രാജ്യം ഏറെ കൊട്ടിഘോഷിച്ച വിവാഹമായിരുന്നു ടീന ദാബി-അത്തർ അമീർ ഖാൻ ദമ്പതികളുടേത്. 2015ലെ സിവിൽ സർവീസ് പരീക്ഷയിൽ ഒന്നും രണ്ടും സ്ഥാനത്തെത്തിയ ടീനയുടെയും അത്തർ അമീറിന്‍റെയും വിവാഹത്തിന് പ്രമുഖ രാഷ്ട്രീയ നേതാക്കളടക്കം എത്തിയിരുന്നു. എന്നാൽ ഐ.എ.എസ് ദമ്പതികൾ അഭിപ്രായ വ്യത്യാസങ്ങളെത്തുടർന്ന് പിന്നീട് ഔദ്യോഗികമായി വിവാഹമോചിതരായി. ജയ്പൂരിലെ കുടുംബ കോടതിയാണ് ഇരുവർക്കും വിവാഹമോചനം അനുവദിച്ചത്.
സിവിൽ സർവീസ് പരീക്ഷയിൽ ഒന്നാം റാങ്ക് സ്വന്തമാക്കുന്ന ആദ്യ ദലിത് വനിതയായിരുന്നു ടീന ദാബി. ആദ്യ ശ്രമത്തിലായിരുന്നു ടീനയുടെ നേട്ടം. ഡൽഹി ലേഡി ശ്രീറാം കോളജിൽ പൊളിറ്റിക്കൽ സയൻസ് പഠിച്ച ശേഷമാണ് ഭോപാൽ സ്വദേശിയായ ടീന സിവിൽ സർവിസിലെത്തിയത്.
കശ്മീരിലെ അനന്ത്നാഗ് സ്വദേശിയായ അത്തർ അമീർ ഖാൻ ഹിമാചൽ പ്രദേശിലെ മണ്ഡി ഐ.ഐ.ടിയിൽ നിന്ന് എൻജിനിയറിങ്ങിൽ ബിരുദമെടുത്തശേഷമാണ് െഎ.എ.എസിലേക്ക് തിരിഞ്ഞത്.
പരിശീലന സമയത്ത് ഡൽഹിയിലെ ഡിപാർട്മെന്റ് ഓഫ് പേഴ്സനൽ ആൻഡ് ട്രെയിനിങ്ങിൽ വെച്ചായിരുന്നു ഇരുവരും കണ്ടുമുട്ടിയത്. 2018 ഏപ്രിലിൽ ഡൽഹിയിൽ വെച്ചായിരുന്നു വിവാഹം. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, കേന്ദ്ര മന്ത്രിമാർ, ലോക്സഭ സ്പീക്കർ സുമിത്ര മഹാജൻ എന്നിവർ വിവാഹ സൽക്കാരത്തിൽ പങ്കെടുത്തിരുന്നു.
അടുത്തിടെ ടീന ദാബി താൻ പുനർവിവാഹിതയാകുന്ന വാർത്ത സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. ഇൻസ്റ്റഗ്രാമിലെ ചിത്രത്തിലൂടെയാണ് ദാബി തന്റെ വിവാഹ വാർത്ത പങ്കുവെച്ചത്. 2013 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനായ പ്രദീപ് ഗാവണ്ടേയാണ് പ്രതിശ്രുത വരൻ.
ഇപ്പോഴിതാ അത്തർ അമീർ ഖാനും താൻ പുനർവിവാഹിതനാകുന്ന വിവരം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുകയാണ്. ഡോ. മെഹ്‌റിൻ ഖാസിയാണ് വധു. വിവാഹനിശ്ചയം കഴിഞ്ഞതായി ഐഎഎസ് ഓഫീസർ സമൂഹമാധ്യമത്തിൽ അറിയിച്ചു. മെഹ്‌റിനൊപ്പമുള്ള ഫോട്ടോയും ഖാൻ പങ്കുവച്ചിട്ടുണ്ട്. മുനിസിപ്പൽ കമ്മീഷണറായി ശ്രീനഗറിൽ ജോലി ചെയ്യുകയാണ് അമീർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.