ഉത്തരേന്ത്യയിൽ ഹിന്ദു-മുസ്ലിം വിഭാഗീയതക്ക് ഏറെ വേരോട്ടമില്ലാത്ത മണ്ണാണ് ഛത്തിസ്ഗഢ്. അവിടെ വർഗീയവാദത്തിന്റെ നെരിപ്പോടിൽ ആഞ്ഞ് ഊതുകയാണ് കവധ മണ്ഡലത്തിലൂടെ ബി.ജെ.പി. 95 ശതമാനം ഹിന്ദുക്കളായ കവധ മണ്ഡലത്തിൽനിന്ന് സംസ്ഥാനത്തെ ഏറ്റവും ഉയർന്ന ഭൂരിപക്ഷത്തിൽ മുഹമ്മദ് അക്ബർ എന്ന മുസ്ലിം സ്ഥാനാർഥിയെ നിയമസഭയിലേക്ക് അയച്ചതാണ് ബി.ജെ.പിയെ വിറളിപിടിപ്പിച്ചത്. തുടർച്ചയായി 15 വർഷം ബി.ജെ.പി മുഖ്യമന്ത്രിയായിരുന്ന രമൺ സിങ്ങിന്റെ നാട് കൂടിയാണ് കവധ.
ഇക്കുറിയും സംസ്ഥാനത്ത് കോൺഗ്രസിന്റെ ഏക മുസ്ലിം സ്ഥാനാർഥിയായ അക്ബർ ഇവിടെനിന്നുതന്നെയാണ് ജനവിധി തേടുന്നത്.കവധയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ട് സംസ്ഥാനത്ത് എത്തിയ അസം മുഖ്യമന്ത്രി ഹേമന്ദ ബിശ്വശർമയാണ് സംസ്ഥാനത്തെ ഏക മുസ്ലിം എം.എൽ.എയും മന്ത്രിയുമായ അക്ബറിന്റെ പേരിൽ വർഗീയപ്രചാരണം ആളിക്കത്തിച്ചത്. ‘യു.പിയിൽ ബാബറുണ്ടായിരുന്നു, മോദി പ്രധാനമന്ത്രിയായപ്പോൾ ബാബറെ മാറ്റി രാമനെ കൊണ്ടുവന്നു. ബാബർ, ഹുമയൂൺ, അക്ബർ തുടങ്ങിയ പേരുകൾ കേൾക്കുമ്പോൾ അവരെ ഓടിക്കണം. അസമിൽ ഇപ്പോൾ 30 ശതമാനം അവരാണുള്ളത്. ആദ്യം ഒരു അക്ബർ വരും, പിന്നാലെ 100 അക്ബർമാരും വരും’ എന്നായിരുന്നു അസം മുഖ്യമന്ത്രിയുടെ പ്രസംഗം. കോൺഗ്രസ് പരാതിയെ തുടർന്ന് തെരഞ്ഞെടുപ്പ് കമീഷൻ ഹേമന്ദ് ബിശ്വശർമക്ക് നോട്ടീസ് നൽകിയിട്ടുണ്ട്.
2021ൽ ആർ.എസ്.എസ് പ്രവർത്തകർ ആയുധങ്ങളുമായി വിദ്വേഷ മുദ്രാവാക്യം വിളിച്ചു നടത്തിയ മാർച്ചിനു പിന്നാലെ ഇരുവിഭാഗങ്ങൾ തമ്മിലുണ്ടായ വാക്തർക്കം സംഘർഷമായി മാറിയിരുന്നു. സംഭവത്തിലെ മുഖ്യപ്രതി വിജയ് ശർമയെയാണ് അക്ബറിനെ നേരിടാൻ ബി.ജെ.പി കളത്തിലിറക്കിയത്. സനാതന ധർമ സംരക്ഷണം, ലവ് ജിഹാദ്, ഹിന്ദുവിഭാഗം അപകടത്തിൽ തുടങ്ങിയ മുദ്രാവാക്യങ്ങളാണ് ശർമ മണ്ഡലത്തിൽ ഉയർത്തുന്നത്.
പേക്ഷ, ബി.ജെ.പി വർഗീയവിദ്വേഷ പ്രചാരണം കവധ ജനത ഏറ്റെടുക്കില്ലെന്നാണ് കോൺഗ്രസ് പ്രാദേശികനേതൃത്വം പറയുന്നത്. റായ്പുർകാരനായ അക്ബർ മുമ്പത്തേക്കാൾ ജനകീയനാണ് ഇന്ന് അവിടെ.അക്ബർ നല്ലവനാണെന്നും കവധക്കുവേണ്ടി അദ്ദേഹം ഒരുപാട് കാര്യങ്ങൾ ചെയ്തിട്ടുണ്ടെന്നും നാട്ടുകാരനായ പ്രദീപ് സാഹു പറയുന്നു.
ആളുകൾക്ക് സഹായം ആവശ്യമുണ്ടെങ്കിൽ അദ്ദേഹം എപ്പോഴും ലഭ്യമാക്കും. പക്ഷേ, ഈ തെരഞ്ഞെടുപ്പിൽ വ്യാപകമായി വർഗീയപ്രാചരണം നടക്കുന്നതിനാൽ മത്സരം കടുക്കുമെന്നും പ്രദീപ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.