പ്രതീകാത്മക ചിത്രം

കാർ തൂണിലിടിച്ച് ഭാര്യ മരിച്ചു; കേസ് എടുക്കാനാവശ്യപ്പെട്ട് ഭർത്താവ് പൊലീസ് സ്റ്റേഷനിൽ

അഹമ്മദാബാദ്: ക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങവേ ദമ്പതികൾ സഞ്ചരിച്ച കാർ തൂണിലിടിച്ച് ഭാര്യ മരിച്ചു. അപകടത്തിന് കാരണം തന്റെ അശ്രദ്ധമായ ഡ്രൈവിങ് ആണെന്നും തനിക്കെതിരെ കേസ് എടുക്കണമെന്നും ആവശ്യപ്പെട്ട് കാർ ഓടിച്ച ഭർത്താവ് അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ ഹാജരായി. ഭർത്താവിന്റെ പരാതിയിൽ അയാൾ​െക്കതിരെ തന്നെ പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു.

ഗുജറാത്തിലെ നർമദ സ്വദേശിയും അധ്യാപകനുമായ പരേഷ് ദോഷി (55) ആണ് പരാതിക്കാരനും പ്രതിയും. ഇദ്ദേഹവും ഭാര്യ അമിതയും ബനസ്‌കന്ത ജില്ലയിലെ അംബാജി ക്ഷേത്രത്തിൽ പ്രാർത്ഥന നടത്തി മടങ്ങവേ ഞായറാഴ്ച ഉച്ചകഴിഞ്ഞാണ് അപകടം. ഖേരോജ്-ഖേദ്ബ്രഹ്മ ഹൈവേയിൽ ദാൻ മഹുദി ഗ്രാമത്തിന് സമീപം സബർകന്തയിൽ എത്തിയപ്പോൾ തെരുവ് നായ കാറിന് കുറുകെ ചാടി. ഇതിനെ രക്ഷിക്കാനായി കാർ വെട്ടിച്ചപ്പോൾ തൊട്ടടുത്ത തൂണിലും ബാരിക്കേഡിലും ഇടിക്കുകയായിരുന്നുവെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

തന്റെ അശ്രദ്ധമൂലമാണ് അപകടമുണ്ടായതെന്നും ഇതിന് ഉത്തരവാദി താനാണെന്നും പരേഷ് പൊലീസിനോട് പറഞ്ഞു. അശ്രദ്ധമൂലമുള്ള ഡ്രൈവിങ്ങിനും മരണത്തിനും തനിക്കെതിരെ കേസെടുക്കണമെന്നും ഇയാൾ പൊലീസിനോട് ആവശ്യപ്പെട്ടു.

അപകടത്തിൽ റോഡരികിലെ ബാരിക്കേഡുകൾ കാറിന്റെ ചില്ലിലൂടെ മുൻ സീറ്റിൽ ഇരുന്ന അമിതയുടെ ദേഹത്ത് തുളച്ചുകയറുകയായിരുന്നു. ദൃക്സാക്ഷികൾ ഓടിക്കൂടിയെങ്കിലും ഇടിയുടെ ആഘാതത്തിൽ കാറിന്റെ വാതിൽ ലോക്ക് ആയിപ്പോയതിനാൽ അമിതയെ പുറത്തെടുക്കാനായില്ല. തടിച്ചുകൂടിയ ആളുകൾ കാറിന്റെ ചില്ലുകൾ തകർത്താണ് ഇവരെ അടുത്തുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോയത്. എന്നാൽ, ആശുപത്രിയിൽ എത്തിയപ്പോ​േഴക്കും മരണം സംഭവിച്ചിരുന്നതായി അധികൃതർ അറിയിച്ചു.

Tags:    
News Summary - Tragic Accident In Gujarat: Teacher Files FIR Against Himself After Wife Dies In Car Crash While Saving Stray Dog

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.