രാജ്കോട്ട്: 10 വർഷക്കാലമായി ഇരുട്ടുമുറിയിൽ കഴിഞ്ഞ മൂന്ന് സഹോദരങ്ങളെ മോചിപ്പിച്ചു. ഗുജറാത്തിലെ രാജ്കോട്ടിലാണ് സംഭവം. ഉയർന്ന വിദ്യാഭ്യാസ യോഗ്യതയും സർവകലാശാല ബിരുദങ്ങളുമുള്ള 30നും 42നും ഇടയിൽ പ്രായമുള്ള സഹോദരങ്ങളാണ് വർഷങ്ങളായി ഇരുട്ടറയിൽ കഴിഞ്ഞത്. ഇവർക്ക് മാനസികാസ്വാസ്ഥ്യമുള്ളതായാണ് പറയപ്പെടുന്നത്.
അമരീഷ് മേഹ്ത (42), മേഘ്ന മേഹ്ത (39), ബവേഷ് മേഹ്ത (30) എന്നിവരെയാണ് രക്ഷപ്പെടുത്തിയത്. മാതാവിന്‍റെ മരണ ശേഷം രണ്ട് ആൺമക്കളും മകളും സ്വന്തം ഇഷ്ടപ്രകാരം വീട്ടിൽ അടച്ചിരിക്കുകയായിരുന്നുവെന്നാണ് പിതാവ് പറയുന്നത്. എന്നാൽ അന്ധവിശ്വാസിയായ ഇയാൾ മക്കളെ ദുർമന്ത്രവാദത്തിൽ നിന്നും രക്ഷിക്കാനായി അടച്ചിടുകയായിരുന്നുവെന്ന് ചിലർ ആരോപിക്കുന്നു.
ഭവനരഹിതരായ ആളുകളെ സഹായിക്കുന്നതിനായി പ്രവർത്തിക്കുന്ന 'സാതി സേവാ ഗ്രൂപ്പ്' ആണ് മൂന്ന് പേരെയും രക്ഷപെടുത്തിയത്. ഞായറാഴ്ച വൈകീട്ട് ഇവരുടെ വീട്ടിലെത്തിയ സന്നദ്ധപ്രവർത്തകർ വാതിൽ തകർത്താണ് അകത്ത് കടന്നത്. സഹോദരങ്ങൾ താമസിച്ച റൂമിലേക്ക് സൂര്യപ്രകാശം പോലും കടക്കുന്നുണ്ടായിരുന്നില്ല. ഭക്ഷണത്തിന്‍റെ അവശിഷ്ടങ്ങളും പഴയ പത്രങ്ങളും അങ്ങിങ്ങായി ചിതറി കിടക്കുന്നുണ്ടായിരുന്നു.
മുറി തുറന്നപ്പോൾ തറയിൽ കിടക്കുകയായിരുന്നു ഇവർ. ഗുരുതരമായ പോഷകാഹാരക്കുറവ് നേരിട്ട ഇവർ താടിയും മുടിയും നീണ്ടുവളർന്ന നിലയിലായിരുന്നു.
മൂത്ത മകനായ അമരീഷ് ബി.എ, എൽ.എൽ.ബി ബിരുദദാരിയും അഭിഭാഷകനുമായിരുന്നു. മകളായ മേഘ്ന മനശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദദാരിയും ഇളയ മകനായ ബവേഷ് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദദാരിയും വളർന്ന് വരുന്ന ക്രിക്കറ്റ് താരവുമായിരുന്നുവെന്ന് ഇവരുടെ പിതാവ് നവീൻ ഭായ് മേഹ്ത്ത പറഞ്ഞു.
മാതാവ് അസുഖ ബാധിതനായതിന് പിന്നാലെ മക്കൾ പുറത്തിറങ്ങാതായതായി മേത്ത പറഞ്ഞു. ആറ് വർഷങ്ങൾ ശേഷം അമ്മ മരിച്ചതിന് പിന്നാലെ മക്കൾ പുറംലോകവുമായുള്ള ബന്ധം അവസാനിപ്പിച്ച് റൂമിൽ അടച്ചിരിപ്പായതായി പിതാവ് പറഞ്ഞു. ദിവസവും ഇദ്ദേഹം ഭക്ഷണം റൂമിന്‍റെ വെളിയിൽ കൊണ്ടുവെക്കുകയായിരുന്നു പതിവ്.
സന്നദ്ധപ്രവർത്തകർ ഇവരുടെ താടിയും മുടിയും വെട്ടി പുതിയ വസ്ത്രങ്ങൾ അണിയിച്ചു. സഹോദരങ്ങളെ നല്ല ഭക്ഷണവും പരിചരണവും ലഭിക്കുന്ന സ്ഥലത്തേക്ക് ഇവരെ മാറ്റുമെന്ന് സാതി സേവാ ഗ്രൂപ്പിലെ ജൽപ പേട്ടൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.