ബംഗളൂരു: കർണാടകയിൽ തൂക്കുപാലത്തിലൂടെ കാറോടിച്ച് യുവാക്കൾ. നദിക്ക് കുറുകെയുള്ള തൂക്കുപാലത്തിലൂടെയായിരുന്നു യുവാക്കളുടെ സാഹസിക പ്രകടനം. ഒടുവിൽ നാട്ടുകാർ ഇടപ്പെട്ട് ഇവരെ പിന്തിരിപ്പിക്കുകയും കാർ പാലത്തിൽ നിന്നും പിന്നോട്ടെടുപ്പിക്കുകയുമായിരുന്നു.
സംഭവത്തിന്റെ വിഡിയോ പുറത്ത് വന്നിട്ടുണ്ട്. മാരുതി സുസുക്കി 800 കാറാണ് യുവാക്കൾ തൂക്കുപാലത്തിലൂടെ ഓടിച്ചത്. ഇതിനിടെ നാട്ടുകാർ പ്രതിഷേധവുമായി എത്തുകയായിരുന്നു. പിന്നീട് നാട്ടുകാരും യുവാക്കളും തമ്മിൽ തർക്കവും നടന്നു. രണ്ട്പേർ പതിയെ കാർ തൂക്കുപാലത്തിലേക്ക് കൊണ്ടു വരുന്നതാണ് വിഡിയോയിലുള്ളത്. കാറിന് പിറകിൽ ചിലർ നിൽക്കുന്നതും വിഡിയോയിൽ കാണാം.
കർണാടകയിലെ പ്രധാനപ്പെട്ട ടൂറിസ്റ്റ് കേന്ദ്രമായ യെല്ലാപുരയിലെ ശിവപുര പാലത്തിലേക്ക് കാർ ഓടിച്ച് കയറ്റാനായിരുന്നു യുവാക്കളുടെ ശ്രമം. മഹാരാഷ്ട്രയിൽ നിന്നുള്ള ടൂറിസ്റ്റുകളാണ് കാറുമായി എത്തിയത്. സംഭവം പരിശോധിച്ച് വരികയാണെന്നും കേസെടുക്കുന്നത് ഉൾപ്പടെയുള്ള നടപടികളിലേക്ക് വൈകാതെ കടക്കുമെന്നും പൊലീസ് അറിയിച്ചു.
നേരത്തെ ഗുജറാത്തിലെ മോർബിയിൽ തൂക്കുപാലം തകർന്നു വീണ് നിരവധിപേർ മരിച്ചിരുന്നു. ഒക്ടോബർ 26ന് നവീകരണത്തിന് ശേഷം തുറന്നുകൊടുത്ത പാലമാണ് തകർന്നു വീണത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.