ന്യൂഡൽഹി: ചോദ്യം ചെയ്യലിനായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇ.ഡി) മുന്നിൽ ഹാജരാകില്ലെന്ന് തൃണമൂൽ കോൺഗ്രസ് (ടി.എം.സി) നേതാവ് മഹുവ മൊയ്ത്ര. വ്യാഴാഴ്ച ന്യൂഡൽഹിയിലെ ഓഫിസിൽ ഹാജരാകണമെന്ന് കാണിച്ച് മഹുവക്ക് ഇ.ഡി സമൻസ് അയച്ചിരുന്നു. ഹാജരാകില്ലെന്നും തന്‍റെ മണ്ഡലമായ കൃഷ്ണനഗറിൽ പ്രചാരണത്തിന് ഇറങ്ങുമെന്നും മഹുവ മാധ്യമങ്ങളെ അറിയിച്ചു.
ഫോറിൻ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്‍റ് ആക്ട് (ഫെമ) ലംഘന കേസിലാണ് ചോദ്യം ചെയ്യുന്നതിനായി മൊയ്‌ത്രക്കും ദുബായ് ആസ്ഥാനമായുള്ള വ്യവസായി ദർശൻ ഹിരാനന്ദാനിക്കും ഇ.ഡി കഴിഞ്ഞ ദിവസം പുതിയ സമൻസ് അയച്ചത്. നേരത്തെ രണ്ടുതവണ ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇ.ഡി ആവശ്യപ്പെട്ടെങ്കിലും മഹുവ ഹാജരായിരുന്നില്ല.
പാർലമെന്റിൽ ചോദ്യം ചോദിക്കാൻ വ്യവസായിയിൽ നിന്ന് കോഴ വാങ്ങിയെന്ന ആരോപണത്തിൽ മഹുവയെ എം.പി സ്ഥാനത്ത് നിന്ന് പുറത്താക്കിയിരുന്നു. അദാനിക്കെതിരെ ലോക്സഭയിൽ ചോദ്യങ്ങൾ ചോദിക്കാൻ വ്യവസായ ദർശൻ ഹിരനന്ദാനിക്ക് മഹ്‍വ മൊയ്ത്ര തന്‍റെ പാർലമെന്ററി ലോഗിൻ ഐ.ഡിയും പാസ്വേഡും കൈമാറിയെന്നാണ് ആരോപണം. ഇതെ കുറിച്ച് അന്വേഷിച്ച പാർലമെന്റ് എത്തിക്സ് കമ്മിറ്റി മഹുവക്ക് എതിരായി റിപ്പോർട്ട് നൽകിയതിന് പിന്നാലെയാണ് അവരെ എം.പി സ്ഥാനത്ത് നിന്ന് പുറത്താക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.