ന്യൂഡൽഹി: രാജ്യത്ത് കടുവകളുടെ മരണം വർധിച്ചതായി സർക്കാർ രാജ്യസഭയിൽ. വാർധക്യം ഉൾപ്പെടെയുള്ള വിവിധ കാരണങ്ങളാൽ കഴിഞ്ഞവർഷം രാജ്യത്ത് 127 കടുവകളാണ് മരിച്ചത്. 2020ൽ 106 കടുവകളാണ് മരിച്ചത്. 2019-ൽ 96 കടുവകളും. കേന്ദ്ര പരിസ്ഥിതി വനം മന്ത്രി ഭൂപേന്ദർ യാദവ് രാജ്യസഭയിലാണ് ഇക്കാര്യം അറിയിച്ചത്.
പ്രായാധിക്യം, കടുവകൾ തമ്മിലുള്ള വഴക്ക്, വൈദ്യുതാഘാതം, വേട്ടയാടൽ തുടങ്ങി കടുവകളുടെ മരണത്തിന് നിരവധി കാരണങ്ങളുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ വർഷം മധ്യപ്രദേശിലാണ് ഏറ്റവും കൂടുതൽ കടുവകൾ മരിച്ചത് -42. മഹാരാഷ്ട്രയിൽ 27ഉം കർണാടകയിൽ 15ഉം ഉത്തർപ്രദേശിൽ ഒമ്പതും കടുവകൾ മരിച്ചു.
കടുവകളുടെ ശരാശരി ആയുസ്സ് 10-12 വർഷമാണ്. രോഗങ്ങൾ, പരസ്പര വഴക്കുകൾ, വൈദ്യുതാഘാതം, കെണി, മുങ്ങിമരണം തുടങ്ങിയ ഘടകങ്ങളും മരണത്തിന് കാരണമാകുന്നു. വന്യമൃഗങ്ങളും മനുഷ്യരും തമ്മിലുള്ള സംഘർഷങ്ങൾ നിയന്ത്രിക്കാൻ സർക്കാർ ശ്രമങ്ങൾ നടത്തുന്നുണ്ടെന്നും വേട്ടയാടുന്നതിനെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. അതോടൊപ്പം തന്നെ കടുവകളുടെ എണ്ണം ഇരട്ടിയായെന്നും മന്ത്രി കൂട്ടിച്ചേർത്തു.
2014ലെ കണക്കുകൾ പ്രകാരം 2,226 കടുവകളാണ് രാജ്യത്ത് ഉണ്ടായിരുന്നത്. 2018 കടുവകളുടെ എണ്ണം 2,967 ആയി വർധിച്ചു. ലോകത്ത് ഏറ്റവും കുടുതൽ കടുവകളുള്ള രാജ്യമാണ് ഇന്ത്യ. ലോകത്തെ കടുവകളിൽ 75 ശതമാനവും ഇന്ത്യയിലാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.