ഹൈദരാബാദ്: ഹിന്ദു എന്നത് ഭൂമിശാസ്ത്രപരമായ ഒരു സ്വത്വമാണെന്നും ഹിമാലയത്തിനും ഇന്ത്യൻ മഹാസമുദ്രത്തിനുമിടയിലെ പ്രദേശങ്ങളിൽ ജീവിക്കുന്നവരെല്ലാം ഹിന്ദുക്കളാണെന്നും ഭക്ഷ്യ-പൊതുവിതരണ, പരിസ്ഥിതി സഹമന്ത്രി അശ്വനി കുമാർ ചൗബെ. ഹൈദരാബാദിൽ ഭാരത് നീതി ഓർഗനൈസേഷൻ സംഘടിപ്പിച്ച ഡിജിറ്റൽ ഹിന്ദു കോൺക്ലേവ് പരിപാടിയിലാണ് മന്ത്രിയുടെ പരാമർശം.
നമ്മുടെ രാജ്യം അറിവിന്റെ നാടാണെന്ന വസ്തുത പല വിദേശ പണ്ഡിതന്മാരും അംഗീകരിച്ചതാണ്. ഇന്ത്യക്കാരനായതിൽ നാമെല്ലാവരും അഭിമാനിക്കണം. ഹിന്ദുത്വം ഒരു ജീവിത രീതിയാണ്. ഹിന്ദുവെന്ന വാക്ക് പരിമിതമായ അതിരുകളിൽ മാത്രം ഒതുക്കരുത്- ചൗബെ പറഞ്ഞു. ഹിന്ദു എന്നത് ഭൂമിശാസ്ത്രപരമായ ഒരു സ്വത്വമാണെന്നും ഹിമാലയത്തിനും ഇന്ത്യൻ മഹാസമുദ്രത്തിനും ഇടയിൽ ജീവിക്കുന്ന എല്ലാ ആളുകളും ഹിന്ദുക്കളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പരിപാടിയിലെ ഉത്തരേന്ത്യക്കാരുടെയും ദക്ഷിണേന്ത്യക്കാരുടെയും സാന്നിധ്യം രാജ്യത്തിന്‍റെ ഐക്യത്തെയാണ് സൂചിപ്പിക്കുന്നതെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. ലോകം അംഗീകരിക്കുന്ന ഊർജ്ജസ്വലമായ ജനാധിപത്യത്തിന്‍റെ ഉദാഹരണമാണ് ഇന്ത്യ. രാജ്യത്തെ നമ്മൾ അമ്മയായി കണ്ട് ഭാരത് മാതാ എന്ന് വിളിക്കുന്നു. ഇതാണ് നമ്മെ എല്ലാവരിൽ നിന്നും വ്യത്യസ്തമാക്കുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചൗബെയെ കൂടാതെ മുതിർന്ന ബി.ജെ.പി നേതാവ് മുരളീധർ റാവു, പാർട്ടി എം.പി മനോജ് തിവാരി എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.