രക്ഷപ്പെടാന്‍ ശ്രമിക്കുന്ന ക്രിമിനലുകളെ വെടിവെച്ചു കൊല്ലുന്ന രീതി മാതൃകയാക്കണം -അസം മുഖ്യമന്ത്രി

ഗുവാഹതി: കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്ന ക്രിമിനലുകളെ വെടിവെച്ചു കൊല്ലുന്ന രീതി മാതൃകയാക്കണമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ. അസമില്‍ ഈയിടെയുണ്ടായ നിരവധി പൊലീസ് വെടിവെപ്പുകളെ ന്യായീകരിച്ചുകൊണ്ടാണ് മുഖ്യമന്ത്രിയുടെ പ്രസ്താവന. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പൊലീസ് സേനയിലെ ഓഫിസര്‍മാര്‍ പങ്കെടുത്ത പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അസമിലെ പൊലീസ് രീതികള്‍ മാറ്റുന്നതിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ ഓഫിസ് തിങ്കളാഴ്ച പ്രത്യേക നിര്‍ദേശങ്ങള്‍ നല്‍കി. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ വെച്ചുപൊറുപ്പിക്കരുതെന്നാണ് കര്‍ശന നിര്‍ദേശം. ബലാത്സംഗ, ലൈംഗികാതിക്രമ കേസുകളില്‍ എത്രയും വേഗം കുറ്റപത്രം നല്‍കണം. കൊലപാതകം, ആയുധ-മയക്കുമരുന്ന് കടത്ത് കേസുകളിലും ഇതേ രീതി പിന്തുടരണം.

അതേസമയം, ക്രിമിനലുകളെ വെടിവെക്കാമെന്ന പ്രസ്താവന വിവാദമായിരിക്കുകയാണ്. 'ഒരു ക്രിമിനല്‍, പൊലീസുകാരന്റെ സര്‍വിസ് തോക്ക് തട്ടിപ്പറിച്ച് ഓടുകയാണെങ്കില്‍ കാലില്‍ വെടിവെക്കാന്‍ നിയമം അനുവദിക്കുന്നുണ്ട്. വെടിവെപ്പ് സംഭവങ്ങള്‍ സംസ്ഥാനത്ത് പതിവാകുകയാണോ എന്ന് എന്നോട് ആരെങ്കിലും ചോദിച്ചാല്‍, കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെടുന്നവര്‍ക്ക് നേരെ അത്തരം വെടിവെപ്പുകള്‍ ഒരു മാതൃകാ രീതിയായി സ്വീകരിക്കണമെന്ന മറുപടിയാണ് ഞാന്‍ നല്‍കുക' -മുഖ്യമന്ത്രി പറഞ്ഞു.

എന്നാല്‍, മറ്റു വഴിയില്ലാതാകുമ്പോള്‍ വെടിവെക്കാമെന്നാണ് താന്‍ പറഞ്ഞതെന്ന് മുഖ്യമന്ത്രി പിന്നീട് തിരുത്തി.

മേയ് മാസത്തിന് ശേഷം പൊലീസ് വെടിവെപ്പില്‍ അസമില്‍ തീവ്രവാദികളെന്ന് സംശയിക്കുന്ന 12 പേര്‍ കൊല്ലപ്പെട്ടതായാണ് കണക്ക്. ഇവര്‍ കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോള്‍ വെടിവെക്കുകയായിരുന്നെന്നാണ് പൊലീസ് പറയുന്നത്.

Tags:    
News Summary - To Shoot Down Escaping Criminals Must Be Pattern": Assam Chief Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.