ന്യൂഡൽഹി: കാർഷിക നിയമങ്ങൾക്കെതിരെ ഡൽഹി അതിർത്തിയിൽ കർഷകർ നടത്തുന്ന പ്രക്ഷോഭം രണ്ട് മാസം പിന്നിടുകയാണ്. വീടും നാടും കൃഷിയിടങ്ങളും വിട്ടാണ് കർഷകർ ദിവസങ്ങളോളം ഡൽഹിയിലെ അതിശൈത്യത്തിൽ പ്രക്ഷോഭം മുന്നോട്ടു കൊണ്ടുപോകുന്നത്. പ്രശ്ന പരിഹാരത്തിനായി ആത്മാർഥമായ മുൻകൈ കേന്ദ്രസർക്കാറിെൻറ ഭാഗത്തു നിന്നുണ്ടാകുന്നുമില്ല.
ഇത്തരമൊരു സാഹചര്യത്തിൽ പ്രതിഷേധ പരിപാടി മുടക്കമില്ലാതെ മുന്നോട്ടു കൊണ്ടുപോകാനുള്ള ഫോർമുലക്ക് രൂപം നൽകിയിരിക്കുകയാണ് ഭാരതീയ കിസാൻ യൂനിയൻ ദേശീയ വക്താവ് രാകേഷ് ടികായത്. ഓരോ ഗ്രാമത്തിൽ നിന്നും ഒരു ട്രാക്ടറും 15ആളുകളും പത്ത് ദിവസത്തേക്കായി ഡൽഹിയിലെ പ്രതിഷേധ സ്ഥലത്ത് എത്തുകയെന്നതാണ് ടികായത് മുന്നോട്ടുവെക്കുന്ന തന്ത്രം.
ഇങ്ങനെ എത്തുന്ന കർഷകർക്കും ട്രാക്ടറിനും പത്ത് ദിവസം കഴിഞ്ഞാൽ നാട്ടിലേക്ക് മടങ്ങി കൃഷിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാം. ഇവർ മടങ്ങുമ്പോൾ മറ്റൊരു 15 കർഷകരും ഒരു ട്രാക്ടറും പത്ത് ദിവസത്തേക്ക് എത്തണം. ഈ ഫോർമുല പ്രകാരം മുന്നോട്ടു നീങ്ങിയാൽ പ്രക്ഷോഭം 70 വർഷം നീണ്ടു നിന്നാൽ പോലും പ്രശ്നമുണ്ടാകില്ലെന്ന് രാകേഷ് ടികായത് പറയുന്നു.
പ്രതിഷേധ പരിപാടിയിൽ ആൾബലം നിലനിർത്തുകയും പ്രക്ഷോഭം സജീവമാക്കി നിലനിർത്തുകയുമാണ് പുതിയ ഫോർമുലയിലൂടെ ടികായത് ലക്ഷ്യമിടുന്നത്. തങ്ങളോട് ചർച്ചക്ക് തയാറാവണമെന്ന് കർഷക സംഘടനയുടെ നേതാക്കൾ നിരന്തരമായി സർക്കാറിനോട് ആവശ്യപ്പെടുന്നുണ്ടെങ്കിലും സർക്കാർ അതിന് തയാറാവുന്നില്ലെന്ന് തികെയ്ത് പറയുന്നു.
യഥാർഥത്തിൽ കർഷക പ്രക്ഷോഭം നീട്ടിക്കൊണ്ടുപോവാനാണ് കേന്ദ്രസർക്കാർ ആഗ്രഹിക്കുന്നത്. ഓരോ ദിവസവും സർക്കാർ അതിനുള്ള തന്ത്രമാണ് നോക്കുന്നത്. കർഷകരോട് ചർച്ചക്ക് തയാറാവാതെ ദിവസങ്ങൾ തള്ളി നീക്കുന്നത് ഈ തന്ത്രത്തിെൻറ ഭാഗമാണ്. സർക്കാർ എത്രകാലം കർഷകരെ പരീക്ഷിക്കുമെന്ന് നമുക്ക് നോക്കാമെന്നും ടികായത് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.