ബംഗളൂരു: ബംഗളൂരു ട്രാഫിക് പൊലീസ് മൂന്നു ദിവസമായി നടത്തിയ സ്പെഷൽ ഡ്രൈവിൽ ഗതാഗത നിയമലംഘനത്തിന് വാഹന ഉടമകളിൽനിന്ന് 16,91,300 രൂപ പിഴയീടാക്കി.
തിങ്കളാഴ്ചമുതൽ ബുധനാഴ്ചവരെ നഗരത്തിലെ വിവിധ ഭാഗങ്ങളിലായിരുന്നു പ്രത്യേക പരിശോധന നടത്തിയത്. തിങ്കളാഴ്ച സ്കൂൾ, കോളജ് പരിസരങ്ങളിൽ നിയമലംഘനം നടത്തുന്നവരെയും ചൊവ്വാഴ്ച നഗരത്തിൽ ജലവിതരണം നടത്തുന്ന ട്രാക്ടർ, ലോറി എന്നിവയെയും ബുധനാഴ്ച നിയമലംഘകരായ ഓട്ടോ ഡ്രൈവർമാരെയും ലക്ഷ്യമിട്ടായിരുന്നു പരിശോധന.
ആകെ 2,000 കേസ് രജിസ്റ്റർ ചെയ്തു. സ്കൂൾ, കോളജ് പരിസരത്തെ നിയമലംഘനത്തിന് 9,85,000 രൂപയാണ് പിഴയീടാക്കിയത്. ഹെൽമറ്റ് ധരിക്കാത്തതിന് 132 കേസും മൂന്നുപേരുമായി ഇരുചക്രവാഹനത്തിൽ യാത്ര ചെയ്തതിന് 375 കേസും നിരോധിത മേഖലയിൽ പ്രവേശിച്ചതിന് 27 കേസും നടപ്പാതയിലൂടെ വാഹനമോടിച്ചതിന് 1466 കേസും രജിസ്റ്റർ ചെയ്തു.
വാട്ടർ ടാങ്കർ വാഹനങ്ങളുടെ നിയമലംഘനവുമായി ബന്ധപ്പെട്ട് 595 കേസ് രജിസ്റ്റർ ചെയ്തു. 3,33,500 രൂപ പിഴയീടാക്കി. യൂനിഫോം ധരിക്കാതെ വാഹനമോടിച്ചതിന് 252 കേസും സീറ്റ് ബെൽറ്റ് ധരിക്കാത്തതിന് 40 കേസും നോ എൻട്രി മേഖലയിൽ പ്രവേശിച്ചതിന് 134 കേസും നിയമപ്രകാരമല്ലാത്ത നമ്പർ പ്ലേറ്റ് ഉപയോഗിച്ചതിന് 48 കേസും ലൈൻ നിർദേശം പാലിക്കാത്തതിന് ആറ് കേസും പാർക്കിങ് നിരോധന മേഖലയിൽ വാഹനം നിർത്തിയതിന് 64 കേസും രജിസ്റ്റർ ചെയ്തു.
നടപ്പാതയിൽ വാഹനം നിർത്തിയിട്ടതിന് നാല് കേസും ഉച്ചത്തിൽ ഹോൺ മുഴക്കിയതിന് 13 കേസും മദ്യപിച്ച് വാഹനമോടിച്ചതിന് ഒരു കേസും രജിസ്റ്റർ ചെയ്തു.
ഓട്ടോ ഡ്രൈവർമാരുമായി ബന്ധപ്പെട്ട പരിശോധനയിൽ 1226 കേസ് രജിസ്റ്റർ ചെയ്തു. 6,35,200 രൂപ പിഴയീടാക്കി. വൺവേ ഗതാഗതനിയമം തെറ്റിച്ചതിനും നോ എൻട്രി മേഖലയിൽ പ്രവേശിച്ചതിനും 357 കേസും മറ്റു ലംഘനങ്ങളുമായി ബന്ധപ്പെട്ട 234 കേസും രജിസ്റ്റർ ചെയ്തു.
ഫെയർ മീറ്റർ പ്രവർത്തിപ്പിക്കാൻ തയാറാകാതിരുന്നതിനും അമിത ചാർജ് യാത്രക്കാരിൽനിന്ന് ഈടാക്കിയതിനും ഓട്ടോ ഡ്രൈവർമാർക്കെതിരെ കേസെടുത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.