ന്യൂഡൽഹി: നോർത്ത് ഈസ്റ്റ് ഡൽഹിയിലെ കോൺഗ്രസ് സ്ഥാനാർഥി കനയ്യ കുമാറിനുനേരെ കഴിഞ്ഞിദിവസം ആക്രമണം നടത്തിയതിനു പിന്നിൽ ബി.ജെ.പിയുടെ സിറ്റിങ് എം.പി മനോജ് തിവാരിയെന്ന് ആരോപണം. കഴിഞ്ഞദിവസം, ഉസ്മാൻപൂരിലെ ആപ് കാര്യാലയത്തിനു മുന്നിൽവെച്ചാണ് കനയ്യക്കുനേരെ ആക്രമണമുണ്ടായത്. ഒരു സംഘം ആളുകൾ വന്ന് മഷിയേറ് നടത്തുകയായിരുന്നു. മുന്നണിയോഗം കഴിഞ്ഞ് കനയ്യ പുറത്തുവരുമ്പോഴായിരുന്നു സംഭവം.
തോൽവി ഭയന്ന് മനോജ് തിവാരി ഗുണ്ടകളെ അയക്കുകയായിരുന്നുവെന്നാണ് കനയ്യയുടെ ആരോപണം. ‘പത്ത് വർഷമായി മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന തിവാരിക്ക് ഭരണനേട്ടമായി പത്ത് പദ്ധതികൾപോലും ഇവിടെ എടുത്തുകാണിക്കാനില്ല. ഞാൻ ഇവിടെ സ്ഥാനാർഥിയായതുമുതൽ എനിക്കെതിരായ വ്യാജ പ്രചാരണങ്ങൾ നടത്തുകയാണ് അദ്ദേഹം. വ്യാജ വിഡിയോ പോലും ഇറക്കി. എന്തുകൊണ്ട് അദ്ദേഹത്തിന് വികസന നേട്ടങ്ങൾ പറയാൻ കഴിയുന്നില്ല’ -കനയ്യ വാർത്താസമ്മേളനത്തിൽ ചോദിച്ചു.
ഇത്തരം ആക്രമണങ്ങൾകൊണ്ടെന്നും പേടിച്ച് പിൻമാറില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതിനിടെ, ധക്ഷ് ചൗധരിയെന്നയാളാണ് കനയ്യയെ ആക്രമിച്ചതെന്ന് ‘ആൾട്ട് ന്യൂസ്’ സ്ഥാപകനും ഫാക്ട് ചെക്കറുമായ മുഹമ്മദ് സുബൈർ കണ്ടെത്തി. കഴിഞ്ഞ ഫെബ്രുവരിയിൽ ഗാസിയാബാദിലെ പള്ളിയിൽ അതിക്രമിച്ചു കയറി സംഘർഷാവസ്ഥ സൃഷ്ടിച്ചതിന് ഇയാൾ അറസ്റ്റിലായിരുന്നുവെന്നും അദ്ദേഹം സമൂഹ മാധ്യമമായ ‘എക്സി’ലൂടെ വെളിപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.