃത്തുക്കളോടോ പൊലീസ് സ്ഥലം വെളിപ്പെടുത്തിയിട്ടില്ലെന്നും ഇദ്ദേഹം വ്യക്തമാക്കി.

അമിത്ഷായുടെ ദില്ലി പോലീസിന് എന്നോ പ്രൊഫഷണലിസവും സ്വാതന്ത്ര്യവും നഷ്ടമായെന്ന് കോൺഗ്രസ് നേതാവ് ജയ്റാം രമേശ് പറഞ്ഞു. വ്യാജ അവകാശവാദങ്ങൾ തുറന്ന് കാണിക്കുന്ന ആളായിരുന്നു മുഹമ്മദ് സുബൈർ എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സുബൈറിന്റെ അറസ്റ്റ് സത്യത്തിന് എതിരായ ആക്രമണമെന്ന് ശശി തരൂർ അഭിപ്രായപ്പെട്ടു. സത്യാനന്തരകാലത്ത് തെറ്റായ വിവരങ്ങൾ തുറന്നുകാട്ടുന്ന മാധ്യമമായിരുന്നു 'ആൾട്ട് ന്യൂസ്' എന്നും തരൂർ ചൂണ്ടിക്കാട്ടി. 'നുണകൾ നിറഞ്ഞ നമ്മുടെ സത്യാനന്തര രാഷ്ട്രീയ കാലത്ത ഇന്ത്യയിലെ ചുരുക്കം വസ്തുതാ പരിശോധന മാധ്യമങ്ങളിൽ ഒന്നായ ആൾട്ട് ന്യൂസ് സുപ്രധാന സേവനമാണ് നിർവഹിക്കുന്നത്. എല്ലാ തരത്തിലുള്ള അസത്യങ്ങളെയും അവർ പൊളിച്ചടുക്കുന്നു. സുബൈറിന്റെ അറസ്റ്റ് സത്യത്തിനെതിരായ ആക്രമണമാണ്. അദ്ദേഹത്തെ ഉടൻ മോചിപ്പിക്കണം' -തരൂർ ട്വീറ്റ് ചെയ്തു.

വിദ്വേഷ പ്രസംഗങ്ങളും വിഷലിപ്തമായ വിവരങ്ങളും തുറന്നുകാട്ടുന്ന ആളായിരുന്നു മുഹമ്മദ് സുബൈറെന്നും ഡൽഹി പൊലീസിന്റെ നടപടി പ്രതികാരപരവും നിയമവിരുദ്ധവും ആണെന്നും സി.പി.എം ആ​രോപിച്ചു. തെലങ്കാന രാഷ്ട്ര സമിതിയും അറസ്റ്റിനെ അപലപിച്ച് രംഗ​ത്തെത്തി.

ലോകത്തിലെ ഏറ്റവും മികച്ച മാധ്യമപ്രവർത്തകരിൽ ഒരാളായ സുബൈറിന്റെ അറസ്റ്റിനെ ശക്തമായി അപലപിക്കുന്നുവെന്ന് തൃണമൂൽ എം.പി ഡെറിക് ഒബ്രിയാൻ വ്യക്തമാക്കി. 'എല്ലാ ദിവസവും ബിജെപിയുടെ കള്ളവാർത്താ ഫാക്ടറിയെ തുറന്നുകാട്ടുന്ന ആളാണ് സുബൈർ. നരേന്ദ്രമോദീ, അമിത് ഷാ, നിങ്ങൾ അടിസ്ഥാനപരമായി ഭീരുക്കൾ ആണ്' -അദ്ദേഹം ട്വീറ്റ് ചെയ്തു. 

Tags:    
News Summary - 'Those exposing BJP's bigotry…': Oppn condemns Alt News co-founder Mohammed Zubair's arrest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.