ഷോപ്പിയാൻ: ജമ്മു കശ്മീരിലെ ഷോപ്പിയാനിൽ സുരക്ഷാസേന നടത്തിയ ഏറ്റുമുട്ടലിൽ മൂന്നു ഭീകരരെ വധിച്ചു. ലഷ്കർ ഇ ത്വയ്യിബയുമായി ബന്ധമുള്ള ദ റെസിസ്റ്റൻസ് ഫ്രണ്ട് ഭീകരരെയാണ് വധിച്ചത്. ആയുധങ്ങളും സ്ഫോടകവസ്തുക്കളും സേന പിടിച്ചെടുത്തതായി ജമ്മു കശ്മീർ പൊലീസ് അറിയിച്ചു.
ഗാന്ധർബാലിൽ കൊല്ലപ്പെട്ട ഒരു ഭീകരൻ മുഖ്താർ ഷാ ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാൾ ബിഹാർ സ്വദേശിയായ തെരുവു കച്ചവടക്കാരൻ വീരേന്ദ്ര പാസ്വാനെ കൊലപ്പെടുത്തിയ ശേഷം കശ്മീരിലേക്ക് കടന്നതാണെന്ന് കശ്മീർ ഇൻസ്പെക്ടർ ജനറൽ ഒാഫ് പൊലീസ് വിജയ് കുമാർ അറിയിച്ചു.
തിങ്കളാഴ്ച രാത്രിയാണ് ഷോപ്പിയാനിലെ തുൾറാൻ, ഇമാം സാഹബ് പ്രദേശങ്ങളിൽ ഏറ്റുമുട്ടൽ ആരംഭിച്ചത്. ഷോപ്പിയാനിലെ ഖെരിപോറയിൽ ഇപ്പോഴും ഏറ്റുമുട്ടൽ തുടരുകയാണ്. പ്രദേശത്ത് ഭീകരർക്കായി സംയുക്ത സേനയുടെ തിരച്ചിൽ പുരോഗമിക്കുകയാണ്.
തിങ്കളാഴ്ച പൂഞ്ചിലെ സുരാൻകോട്ട് മേഖലയിൽ തീവ്രവാദികളുമായുണ്ടായ ഏറ്റുമുട്ടലിൽ മലയാളി അടക്കം അഞ്ച് സൈനികർക്ക് വീരമൃത്യു വരിച്ചിരുന്നു. ഗുരുതര പരിക്കേറ്റ നാലു ജവാന്മാരും ഒരു സൈനിക ഓഫിസറുമാണ് മരിച്ചത്. കൊല്ലം വെളിയം കുടവട്ടൂർ സ്വദേശി എച്ച്. വൈശാഖ് ആണ് മരിച്ചത്.
ജമ്മു കശ്മീരിലെ അനന്ത്നാഗ്, ബന്ദിപ്പോറ ജില്ലകളിൽ തിങ്കളാഴ്ച നടന്ന ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ വധിച്ചിരുന്നു. അനന്ത്നാഗിലെ വെരിനാഗ് ഏരിയയിലെ ഖാഗുണ്ടിലും ബന്ദിപ്പോറയിലെ ഹാജിൻ ഏരിയയിലെ ഗുന്ദഹാഗിറിലുമാണ് ഏറ്റുമുട്ടൽ നടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.