കൊൽക്കത്ത: ബി.ജെ.പി സ്ഥാനാർഥിയെ പുകഴ്ത്തിയ ജനറൽ സെക്രട്ടറിയെ മാറ്റി തൃണമൂൽ കോൺഗ്രസ്. കുനാൽ ഘോഷിനെയാണ് പശ്ചിമബംഗാൾ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റിയത്. കുനാലിന്റെ പ്രസ്താവനകൾക്ക് തൃണമൂലമായി ബന്ധമില്ലെന്നും പാർട്ടി അറിയിച്ചു.
കുനാൽ ഘോഷിന്റെ അഭിപ്രായങ്ങൾ പാർട്ടി നിലപാടല്ല. കുനാലിന്റെ പ്രസ്താവനകൾ തൃണമൂലിന്റെ നിലപാടായി വ്യാഖ്യാനിക്കരുതെന്ന് പാർട്ടി രാജ്യസഭ എം.പി ഡെറിക് ഒബ്രിയാൻ പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു. തൃണമൂൽ കോൺഗ്രസിന്റെ ആസ്ഥാനത്ത് നിന്ന് പുറത്ത് വരുന്ന പ്രസ്താവനകൾ മാത്രമാണ് പാർട്ടി നിലപാടെന്നും അദ്ദേഹം വിശദീകരിച്ചു.നേരത്തെ കുനാൽ ഘോഷിനെ പാർട്ടി വക്താവ് സ്ഥാനത്ത് നിന്നും മാറ്റിയിരുന്നു. ഇതിന് പിന്നാലെ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്നും മാറ്റുകയാണെന്നാണ് തൃണമൂൽ അറിയിച്ചിരിക്കുന്നത്.
ബി.ജെ.പി കൊൽക്കത്ത നോർത്ത് സ്ഥാനാർഥി തപസ് റേയുമായി വേദി പങ്കിട്ടതോടെയാണ് കുനാൽ ഘോഷിന്റെ സ്ഥാനം തെറിച്ചത്. തപസ് റേ മാസ് ലീഡറാണെന്നും കുനാൽ ഘോഷ് പറഞ്ഞിരുന്നു. പാർട്ടി പ്രവർത്തകർക്കും ജനങ്ങൾക്കുമായി അദ്ദേഹം വാതിലുകൾ തുറന്നിട്ടിരിക്കുകയാണ്. എനിക്ക് ദശാബ്ദങ്ങളായി അദ്ദേഹത്തെ അറിയാം. പക്ഷേ ഇപ്പോൾ ഞങ്ങൾ രണ്ട് പേരും വ്യത്യസ്തപാതയിലാണെന്നും കുനാൽ ഘോഷ് പറഞ്ഞതായി ബിസിനസ് ടുഡേ റിപ്പോർട്ട് ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.