പനാജി: ഗോവയിൽ ചുവടുറപ്പിക്കാൻ സ്ത്രീ ശാക്തീകരണ പരിപാടികൾക്ക് തുടക്കമിട്ട് തൃണമൂൽ കോൺഗ്രസ്. സംസ്ഥാനത്തെ 3.5 ലക്ഷം കുടുംബങ്ങളിലെ സ്ത്രീകൾക്ക് 5000 രൂപ നേരിട്ട് കൈമാറാൻ സഹായിക്കുന്ന ഗൃഹലക്ഷ്മി പദ്ധതി അവതരിപ്പിച്ചു.
മാസം തോറും സ്ത്രീകൾക്ക് 5000 രൂപ നേരിട്ട് ലഭിക്കുന്ന പദ്ധതിയാണിത്. ഇതിലൂടെ വർഷം തോറും 60,000 രൂപ ലഭിക്കും. പദ്ധതിയിലൂടെ സർക്കാറിന് ഏകദേശം 1500 മുതൽ 200 കോടി വരെ ചിലവാകുമെന്നും തൃണമൂൽ അറിയിച്ചു.
2021ലെ ബംഗാൾ നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബംഗാളിലും സമാനപദ്ധതി തൃണമൂൽ കോൺഗ്രസ് അവതരിപ്പിച്ചിരുന്നു. ലഖിർ ബന്ദർ പദ്ധതിയിൽ എസ്.സി/എസ്.ടി കുടുംബങ്ങൾക്ക് മാസം തോറും 1000 രൂപ വീതവും മറ്റു വിഭാഗങ്ങളിലെ സ്ത്രീകൾക്ക് 500 രൂപ വീതവും ലഭിക്കും.
ഗോവയിൽ സ്ത്രീ വോട്ട് ബാങ്ക് ലക്ഷ്യം വെച്ചാണ് തൃണമൂലിന്‍റെയും കോൺഗ്രസിന്‍റെയും നീക്കം. മമത ബാനർജി ഗോവയിലെത്തി പ്രചാരണ ഒരുക്കങ്ങൾ വിലയിരുത്തിയിരുന്നു. കഴിഞ്ഞദിവസം കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി ഗോവയിൽ ക്യാമ്പ് ചെയ്തിരുന്നു.
ഗോവയിൽ കോൺഗ്രസ് അധികാരത്തിലെത്തിയാൽ ജോലികളിൽ സ്ത്രീകൾക്ക് 30 ശതമാനം സംവരണം അനുവദിക്കുമെന്നാണ് പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനം. കൂടാതെ വികസനത്തിനൊപ്പം പ്രകൃതി സംരക്ഷണത്തിന്‍റെ മുദ്രാവാക്യങ്ങളും ഈ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ഉയർത്തുന്നുണ്ട്. കുടിവെള്ളക്ഷാമം, തൊഴിലില്ലായ്മ തുടങ്ങിയവയെക്കുറിച്ചും പ്രിയങ്ക ഗാന്ധി സംസാരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.