കൊൽക്കത്ത: പശ്ചിമബംഗാളിലെ പർബ ബർധമൻ ജില്ലയിൽ രണ്ടുദിവസത്തിനിടെ ജീവൻ നഷ്ടമായത് മൂന്നുകർഷകർക്ക്. ജവാദ് ചുഴലിക്കാറ്റിനെ തുടർന്ന് വിളനാശം സംഭവിച്ചതോടെ മൂന്നുകർഷകരും ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് കുടുംബം പറഞ്ഞു. സംഭവത്തിൽ ജില്ല ഭരണകൂടം അന്വേഷണത്തിന് ഉത്തരവിട്ടു.
ശനിയാഴ്ച ദേബിപൂർ, ബന്തിർ ഗ്രാമങ്ങളിലെ രണ്ടു കർഷകരെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മറ്റൊരു കർഷകനെ വെള്ളിയാഴ്ച ബിരുഹ ജില്ലയിലെ വീട്ടിലും തൂങ്ങിമരിച്ചതായി കണ്ടെത്തി. മൂന്ന് മൃതദേഹങ്ങളും ബർധമൻ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയും പോസ്റ്റ്മോർട്ടത്തിന് അയക്കുകയും ചെയ്തു.
സംഭവം അന്വേഷിക്കുമെന്ന് ജില്ല മജിസ്ട്രേറ്റ് പ്രിയങ്ക സിൻഗ്ല അറിയിച്ചു. പ്രാഥമിക അന്വേഷണത്തിൽ കൃഷിനാശത്തെ തുടർന്ന് മൂവരും ആത്മഹത്യ ചെയ്തതാണെന്ന് കണ്ടെത്തിയതായി ബി.ഡി.ഒ പറഞ്ഞു. പൊലീസിന്‍റെയും കൃഷിവകുപ്പിന്‍റെയും നേതൃത്വത്തിൽ കൂടുതൽ അന്വേഷണം നടത്തുമെന്നും കൂട്ടിച്ചേർത്തു.
ജവാദ് ചുഴലിക്കാറ്റിനെ തുടർന്ന് ബംഗാളിലെ നിരവധി കർഷകരുടെ വിളകൾ നശിച്ചിരുന്നു. ഉരുളകിഴങ്ങ്, നെൽ കൃഷികളാണ് നശിച്ചത്. അതേസമയം കൃഷി നാശത്തെ തുടർന്നുണ്ടായ നഷ്ടമല്ല മൂവരുടെയും ആത്മഹത്യക്ക് കാരണമെന്ന് റെയ്ന എം.എൽ.എ ഷാമ്പ ധാര അവകാശപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.