തേജസ്വി യാദവുമൊത്തുള്ള റാലിയും മണ്ഡലത്തിലെ പരസ്യ പ്രചാരണവും കഴിഞ്ഞ് രാത്രി 10 മണിയോടെ ഖഗഡിയയിലെ പാർട്ടി ഓഫിസിൽ എത്താമെന്ന് പറഞ്ഞതാണ് സി.പി.എം സ്ഥാനാർഥി സഞ്ജയ് കുമാർ കുശ്വാഹ.
വൈകുന്നേരം തുടങ്ങിയ കാത്തിരിപ്പ് അർധരാത്രി 12 മണിയും കഴിഞ്ഞപ്പോൾ അര മണിക്കൂറിനകം എത്തുമെന്നും കാണാതെ പോകരുതെന്നും പറഞ്ഞ് ആശ്വാസവിളി വന്നു. പാതിരാവും കടന്നുപോയ കാത്തിരിപ്പിന് പാർട്ടി ഓഫിസിൽ കൂട്ടിനിരുന്ന മകൻ പ്രഗതി കുമാർ അതിനിടയിൽ മണ്ഡലത്തിലെ മത്സരത്തിന്റെ ഏകദേശ ചിത്രം തന്നു.
ബിഹാറിൽ അച്ഛൻ ഇക്കുറി ചെങ്കൊടി പാറിച്ച് ലോക്സഭയിൽ സത്യപ്രതിജ്ഞ ചെയ്യുമെന്ന് പ്രഗതി തറപ്പിച്ചുപറഞ്ഞു. ലളിതമാണ് കണക്കുകൂട്ടൽ. 18 ലക്ഷം വരുന്ന ആകെ വോട്ടർമാരിൽ മൂന്ന് ലക്ഷമുള്ള മുസ്ലിംകളാണ് ഒന്നാം സ്ഥാനത്ത്. രണ്ടര ലക്ഷമുള്ള യാദവർ രണ്ടാം സ്ഥാനത്തും ഓരോ ലക്ഷം വീതമുള്ള കുശ്വാഹ, മല്ലാ സമുദായങ്ങളാണ് എണ്ണത്തിൽ അടുത്ത സ്ഥാനത്തുള്ളത്.
സഖ്യകക്ഷിയായ ആർ.ജെ. ഡിയുടെ മുസ്ലിം-യാദവ വോട്ടു സമാഹരണത്തോടൊപ്പം വികാസ്ശീൽ ഇൻസാൻ പാർട്ടി മല്ലാ സമുദായത്തെ കൂടി ചേർത്തു നിർത്താനാകും. ഇതിനുപുറമെ സി.പി.എം സ്ഥാനാർഥി സ്വന്തം സമുദായമായ കുശ്വാഹയിൽ നിന്ന് പകുതിയെങ്കിലും വോട്ടുപിടിച്ചാൽ അനായാസം ജയിക്കാനാകും. മാത്രമല്ല, സീറ്റ് നിഷേധിക്കപ്പെട്ട എൻ.ഡി.എ സിറ്റിങ് എം.പി ചൗധരി മഹ്ബൂബ് അലി കൈസർ സി.പി.എം സ്ഥാനാർഥിക്ക് പിന്തുണ പ്രഖ്യാപിച്ച് പരസ്യമായി പ്രചാരണത്തിനിറങ്ങിയിട്ടുമുണ്ട്.
2019ൽ ബിഹാറിൽ എൻ.ഡി.എ 40ൽ 39 സീറ്റും തൂത്തുവാരിയപ്പോൾ ആ മുന്നണിയിൽ ജയിച്ച ഏക മുസ്ലിം എം.പിയായിരുന്നു ചൗധരി. രണ്ടുതവണ ഖഗഡിയയെ പാർലമെന്റിൽ പ്രതിനിധാനംചെയ്ത ചൗധരിയെ ചിരാഗ് എൽ.ജെ.പിയിൽനിന്നും പുറത്താക്കുക കൂടി ചെയ്തു. അതോടെ എൻ.ഡി.എ സ്ഥാനാർഥിയായ ചിരാഗ് പസ്വാൻ വിഭാഗത്തിൽപ്പെട്ട രാജേഷ് വർമയെ ഏതെങ്കിലും വിധത്തിൽ തോൽപിക്കണമെന്ന വാശിയിലാണ് ചൗധരി.
ജാതി സമുദായങ്ങളുടെ സമീകരണം സി.പി.എമ്മിന് അനുകൂലമായിത്തീർന്നതാണെന്ന് പറയുന്നതാണ് ശരിയെന്ന് സഞ്ജയ് കുമാറിന്റെ പിതാവും ഖഗഡിയയിലെ മുൻ സി.പി.എം എം.എൽഎയുമായ യോഗേന്ദ്ര സിങ് പറഞ്ഞു. സഞ്ജയ് കുമാറിന്റെ സഹോദരൻ നിലവിൽ സി.പി.എം എം.എൽ.എയാണ്. മൂന്ന് പതിറ്റാണ്ടിന് ശേഷമാണ് ഖഗഡിയയിൽ സി.പി.എം ലോക്സഭയിലേക്ക് മത്സരിക്കുന്നത്.
എന്നാൽ, സി.പി.എമ്മിന്റെ അവകാശവാദങ്ങൾ തള്ളുകയാണ് രാജേഷ് വർമ. കുശ്വാഹ, യാദവ ജാതിക്കാരല്ലാത്ത ഹിന്ദുക്കളുടെ വിപരീത ധ്രുവീകരണം സംഭവിക്കുമെന്ന് വർമ ഓർമിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.