ബംഗളൂരു: ബംഗളൂരു നഗരത്തിൽ ഹെന്നൂർ ബാബുസപാളയയിൽ നിർമാണത്തിലിരുന്ന കെട്ടിടം തകർന്ന് മൂന്നുപേർ മരിച്ചു. രണ്ടുപേരെ രക്ഷപ്പെടുത്തി. 12 പേർ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. ചൊവ്വാഴ്ച വൈകീട്ട് 3.40ഓടെയാണ് അപകടം. കഴിഞ്ഞ ദിവസങ്ങളിൽ ബംഗളൂരുവിൽ കനത്ത മഴ പെയ്തിരുന്നു. നഗരത്തിൽ പലയിടത്തും രൂക്ഷമായ വെള്ളക്കെട്ടും രൂപപ്പെട്ടിരുന്നു.
കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിയവർക്കായി അഗ്നിരക്ഷാസേനയും പൊലീസും ചേർന്ന് രക്ഷാപ്രവർത്തനം ചൊവ്വാഴ്ച രാത്രിയും തുടർന്നു. നിർമാണത്തിലിരുന്ന ഏഴുനില കെട്ടിടം പൂർണമായി നിലംപൊത്തിയ നിലയിലാണ്.
പണി പൂർത്തിയാവാറായ കെട്ടിടത്തിൽ 20ഓളം തൊഴിലാളികൾ ജോലിയിലേർപ്പെട്ടിരിക്കുന്നതിനിടെയാണ് അപകടം. ടൈൽ ജോലികളും പ്ലംബിങ് ജോലികളും നടന്നുവരികയായിരുന്നു. അപകടം സംഭവിക്കുമ്പോൾ ചിലർ ഓടിമാറി. കെട്ടിടത്തിന്റെ അടിത്തറ ദുർബലമായിരുന്നെന്ന് ടൈൽ ജോലിക്ക് കരാറെടുത്ത അഹമ്മദ് എന്നയാൾ ചൂണ്ടിക്കാട്ടി.
കെട്ടിടം തകരുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. തകർന്ന കെട്ടിടത്തിൽ നാലുനില പണിയാനുള്ള അനുമതിയേ ഉണ്ടായിരുന്നുള്ളൂവെന്നും നിയമം ലംഘിച്ച് കൂടുതൽ നില പണിയുകയായിരുന്നുവെന്നുമാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.