ന്യൂഡല്‍ഹി: കോവിഡ് മഹാമാരിയുടെ മൂന്നാംതരംഗം ഏതാനും മാസങ്ങള്‍ക്കകം തന്നെ ഉണ്ടാകുമെന്നാണ് ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നത്. രണ്ടാംതരംഗത്തിലേതു പോലെ ഒരു ദുരന്തം മൂന്നാംതരംഗത്തില്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള പ്രയത്‌നത്തിലാണ് അധികൃതരും ആരോഗ്യപ്രവര്‍ത്തകരുമെല്ലാം. വാക്‌സിന്‍ ഉല്‍പ്പാദനവും ത്വരിതഗതിയിലായിക്കഴിഞ്ഞു. സുപ്രീംകോടതി ചെവിക്കു പിടിച്ചതിന്റെ ഫലമായി കേന്ദ്ര സര്‍ക്കാര്‍ വാക്‌സിന്‍ സൗജന്യമാക്കിയത് എല്ലാ ജനങ്ങള്‍ക്കും കുത്തിവെപ്പ് ലഭ്യമാകാനിടയാക്കും. എന്നാല്‍, മൂന്നാംതരംഗത്തെ നേരിടാന്‍ ഇന്ത്യയിലെ വാക്‌സിനേഷന് ഇപ്പോഴത്തെ വേഗം മതിയോ എന്നതാണ് ആശങ്കയായി ബാക്കിയാവുന്നത്.
130 കോടിയിലേറെ ജനങ്ങളാണ് ഇന്ത്യയിലുള്ളത്. കോവിഡിന്റെ മൂന്നാംതരംഗത്തെ ഫലപ്രദമായി പ്രതിരോധിക്കാന്‍ ഇവരില്‍ 60 ശതമാനം പേര്‍ക്കെങ്കിലും രണ്ട് ഡോസ് വാക്‌സിന്‍ ഡിസംബറിന് മുമ്പ് ലഭ്യമാകണം. ഈ ലക്ഷ്യം യാഥാര്‍ഥ്യമാകണമെങ്കില്‍ ദിവസവും 86 ലക്ഷം പേര്‍ക്ക് വാക്‌സിന്‍ കുത്തിവെക്കേണ്ടി വരും.
കഴിഞ്ഞ ആഴ്ചകളില്‍ രാജ്യത്തെ പ്രതിദിന വാക്‌സിനേഷന്‍ നിരക്ക് 40 ലക്ഷത്തിലായിരുന്നു. ആവശ്യമായതിലും 46 ലക്ഷം കുറവ്. ഇക്കഴിഞ്ഞ ഞായറാഴ്ച കുത്തിവെപ്പ് 15 ലക്ഷമായി താഴ്ന്നു. അതായത്, 71 ലക്ഷത്തിന്റെ കുറവ്. ഈ കുറവ് വരുംദിവസങ്ങളില്‍ നികത്താനായില്ലെങ്കില്‍, ഡിസംബറിന് മുമ്പ് 60 ശതമാനം പേര്‍ക്ക് വാക്‌സിന്‍ നല്‍കുകയെന്ന ലക്ഷ്യം പൂര്‍ത്തീകരിക്കാനാകില്ല.
ജൂണ്‍ 21ന് ഇന്ത്യ വാക്‌സിനേഷനില്‍ ലോക റെക്കോര്‍ഡിട്ടിരുന്നു. 88 ലക്ഷത്തോളം പേരെയാണ് ഒറ്റദിവസം വാക്‌സിനേഷന് വിധേയമാക്കിയത്. എന്നാല്‍, ഈ മികവ് നിലനിര്‍ത്താന്‍ പിന്നീടുള്ള ദിവസങ്ങളില്‍ സാധിച്ചിരുന്നില്ല. തൊട്ടുപിറ്റേദിവസം 53.86 ലക്ഷം പേര്‍ക്ക് മാത്രമാണ് കുത്തിവെപ്പെടുത്തത്. ഇത് പ്രതിപക്ഷത്തിന്റെ രൂക്ഷ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു.
അതേസമയം, കോവിഡ് രണ്ടാംതരംഗത്തിന്റെ രൂക്ഷത ഇന്ത്യയില്‍ കുറഞ്ഞുവരുന്നതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 34,703 പേര്‍ക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. 553 പേരാണ് മരിച്ചത്. 4.64 ലക്ഷം പേരാണ് ഇനി ചികിത്സയില്‍ തുടരുന്നത്.
എന്നാല്‍, മൂന്നാംതരംഗത്തെ കുറിച്ച് മുന്നറിയിപ്പ് നല്‍കി എസ്.ബി.ഐ റിപ്പോര്‍ട്ട് പുറത്തുവിട്ടിട്ടുണ്ട്. മൂന്നാംതരംഗം ആഗസ്റ്റിലെത്തുമെന്നും സെപ്റ്റംബറില്‍ ഏറ്റവും രൂക്ഷമാകുമെന്നുമാണ് എസ്.ബി.ഐ റിപ്പോര്‍ട്ടില്‍ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.